പതിനേഴ് സീറ്റ് ലഭിക്കും
കോഴിക്കോട്- ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് പിന്നോക്ക ന്യൂനപക്ഷ വോട്ടുകൾ യുഡിഎഫിനനുകൂലമായി ഏകീകരിച്ചെന്നും ഈ തരംഗത്തിൽ യു.ഡി.എഫിന് 17 സീറ്റുകൾ വരെ ഉറപ്പിക്കാമെന്നും മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റി വിലയിരുത്തി. ന്യൂനപക്ഷ മേഖലകളിൽ വർധിതാവേശത്തോടെ ജനം ബൂത്തിലേക്കൊഴുകിയെന്നും തെക്കൻ ജില്ലകളിലടക്കം മുസ്‌ലിംലീഗ് നടത്തിയ കാമ്പയിനുകൾ വലിയ ചലനമുണ്ടാക്കിയെന്നും സംസ്ഥാന കമ്മിറ്റിയോഗത്തിൽ വിലയിരുത്തലുണ്ടായെന്ന് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീർ, സംസ്ഥാന ജന.സെക്രട്ടറി കെ.പി.എ മജീദ് എന്നിവർ പത്രസമ്മേളനത്തിൽ വിശദീകരിച്ചു.
രാഹുൽ ഗാന്ധിയുടെ വരവ് ദക്ഷിണേന്ത്യയിൽ ശക്തമായ ചലനമുണ്ടാക്കി. പിന്നോക്ക ന്യൂനപക്ഷ വോട്ടുകൾ യു.ഡി.എഫിന് അനുകൂലമായി ഏകീകരിച്ചതിനു പുറമെ ശബരിമല വിഷയത്തിൽ ഇടതുപക്ഷത്തിനെതിരെ ജനവികാരമുണ്ടായി. യു.ഡി.എഫ് അനുകൂല തരംഗത്തിൽ സംസ്ഥാനത്ത് ഇരുപതിൽ ഇരുപത് സീറ്റും യു.ഡി.എഫ് നേടാനുള്ള സാധ്യതയും നിലനിൽക്കുന്നു. പതിനേഴിൽ ഉറച്ച വിജയ പ്രതീക്ഷയും മറ്റു മൂന്ന് സീറ്റുകളിൽ ഇഞ്ചോടിഞ്ച് മത്സരവുമാണ് നടന്നത്. ബി.ജെ.പിക്ക് ഒരിക്കലും സംസ്ഥാനത്ത് അക്കൗണ്ട്് തുറക്കാനാവില്ല.
രാഹുൽ ഗാന്ധിക്ക് വയനാട്ടിൽ രണ്ട് ലക്ഷം മുതൽ മൂന്നു ലക്ഷം വരെ വോട്ടിന്റെ ഭൂരിപക്ഷം ലഭിക്കും. മലപ്പുറത്ത് 210000 മുതൽ 230000 വരെ ഭൂരിപക്ഷം പി.കെ കുഞ്ഞാലിക്കുട്ടിക്ക് ലഭിക്കും. പൊന്നാനിയിൽ 70,000 മുതൽ 75000 വരെ വോട്ടിന്റെ ഭൂരിപക്ഷം ഇ.ടി. മുഹമ്മദ് ബഷീറിന് ലഭിക്കുമെന്നും മുസ്‌ലിം ലീഗ് വിലയിരുത്തി. തമിഴ്‌നാട്ടിലെ രാമനാഥപുരത്തെ മുസ്‌ലിംലീഗ് സ്ഥാനാർഥി നവാസ് ഗനിയും വമ്പിച്ച ഭൂരിപക്ഷത്തിൽ ജയിക്കുമെന്ന് ലീഗ് നേതാക്കൾ വ്യക്തമാക്കി.






