Sorry, you need to enable JavaScript to visit this website.

ചീഫ് ജസ്റ്റിസിനെതിരെ ലൈംഗികാരോപണം ഉന്നയിച്ച യുവതി കോടതി അന്വേഷണം ബഹിഷ്‌ക്കരിച്ചു

ന്യൂദല്‍ഹി- സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്‌ക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ച യുവതി കോടതിയുടെ മേല്‍നോട്ടത്തില്‍ നടക്കുന്ന അന്വേഷണ നടപടികള്‍ ബഹിഷ്‌ക്കരിച്ചു. പരാതി അന്വേഷിക്കാന്‍ കോടതി നിയോഗിച്ച മൂന്ന് സുപ്രീം കോടതി ജഡ്ജിമാരടങ്ങുന്ന സമിതിയുടെ നടപടികള്‍ ഗൗരവതരമായ ആശങ്കയും വിയോജിപ്പും കാരണം ബഹിഷ്‌ക്കരിക്കുകയാണെന്ന് യുവതി വ്യക്തമാക്കി. ഈ സമിതിയില്‍ നിന്ന് നീതി ലഭിക്കുമെന്ന പ്രതീക്ഷയില്ലെന്നും മൂന്നംഗ സമതിക്കു മുമ്പാകെ ഇനി ഹാജരാകില്ലെന്നും യുവതി അറിയിച്ചു. കോടതി തീരുമാന പ്രകാരം ഈ സമിതി രഹസ്യമായാണ് (ഇന്‍ ഹൗസ്) ഈ കേസില്‍ വാദം കേള്‍ക്കുന്നത്.

സുപ്രീം കോടതി ആദ്യം നിയോഗിച്ച മൂന്നംഗ സമിതി അംഗങ്ങളോട് യുവതി വിയോജിപ്പ് അറിയിച്ചതിനാല്‍ കോടതി ഒരംഗത്തെ മാറ്റിയിരുന്നു. ചീഫ് ജസ്റ്റിസിന്റെ കുടുംബ സുഹൃത്താണെന്ന് യുവതി പരാതി ഉന്നയിച്ചതിനെ തുടര്‍ന്ന് ജസ്റ്റിസ് എന്‍.വി രമണയെ കോടതി മാറ്റി പകരം രണ്ടാമതൊരു വനിതാ ജഡ്ജിയെ കൂടി ഉള്‍പ്പെടുത്തുകയായിരുന്നു. ജസ്റ്റിസുമാരായ എസ്.എ ബോബ്‌ഡെ, ഇന്ദു മല്‍ഹോത്ര, ഇന്ദിര ബാനര്‍ജി എന്നിവരടങ്ങുന്നതാണ് അന്വേഷണ സമിതി.

പരാതി അന്വേഷിക്കാന്‍ കോടതിക്കു പുറത്തുള്ള സമിതിയെ നിയോഗിക്കണമെന്നായിരുന്നു യുവതിയുടെ ആവശ്യം. എന്നാല്‍ ഇത്  അംഗീകരിക്കപ്പെട്ടിരുന്നില്ല. എങ്കിലും ചീഫ് ജസ്റ്റിസിന്റെ ജൂനിയര്‍മാരായ സിറ്റിങ് ജഡ്ജിമാരടങ്ങുന്ന സമിതിയുടെ രഹസ്യ വാദം കേള്‍ക്കലിന് ഹാജരാകാന്‍ തയാറായ യുവതി ഇപ്പോള്‍ പിന്മാറിയിരിക്കുകയാണ്. സമിതിയുടെ അന്തരീക്ഷം വളരെ ഭയപ്പെടുത്തുന്നതാണെന്നും അഭിഭാഷകരോ മറ്റോ കൂടെയില്ലാതെ ഒറ്റയ്ക്ക് ഈ ജഡ്ജിമാരുടെ ചോദ്യങ്ങള്‍ നേരിടുന്നതില്‍ വൈകാരിക വിഷമങ്ങളുണ്ടെന്നും യുവതി പറയുന്നു. താന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും ഈ സമിതിയുടെ നടപടിക്രമങ്ങള്‍ ഓഡിയോ, വിഡിയോ റെകോര്‍ഡിങ് അനുവദിച്ചിട്ടില്ലെന്നും യുവതി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
 

Latest News