കല്‍പ്പറ്റ- വയനാട് മണ്ഡലത്തില്‍ മത്സരിക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി എത്തിയതില്‍ മറ്റാരേക്കാളും ഏറെ സന്തോഷിച്ച ഒരമ്മ വയനാട്ടിലുണ്ട്. ജനിച്ചു വീണ സമയത്ത് സ്വന്തം അമ്മ സോണിയാ ഗാന്ധിയും അച്ഛന്‍ രാജീവ് ഗാന്ധിയും സ്പര്‍ശിക്കുന്നതിന് മുമ്പ് കൈനീട്ടി ഏറ്റുവാങ്ങിയ അമ്മ. രാഹുലിന്റെ പ്രസവത്തിനായി സോണിയാ ഗാന്ധിയെ എത്തിച്ചപ്പോള്‍ ദല്‍ഹിയിലെ ആശുപത്രിയില്‍ നഴ്‌സായിരുന്ന രാജമ്മ വാവത്തില്‍ അന്ന് ലേബര്‍ റൂമില്‍ ഡ്യൂട്ടിയിലുണ്ടായിരുന്നു. എന്റെ നാടായ വയനാട്ടില്‍ മത്സരിക്കാന്‍ രാഹുല്‍ എത്തുമെന്ന് സ്വപ്‌നത്തില്‍ പോലും കരുതിയിരുന്നില്ല-രാജമ്മ പറയുന്നു. സ്വന്തം മാതാപിതാക്കള്‍ പോലു സ്പര്‍ശിക്കുന്നതിനു മുമ്പ് രാഹുലിലെ കൈകളില്‍ വാരിയെടുത്തയാളാണ് താനെന്ന് രാജമ്മ പറയുന്നു. 1970 ജൂണ്‍ 19-നായിരുന്നു രാഹുലിനെ പ്രസവിച്ചത്. അന്ന് പ്രസവമുറിയില്‍ നടന്നതൊക്കെ ഇന്നും രാജമ്മ വ്യക്തമായി ഓര്‍ക്കുന്നുണ്ട്. അന്ന് രാജമ്മയ്ക്ക് വയസ്സ് 23.
പ്രധാനമന്ത്രിയുടെ പേരക്കുട്ടിയാണെന്ന ആശ്ചര്യം ആവേശവും ലേബര്‍ റൂമില്‍ എല്ലാവരുടെ മുഖത്തും ഉണ്ടായിരുന്നു. ശുശ്രുഷയ്ക്കായി ഡ്യൂട്ടിയിലുണ്ടായിരുന്ന ഞങ്ങള്‍ സുന്ദരനായ രാഹുലിനെ മാറി മാറി കയ്യിലെടുത്തു ലാളിച്ചു. മാതാപിതാക്കള്‍ കാണുന്നതിനു മുമ്പ് രാഹുലിനെ കണ്ടത് ഞങ്ങളായിരുന്നു-രാജമ്മ ഓര്‍ക്കുന്നു. ലേബര്‍ മുറിയിലേക്ക് പ്രവേശനം അനുവദിച്ചിരുന്നെങ്കിലും അച്ചന്‍ രാജീവ് ഗാന്ധി പുറത്തു തന്നെ നിന്നു. കൂടെ സഹോദരന്‍ സഞ്ജീവ് ഗാന്ധിയുമുണ്ടായിരുന്നു. പട്‌നയില്‍ പര്യടനത്തിലായിരുന്നു പ്രധാനമന്ത്രി ഇന്ദിര ഗാന്ധി മൂന്ന് ദിവസത്തിനു ശേഷമാണ് കുഞ്ഞു രാഹുലിനെ കാണാന്‍ ആശുപത്രിയിലെത്തിയത്.
സെലിബ്രിറ്റി രോഗിയായിരുന്നെങ്കിലും സുരക്ഷാ സംവിധാനങ്ങള്‍ തങ്ങള്‍ക്ക് പ്രയാസമുണ്ടാക്കിയിരുന്നില്ലെന്ന ഓര്‍മകളും രാജമ്മ ഔട്ട്‌ലുക് ഇന്ത്യാ ഡോട്ട് കോമുമായി പങ്കുവെച്ചു. പ്രസവ ദിവസം ഉച്ചയ്ക്കു ശേഷം സോണിയയെ ലേബര്‍ റൂമില്‍ പരിചരിച്ചിരുന്നെന്നും അവര്‍ വളരെ സഹകരണത്തോടെയാണ് പെരുമാറിയതെന്നും രാജമ്മ ഓര്‍ത്തെടുത്തു. കുഞ്ഞിന് പ്രത്യേക പരിചരണമായിരുന്നു നല്‍കിയിരുന്നത്. സന്ദര്‍ശകരെ സ്പര്‍ശിക്കാന്‍ അനുവദിച്ചിരുന്നില്ല.
നഴ്‌സിങ് ബിരുദം നേടിയ ശേഷമാണ് രാജമ്മ ദല്‍ഹി ഹോലി ഫാമിലി ഹോസ്പിറ്റലില്‍ നഴ്‌സായി ജോലിക്കു കയറിയത്. പിന്നീട് അഹമദാബാദിലെ സൈനിക ആശുപത്രിയിലേക്കു മാറിയ രാജമ്മ 1987-ലാണ് കേരളത്തില്‍ തിരിച്ചെത്തിയത്. സ്വന്തം പേരക്കുട്ടി എന്നാണ് രാഹുലിനെ രാജമ്മ ഇപ്പോഴും വിശേഷിപ്പിക്കുന്നത്. വയനാട്ടില്‍ പ്രചാരണത്തിനെത്തിയപ്പോള്‍ കാണാന്‍ കഴിഞ്ഞില്ലെന്നതില്‍ ഖേദമുണ്ട്. വൈകാതെ കാണാനാകുമെന്ന പ്രതീക്ഷയിലാണ് രാജമ്മ. രാഹുലിനോട് പറയാന്‍ ഒരുപാട് കഥകളുണ്ടെന്നും രാജമ്മ പറയുന്നു.
രാഹുലിനു വോട്ടു ചെയ്ത രാജമ്മ തികഞ്ഞ വിജയ പ്രതീക്ഷയിലാണ്. വയനാട്ടിലെ ജയം മാത്രമല്ല രാഹുലിനെ അടുത്ത പ്രധാനമന്ത്രിയായി കൂടി കാണണമെന്നാണ് രാജമ്മയുടെ ആഗ്രഹം.