ബംഗാളില്‍ വോട്ടെടുപ്പിനിടെ സംഘര്‍ഷം; ബിജെപി സ്ഥാനാര്‍ത്ഥിയായ കേന്ദ്ര മന്ത്രിയുടെ കാര്‍ തകര്‍ത്തു

കൊല്‍ക്കത്ത- നാലാം ഘട്ട വോട്ടെടുപ്പിനിടെ പശ്ചിമ ബംഗാളിലെ അസന്‍സോള്‍ മണ്ഡലത്തില്‍ ബിജെപി പ്രവര്‍ത്തകരും തൃണമൂല്‍ പ്രവര്‍ത്തകരും ഏറ്റുമുട്ടി. പോളിങ് ബൂത്തിനു പുറത്ത് നിര്‍ത്തിയിരുന്ന ബിജെപി സ്ഥാനാര്‍ത്ഥിയും കേന്ദ്ര മന്ത്രിയുമായ ബാബുല്‍ സുപ്രിയോയുടെ കാറിന്റെ ചില്ല് സംഘര്‍ഷത്തിനിടെ ഒരു കൂട്ടമാളുകള്‍ അടിച്ചു തകര്‍ത്തു. സുപ്രിയോ കാറിലിരിക്കെയാണ് പിന്‍വശത്തെ ചില്ല് തകര്‍ത്തത്. വോട്ടര്‍മാരെ വോട്ടു ചെയ്യാന്‍ അനുവദിക്കുന്നില്ലെന്ന് അദ്ദേഹം ആരോപിച്ചു. സംഘര്‍ഷമുണ്ടായ എല്ലാ പോളിങ് ബൂത്തുകളിലും സന്ദര്‍ശനം നടത്തുമെന്നും കേന്ദ്ര സേനയെ കൂടെ കുട്ടുമെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്ര സേനയുടെ സാന്നിധ്യത്തിലെ വോട്ടിങ് തുടങ്ങാവൂ എന്ന് ബിജെപി പ്രവര്‍ത്തകര്‍ വാശിപിടിച്ചതാണ് സംഘര്‍ഷത്തിനിടയാക്കിയത്. എന്നാല്‍ നിശ്ചിത സമയത്തു തന്നെ വോട്ടിങ് ആരംഭിക്കണമെന്ന് തൃണമൂല്‍ പ്രവര്‍ത്തകരും നിര്‍ബന്ധം പിടിച്ചതോടെ ഇരുവിഭാഗവും തമ്മില്‍ ഏറ്റുമുട്ടുകയായിരുന്നു. പോലീസ് ലാത്തി വീശി ജനക്കൂട്ടത്തെ ആട്ടിയോടിച്ചു.

2014-ല്‍ ഇടതുപക്ഷത്തെ തേല്‍പ്പിച്ച് അപ്രതീക്ഷിതമായാണ് അസന്‍സോളില്‍ ബാബുല്‍ സുപ്രിയോ ജയിച്ചത്. ഇടതു പക്ഷത്തിന്റെ മുതിര്‍ന്ന നേതാവായ ബസുദേവ് ആചാര്യയെ കഴിഞ്ഞ തവണ ബാങ്കുരയില്‍ തോല്‍പിച്ച് ജയന്റ് കില്ലറായ മൂണ്‍ മൂണ്‍ സെന്നിനെ തൃണമൂല്‍ ഇത്തവണ രംഗത്തിറക്കിയിരിക്കുന്നത് അസന്‍സോളിലാണ്.

Latest News