റഫാല്‍ പരാമര്‍ശം: സുപ്രീം കോടതിയില്‍ രാഹുല്‍ വീണ്ടും ഖേദം പ്രകടിപ്പിച്ചു; ക്ഷമാപണമില്ല

ന്യൂദല്‍ഹി- റഫാല്‍ കരാര്‍ അഴിമതി ആരോപണവുമായി ബന്ധപ്പെട്ട കേസില്‍ സുപ്രീം കോടതി പരാമര്‍ശിക്കാത്ത കാര്യം കോടതിയുടെ പേരില്‍ പറഞ്ഞെന്ന കോടതിയലക്ഷ്യ കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വീണ്ടും സുപ്രീം കോടതിയില്‍ ഖേദം പ്രകടിപ്പിച്ചു. 

ഖേദം പ്രകടിപ്പിച്ചുവെങ്കിലും വിവാദ പരാമര്‍ശത്തില്‍ ക്ഷമാപണം നടത്താന്‍ രാഹുല്‍ തയാറായിട്ടില്ല. കോടതിയെ രാഷട്രീയ വിവാദത്തിലേക്ക് വലിച്ചിഴക്കാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും തനിക്കെതിരായ ഹരജി നല്‍കിയ ബിജെപി എംപി മീനാക്ഷി ലേഖി കോടതിയലക്ഷ്യമെന്ന പേരില്‍ രാഷ്ട്രീയം കളിക്കുകയാണെന്നും സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ രാഹുല്‍ പറഞ്ഞു. മോഡി അഴിമതി നടത്തിയെന്ന് കോടതി പറഞ്ഞതായുള്ള പരാമര്‍ശത്തില്‍ രാഹുല്‍ ക്ഷമാപണം നടത്തിയിട്ടില്ലെന്ന് ബിജെപി കോടതിയില്‍ കഴിഞ്ഞ തവണ ചൂണ്ടിക്കാട്ടിയിരുന്നു. 

റഫാല്‍ അഴിമതിയാരോപണ കേസ് വിധി പുനപ്പരിശോധിക്കണമെന്നാവശ്യപ്പെട്ടുള്ള ഹരജികള്‍ക്കൊപ്പം രാഹുലിനെതിരായ ഹരജിയും നാളെ വീണ്ടും കോടതി പരിഗണിക്കുന്നുണ്ട്. നേരിട്ട് കോടതിയില്‍ ഹാജരാകന്നതില്‍ നിന്ന് രാഹുലിന് കോടതി ഇളവ് നല്‍കിയിരുന്നു.
 

Latest News