വിദേശ പൗരത്വ ആരോപണം; രാഹുല്‍ ഗാന്ധിക്ക് കേന്ദ്ര സര്‍ക്കാരിന്റെ നോട്ടീസ്

ന്യൂദല്‍ഹി- വിദേശ പൗരത്വം സംബന്ധിച്ച് ഉയര്‍ന്ന ആരോപണങ്ങളുടെ വസ്തുത വിശദമാക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നോട്ടീസ് അയച്ചു. രാഹുല്‍ ബ്രീട്ടീഷ് പൗരനാണെന്ന് വര്‍ഷങ്ങളായി ആരോപണമുന്നയിക്കുന്ന ബിജെപി നേതാവ് സുബ്രമണ്യന്‍ സ്വാമിയുടെ പരാതിയിലാണ് കേന്ദ്ര സര്‍ക്കാര്‍ നടപടി. ഇതു സംബന്ധിച്ച വസ്തുതാപരമായ നിലപാട് 15 ദിവസത്തിനകം വിശദീകരിക്കണം എന്നാണ് രാഹുലിനോട് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിനായി രാഹുല്‍ രാജ്യവ്യാപക പ്രചാരണം നടത്തി വരുന്നതിനിടെയാണ് കേന്ദ്രത്തിന്റെ ഈ ഇടപെടല്‍. 

ബ്രിട്ടനില്‍ 2003-ല്‍ രജിസ്റ്റര്‍ ചെയ്ത ബാക്കോപ്‌സ് ലിമിറ്റഡ് എന്ന കമ്പനിയുടെ രേഖകളില്‍ ഡയറക്ടറായ രാഹുല്‍ ബ്രിട്ടീഷ് പൗരനാണ് എന്നു കാണിച്ചിരിക്കുന്നുവെന്നാണ് പരാതി. 2005-ലും 2006-ലും കമ്പനി സമര്‍പിച്ച വാര്‍ഷിക കണക്കുകളില്‍ രാഹുല്‍ താന്‍ ബ്രിട്ടീഷാ പൗരനാണ് എന്നു പറയുന്നതായും സുബ്രമണ്യ സ്വാമിയുടെ പരാതിയില്‍ പറയുന്നു. കമ്പനി പിരിച്ചുവിടാനായി 2009ല്‍ സമര്‍പിച്ച അപേക്ഷയില്‍ രാഹുലിനെ ബ്രിട്ടീഷ് പൗരനായാണ് വിശേഷിപ്പിക്കുന്നതെന്നും ആരോപണമുണ്ടെന്നും ആഭ്യന്തര മന്ത്രാലയം പൗരത്വ വിഭാഗം ഡയറക്ടര്‍ ബി.സി ജോഷി രാഹുലിന് അയച്ച നോട്ടീസില്‍ ചൂണ്ടിക്കാട്ടുന്നു.

്ഉത്തര്‍ പ്രദേശിലെ അമേഠിയില്‍ മത്സരിക്കുന്ന രാഹുല്‍ സമര്‍പിച്ച നാമനിര്‍ദേശ പത്രികയിലും പൗരത്വ പരാതി ഉയര്‍ന്നിരുന്നു. സൂക്ഷമ പരിശോധന നടത്തിയ റിട്ടേണിങ് ഓഫീസര്‍ ഈ ആരോപണം അടിസ്ഥാനമില്ലാത്തതാണെന്ന് കണ്ടെത്തുകയും പത്രിക സ്വീകരിക്കുകയും ചെയ്തു.
 

Latest News