Sorry, you need to enable JavaScript to visit this website.

ആകാശവാണി വാർത്തകൾ വായിക്കാൻ ഗോപനില്ല

തിരുവനന്തപുരം- മുൻ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്‌റുവിന്റെ മരണ വാർത്തയടക്കം മലയാളികളെ അറിയിച്ച  ദൽഹി ആകാശവാണി മലയാള വിഭാഗം മേധാവിയായിരുന്ന ഗോപൻ (79)  അന്തരിച്ചു. ദൽഹിയിലെ ബത്ര ആശുപത്രിയിൽ ഒരാഴ്ചയായി ചികിൽസയിലായിരുന്നു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം.  ഇരുപത്തിയൊന്നാമത്തെ വയസിലാണ് ദൽഹി ആകാശവാണിയിൽ വാർത്താ അവതാരകനായി ചേരുന്നത്. നെഹ്‌റുവിന്റെ മരണം, ആര്യഭട്ടയുടെ വിക്ഷേപണം തുടങ്ങിയവ ആകാശവാണിയിലൂടെ രാജ്യത്തെ അറിയിച്ചത് ഗോപനായിരുന്നു. രാജ്യം ഉറ്റുനോക്കിയ പല തിരഞ്ഞെടുപ്പ് ഫലങ്ങളും ഗോപന്റെ ശബ്ദത്തിലൂടെ പുറത്തെത്തി.

40 വർഷത്തോളം മലയാളം വാർത്ത വായിച്ച ഗോപൻ ആകാശവാണി മലയാള വിഭാഗം മേധാവിയായാണ് ജോലിയിൽ നിന്ന് വിരമിച്ചത്. പിന്നീട് സർക്കാരിന്റെ പരസ്യങ്ങൾക്ക് ശബ്ദം നൽകി. ശ്വാസകോശം സ്‌പോഞ്ചു പോലെയാണ് തുടങ്ങിയ പരസ്യങ്ങളിലെ ശബ്ദം ഗോപന്റെതാണ്. 
ശ്വാസകോശം  സ്‌പോഞ്ച് പോലെയാണ് എന്നു പറയുന്ന  പുകവലി വിരുദ്ധ പരസ്യത്തിലൂടെയാണ് ഗോപൻ ആധുനിക കാലത്ത് അറിയപ്പെട്ടത്. ദുശ്ശീലങ്ങളിൽ നിന്ന് അകലാൻ മലയാളിയെ പ്രേരിപ്പിക്കുന്ന ചിരപരിചിതമായ ആ ശബ്ദം അവശേഷിപ്പിച്ചാണ് ഗോപൻ യാത്രയായത്. തിരുവനന്തപുരത്തെ റോസ് കോട്ട് എന്ന പ്രശസ്തമായ കുടുംബത്തിലായിരുന്നു ജനനം. സി.വി രാമൻപിള്ളയുടെ പേരമകളുടെ മകൻ. അടൂർഭാസിയും ഇ വി കൃഷ്ണപിള്ളയും ഉറ്റ ബന്ധുക്കൾ. 
എം.എ പഠിച്ചിറങ്ങിയപ്പോൾ ചരിത്രാധ്യാപകനാകാനായിരുന്നു മോഹം. അന്ന് സർദാർ കെ.എം പണിക്കർ കശ്മീർ സർവകലാശാല വൈസ് ചാർസലറാണ്. അദ്ദേഹം പറഞ്ഞതു പ്രകാരം ദൽഹിയിക്ക് വണ്ടി കയറി. പക്ഷേ, അപ്പോഴേക്കും അദ്ദേഹത്തിന് മൈസുരു സർവ്വകലാശാലയിലേക്ക് മാറ്റമായി. നാട്ടിലേക്ക് ഉടൻ മടങ്ങാൻവയ്യ. തൽക്കാലത്തേക്ക് ദൽഹിയിൽ നിഖിൽ ചക്രവർത്തിയുടെ മെയിൻസ്ട്രീം എന്ന ഇടതുപക്ഷ പ്രസിദ്ധീകരണത്തിൽ ജോലിക്ക് പോയി.  പിന്നീടാണ് ദൽഹി ആകാശവാണിയിൽ അവതാരകൻ തസ്തികയിൽ നിയമിക്കപ്പെടുന്നത്. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിൽ പഠിക്കുമ്പോൾ സ്റ്റുഡന്റ്‌സ് ഫെഡറേഷന്റെ സജീവപ്രവർത്തകനായിരുന്നു. ബുദ്ധി ജീവികളുടെ കൂട്ടമായിരുന്നു അന്ന് ആ സംഘടന. നാടകങ്ങളിൽ അഭിനയിക്കുമായിരുന്നു. രാധയാണ് ഭാര്യ. മകൻ പ്രമോദ്.

Latest News