ബംഗളൂരുവിലേക്ക് നൂറ് ബസും പുതിയ ട്രെയിനും

കേരളത്തിന്റെ ഏത് ഭാഗത്ത് നിന്നും എല്ലാ സീസണിലും കൂടുതൽ യാത്രക്കാരുള്ള ദക്ഷിണേന്ത്യയിലെ പ്രധാന നഗരമാണ് ബംഗളൂരു. ആവശ്യത്തിന് ട്രെയിനും ബസുകളുമില്ലാത്തതിനാൽ ഈ റൂട്ടിൽ സ്വകാര്യ ബസുകളുടെ വിളയാട്ടമാണ്. ഉത്സവ സീസണായാൽ അവർക്ക് തോന്നും പോലെയാണ് നിരക്കുകൾ. 
യാത്രക്കാരോട് മര്യാദകേട് കാണിക്കുന്നതിന് ഒരു മടിയുമില്ല. രാഷ്ട്രീയക്കാരുടെ പിൻബലമുള്ളതാണ് ബസ് മുതലാളിമാരുടെയും ജീവനക്കാരുടെയും  ധൈര്യം. കഴിഞ്ഞ ദിവസം കല്ലട ബസിൽ തിരുവനന്തപുരത്ത് നിന്നുള്ള ബംഗളൂരു യാത്രക്കാർക്ക് ഹരിപ്പാട്ട് വെച്ചുണ്ടായ ദുരനുഭവം സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചയായി. യാത്രക്കാരെ മർദിച്ചത് വലിയ വിഷയമായി. വോട്ടെടുപ്പ് നാളായതിനാൽ നടപടികൾ പെട്ടെന്നായിരുന്നു. ഇതിന്റെ അനന്തരഫലമായി കെ.എസ്.ആർ.ടിയും കർണാടക ആർ.ടി.സിയും കേരളത്തിലെ വിവിധ നഗരങ്ങളിൽ നിന്ന് ബംഗളൂരുവിലേക്ക് നൂറ് ബസുകൾ പുതുതായി ഓടിക്കാൻ തീരുമാനമായി. കൂട്ടത്തിൽ ഒരു പ്രതിവാര ട്രെയിനും കേരളത്തിന് ലഭിച്ചു. ഈ ട്രെയിനിന്റെ ആദ്യ യാത്രയ്ക്കുള്ള ബുക്കിംഗ് 24 മണിക്കൂറിനകം പൂർത്തിയായത് കേരള-ബംഗളൂരു റൂട്ടിലെ തിരക്കിനെ സൂചിപ്പിക്കുന്നു. 


ഞായറാഴ്ചകളിൽ തിരുവനന്തപുരത്തുനിന്നു ബംഗളൂരുവിലെ കൃഷ്ണരാജപുരത്തേക്കാണ് സ്‌പെഷൽ ട്രെയിൻ.  കൊച്ചുവേളിയിൽനിന്നു ഞായറാഴ്ച വൈകിട്ടു 5 ന് പുറപ്പെടുന്ന സുവിധ ട്രെയിൻ (82644) പിറ്റേ ദിവസം രാവിലെ 8.40 ന് കൃഷ്ണരാജപുരത്ത് എത്തും. സ്‌റ്റോപ്പുകൾ: കൊല്ലം  5.52, കായംകുളം 6.38, കോട്ടയം 8.07, എറണാകുളം 9.20, തൃശൂർ 10.42, പാലക്കാട് 12.05, കോയമ്പത്തൂർ 1.20, ഈറോഡ് 3.10, ബംഗാരപേട്ട് 7.38, വൈറ്റ്ഫീൽഡ് 8.29. 
മടക്ക ട്രെയിൻ തിങ്കളാഴ്ച ഉച്ചയ്ക്കു 2 നു പുറപ്പെട്ടു പിറ്റേ ദിവസം രാവിലെ 6 ന് കൊച്ചുവേളിയിലെത്തും. 8 സ്ലീപ്പർ, 2 തേഡ് എസി, 2 ജനറൽ എന്നിങ്ങനെയാണ് ട്രെയിനിലുണ്ടാകുക. 28 മുതൽ ജൂൺ 30 വരെയാണ് സ്‌പെഷൽ സർവീസ്. പുതിയ ട്രെയിൻ വന്നെങ്കിലും വടക്കൻ കേരളത്തിൽ നിന്ന് കർണാടക തലസ്ഥാനത്തേക്ക് യാത്ര ചെയ്യാൻ ബസുകളെ ആശ്രയിക്കേണ്ടി വരും. കണ്ണൂരിൽ നിന്ന് മംഗളൂരു വഴിയും പാലക്കാട് വഴിയുമുള്ള യശ്വന്ത്പുര ട്രെയിനിന്റെ റിസർവേഷൻ മാസങ്ങൾക്ക് മുമ്പേ പൂർത്തിയാവുകയാണ്. 

Latest News