ശ്രീലങ്കയില്‍ സോഷ്യല്‍ മീഡിയ വിലക്ക് നീക്കി; ഉത്തരവാദിത്തം പുലര്‍ത്തണമെന്ന് അഭ്യര്‍ഥന

കൊളംബോ- ശ്രീലങ്കയില്‍ ഈസ്റ്റര്‍ ദിനത്തിലുണ്ടായ ചാവേര്‍ ആക്രമണങ്ങളെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ സോഷ്യല്‍ മീഡിയ വിലക്ക് പിന്‍വലിച്ചു. പ്രസിഡന്റ് മൈത്രിപാല സിരിസേനയാണ് ഏപ്രില്‍ 21 മുതല്‍ ഏര്‍പ്പെടുത്തിയിരുന്ന താല്‍ക്കാലിക നിരോധം പിന്‍വലിക്കാന്‍ ഉത്തരവിട്ടത്.

ചാവേര്‍ ആക്രമണം നടന്നയുടന്‍ ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിക്കാന്‍ പ്രസിഡന്റ് ഉത്തരവിട്ടതായി വാര്‍ത്താ വിതരണ വിഭാഗം അറിയിച്ചു. നിരോധം നീക്കിയെങ്കിലും സമൂഹ മാധ്യമങ്ങളുടെ ഉപയോഗത്തില്‍ ഉത്തരവാദിത്തവും സൂക്ഷ്മതയും പുലര്‍ത്തണമെന്ന് ഇന്‍ഫര്‍മേഷന്‍ വിഭാഗം വക്താവ് നലാക്ക കലുവേവ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നവരോട് അഭ്യര്‍ഥിച്ചു.

253 പേര്‍ കൊല്ലപ്പെട്ട ആക്രമണത്തിനുശേഷമുള്ള രാജ്യത്തെ സ്ഥിതിഗതികള്‍ വിലയിരുത്തിയശേഷമാണ് സോഷ്യല്‍ മീഡിയ നിരോധം പിന്‍വലിക്കാനുള്ള തീരുമാനം കൈക്കൊണ്ടതെന്നും അദ്ദേഹം പറഞ്ഞു.

 

Latest News