Sorry, you need to enable JavaScript to visit this website.

ക്രൈസ്തവരുടെ വേദനയില്‍ പങ്കുചേര്‍ന്ന് മുസ്ലിംകളുടെ ഐക്യദാര്‍ഡ്യം

ബംഗളൂരു- ശ്രീലങ്കയില്‍ ഈസ്റ്റര്‍ ദിനത്തില്‍ ചാവര്‍ സ്‌ഫോടനങ്ങള്‍ക്കിരയായ ക്രൈസ്തവ സമൂഹത്തോട് കര്‍ണാടകയിലെ ബംഗളൂരുവിലും മൈസൂരുവിലും മുസ്ലിംകളുടെ ഐക്യദാര്‍ഡ്യം. നൂറുകണക്കിനാളുകളാണ് ബംഗളൂരു നഗരത്തിലെ ചര്‍ച്ചിനും മുന്നിലും ടൗണ്‍ഹാളിലും ഐക്യദാര്‍ഡ്യം അറിയിച്ചതെന്ന് ബംഗളൂരു ജുമാമസ്ജിദ് ഇമാം മഖ്‌സൂദ് ഇംറാന്‍ റഷീദി പറഞ്ഞു. ക്രൈസ്തവരുടെ വേദനയില്‍ പങ്കുചേരുന്നുവെന്നും അവരോട് ഐക്യപ്പെടുന്നുവെന്നും അറിയിക്കാനാണ് ശ്രമിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
മൈസൂരുവില്‍ ജമാഅത്തെ ഇസ്്‌ലാമി ഘടകമാണ് ഐക്യദാര്‍ഡ്യത്തിന് ആഹ്വാനം ചെയ്തതെന്ന് സംഘടനയുടെ നേതാവ് മുനവ്വര്‍ പാഷ പറഞ്ഞു. നഗരത്തിലെ പ്രധാന ചര്‍ച്ചായ സെന്റ് ഫിലോമിന പള്ളിക്കുമുന്നില്‍ മുസ്ലിംകളും ഇതര സമുദായക്കാരുമായി വന്‍ ജനാവലിയാണ് തടിച്ചുകൂടിയത്. ക്രൈസ്തവ സഹോദരങ്ങളോടൊപ്പം ഞങ്ങള്‍ മുസ്ലിംകളും മറ്റു സമുദായക്കാരുമുണ്ടെന്ന സന്ദേശമാണ് നല്‍കിയതെന്ന് അദ്ദേഹം പറഞ്ഞു. സെന്റ് ഫിലോമിന ചര്‍ച്ചിനു മുന്നില്‍ ധാരാളം വിദേശ ടൂറിസ്റ്റുകളും പങ്കുചേര്‍ന്നിരുന്നു.
ന്യൂസിലാന്‍ഡ് പള്ളികളില്‍ പ്രാര്‍ഥനയില്‍ ഏര്‍പ്പെട്ടിരിക്കെ മുസ്ലിംകള്‍ ആക്രമിക്കപ്പെട്ടതുപോലെ തന്നെയാണ് ശ്രീലങ്കയിലെ ചര്‍ച്ചകളില്‍ ക്രൈസ്തവ സഹോദരങ്ങളും ആക്രമിക്കപ്പെട്ടത്. ന്യൂസിലാന്‍ഡില്‍ മുസ്ലിംകള്‍ക്ക് എല്ലാ സമുദായങ്ങളില്‍നിന്നും പിന്തണ ലഭിച്ച കാര്യം അദ്ദേഹം അനുസ്മരിച്ചു.

 

Latest News