തീര്‍ഥാടകര്‍ക്ക് മികച്ച സേവനം ഉറപ്പാക്കാന്‍ ശുപാര്‍ശകളുമായി ഉംറ കമ്പനികള്‍

മക്ക - ഉംറ സർവീസ് കമ്പനികളുടെയും സ്ഥാപനങ്ങളുടെയും ഹോട്ടലുകളുടെയും ബസ് കമ്പനികളുടെയും ഉടമകളെയും പ്രതിനിധികളെയും പങ്കെടുപ്പിച്ച് മക്കയിൽ സംഘടിപ്പിച്ച ശിൽപശാല, ഉംറ സർവീസ് കമ്പനികളും സ്ഥാപനങ്ങളും നേരിടുന്ന വെല്ലുവിളികളും പ്രശ്‌നങ്ങളും ഹജ്, ഉംറ മന്ത്രാലയത്തിന്റെ ശ്രദ്ധയിൽപെടുത്തി. പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുന്നതിനുള്ള നിർദേശങ്ങൾ ഹജ്, ഉംറ മന്ത്രി ഡോ. മുഹമ്മദ് സ്വാലിഹ് ബിൻതനാണ് നിക്ഷേപകർ സമർപ്പിച്ചത്.


സൗദിയിലെ ഉംറ കമ്പനികളുമായും സ്ഥാപനങ്ങളുമായും സഹകരിച്ച് പ്രവർത്തിക്കുന്ന വിദേശ ഏജൻസികൾക്കുള്ള ബാങ്ക് ഗ്യാരണ്ടി റദ്ദാക്കുകയോ കുറക്കുകയോ ചെയ്യുക, ഉംറ തീർഥാടകരുടെ ക്വാട്ട സർവീസ് കമ്പനികൾക്കിടയിൽ വിതരണം ചെയ്യുന്നതിനെ കുറിച്ച് സമഗ്ര പഠനം നടത്തുക, ഓൺലൈൻ പേയ്‌മെന്റ് സേവനം വേഗത്തിൽ പ്രാവർത്തികമാക്കുക, ഗ്രൗണ്ട് സർവീസ് ഫീസുകൾ സ്ഥിരപ്പെടുത്തുക, ഉംറ സർവീസ് കമ്പനികളിൽ നിയമിക്കേണ്ട മിനിമം സൗദി ജീവനക്കാരുടെ എണ്ണത്തെ തീർഥാടകരുടെ എണ്ണവുമായി ബന്ധിപ്പിക്കുക എന്നിവ അടക്കം 32 ശുപാർശകളാണ് ഉംറ സർവീസ് കമ്പനിയുടമകൾ ഹജ്, ഉംറ മന്ത്രിക്ക് സമർപ്പിച്ചത്. ഹജ്, ഉംറ മന്ത്രാലയത്തെ പ്രതിനിധീകരിച്ച് ഉംറ കാര്യങ്ങൾക്കുള്ള മന്ത്രാലയ അണ്ടർ സെക്രട്ടറി ഡോ. അബ്ദുൽ അസീസ് അൽവസാൻ ശിൽപശാലയിൽ പങ്കെടുത്തു.


അഞ്ചു പ്രധാന വിഷയങ്ങൾ കേന്ദ്രീകരിച്ചാണ് ശിൽപശാലയിൽ ചർച്ചകൾ നടന്നത്. വിദേശ തീർഥാടകരുടെ എണ്ണം ഉയർത്തുന്നതിനെ കുറിച്ച് വിശകലനം ചെയ്ത സെഷനിൽ വിദേശ ഏജൻസികൾക്ക് ബാധകമായ ബാങ്ക് ഗ്യാരണ്ടി റദ്ദാക്കൽ, ബാങ്ക് ഗ്യാരണ്ടി കുറക്കൽ, ഉംറ സേവന മേഖലയിൽ പ്രവർത്തിക്കുന്നതിന് അയാട്ട പോലുള്ള അന്താരാഷ്ട്ര സംഘടനകൾക്ക് അംഗീകാരം നൽകൽ, ഉംറ തീർഥാടകരുടെ ക്വാട്ട വീതിച്ചുനൽകുന്നതിനെ കുറിച്ച് സമഗ്ര പഠനം നടത്തൽ, ഉംറ വിസ ഇഷ്യു ചെയ്യുന്ന രാജ്യത്തെ താമസക്കാരനായിരിക്കണം തീർഥാടകൻ എന്ന വ്യവസ്ഥ റദ്ദാക്കൽ എന്നിവ അടക്കമുള്ള ശുപാർശകളാണ് മുന്നോട്ടുവെച്ചത്. 


ഉംറ സർവീസ് കമ്പനികളും ബസ് കമ്പനികളും തമ്മിലുള്ള ഇടപാടുകൾ നവീകരിക്കുന്നതിനെ കുറിച്ച ചർച്ചകൾ നടന്ന രണ്ടാമത്തെ സെഷൻ മൂന്നു ശുപാർശകൾ സമർപ്പിച്ചു.   തീർഥാടകരെ എയർപോർട്ടുകളിൽ നിന്ന് വിശുദ്ധ ഹറമിലേക്കും മസ്ജിദുന്നബവിയിലേക്കും എത്തിക്കുന്നതിന്‌ സ്വകാര്യ വാഹനങ്ങൾ ഉപയോഗിക്കുന്നതിന് അനുവദിക്കൽ, തീർഥാടകർക്ക് യാത്രാ സൗകര്യം നൽകുന്നതിന് ടാക്‌സികൾ പ്രയോജനപ്പെടുത്തുന്നതിനെ കുറിച്ച് പഠനം നടത്തുന്നതിന് കമ്മിറ്റി രൂപീകരിക്കൽ, തീർഥാടകർക്ക് യാത്രാ സൗകര്യം നൽകുന്നതിന് ചുമതലപ്പെടുത്തി ആധുനിക സാങ്കേതികവിദ്യകൾ വഴി അയക്കുന്ന രേഖകളുടെ കോപ്പികൾ അംഗീകരിക്കൽ എന്നീ ശുപാർശകളാണ് ഈ സെഷൻ സമർപ്പിച്ചത്. 


ഇലക്‌ട്രോണിക് സേവനങ്ങളെ കുറിച്ചുള്ള ചർച്ചകൾ നടന്ന സെഷൻ ആറു ശുപാർശകൾ സമർപ്പിച്ചു. കേന്ദ്രീകൃത ബുക്കിംഗ് പോർട്ടലിനെ കുറിച്ച് പരിചയപ്പെടുത്തുന്നതിന് പ്രാദേശിക, ആഗോള തലത്തിൽ പ്രചാരണ കാമ്പയിനുകൾ സംഘടിപ്പിക്കൽ, സേവനങ്ങളും നിരക്കുകളും കേന്ദ്രീകൃത ബുക്കിംഗ് പോർട്ടൽ വഴി പരസ്യപ്പെടുത്തുന്നതിന് ഹോട്ടലുകളെ നിർബന്ധിക്കുന്നതിന് ടൂറിസം, ദേശീയ പൈതൃക വകുപ്പിന് കത്തയക്കൽ, പാക്കേജുകൾക്കുള്ള നിരക്കുകൾ ഓൺലൈൻ വഴി അടക്കുന്നതിന് അവസരമൊരുക്കുന്ന സേവനം വേഗത്തിൽ പ്രാവർത്തികമാക്കൽ, കേന്ദ്രീകൃത ബുക്കിംഗ് പോർട്ടൽ വഴി പ്രവർത്തിക്കുന്നതിന് ബന്ധപ്പെട്ട എല്ലാ വകുപ്പുകളെയും നിർബന്ധിക്കുന്ന വ്യവസ്ഥകൾ തയാറാക്കൽ, പാർപ്പിട, ഗതാഗത മേഖലയുടെ യഥാർഥ ശേഷിയുമായി റൂം ബുക്കിംഗിനെ ബന്ധിപ്പിക്കൽ, ഹജ്, ഉംറ മന്ത്രാലയത്തിന്റെ മുഴുവൻ പദ്ധതികളെയും കുറിച്ച് മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വഴി പരിചയപ്പെടുത്തൽ എന്നീ ശുപാർശകൾ മൂന്നാമത് സെഷൻ മുന്നോട്ടുവെച്ചു. 
 സേവന നിലവാരം ഉയർത്തുന്നതിനെയും വൈവിധ്യവൽക്കരിക്കുന്നതിനെയും കുറിച്ച് വിശകലനം ചെയ്ത നാലാമത്തെ സെഷൻ ഒമ്പതു ശുപാർശകൾ മുന്നോട്ടുവെച്ചു. 
തീർഥാടകർക്ക് സഞ്ചാര സ്വാതന്ത്ര്യം അനുവദിക്കൽ, പുതിയ ചരിത്ര, ഇസ്‌ലാമിക കേന്ദ്രങ്ങൾ സന്ദർശിക്കുന്നതിന് തീർഥാടകരെ അനുവദിക്കൽ, പാക്കേജുകളുടെ അടിസ്ഥാനത്തിൽ തീർഥാടകരെ തരംതിരിക്കൽ, ചരിത്ര കേന്ദ്രങ്ങളിലേക്കുള്ള സന്ദർശന യാത്രകൾ സംഘടിപ്പിക്കുന്നതിന്റെ അടിസ്ഥാനത്തിൽ ഉംറ സർവീസ് കമ്പനികളെ തരംതിരിക്കൽ, മക്കക്കും മദീനക്കും പുറത്തുള്ള പ്രധാന അടയാളങ്ങൾ സന്ദർശിക്കുന്നതിന് തീർഥാടകരെ അനുവദിക്കുന്ന നിയമം നിർമിക്കൽ എന്നിവ അടക്കമുള്ള ശുപാർശകളാണ് ഈ സെഷനിൽ ഉയർന്നുവന്നത്. 
ഉംറ സർവീസ് കമ്പനികളിലെ ധനവിനിയോഗ കാര്യക്ഷമത ഉയർത്തുന്നതിനെയും പ്രവർത്തനം നവീകരിക്കുന്നതിനെയും കുറിച്ച് വിശകലനം ചെയ്ത സേഷനിൽ സേവന നിരക്കുകൾ സ്ഥിരപ്പെടുത്തൽ, സർവീസ് കമ്പനികളിലെ സൗദി ജീവനക്കാരുടെ മിനിമം എണ്ണത്തെ തീർഥാടകരുടെ എണ്ണവുമായി ബന്ധിപ്പിക്കൽ അടക്കം ആകെ ഒമ്പതു ശുപാർശകളും നിർദേശങ്ങളും ഉയർന്നുവന്നു. 

Latest News