Sorry, you need to enable JavaScript to visit this website.

സെലക്ടീവ് ടാക്‌സ് വെട്ടിപ്പ് കണ്ടെത്താന്‍ പരിശോധന ഊര്‍ജിതം; വിവരം നല്‍കിയാല്‍ പാരിതോഷികം

റിയാദ്- പുകയില ഉൽപന്നങ്ങൾ ഉൾപ്പെടെ ആരോഗ്യത്തിന് ഹാനികരമായ വസ്തുക്കളുടെ ഉപയോഗം കുറക്കുന്നതിന് പൊതുജനങ്ങളെ പ്രേരിപ്പിക്കുന്നതിന് നടപ്പിലാക്കിയ സെലക്ടീവ് ടാക്‌സ് വെട്ടിപ്പ് സംബന്ധിച്ച് വിവരം നൽകുന്നവർക്ക് പാരിതോഷികം നൽകാൻ സക്കാത്ത്, നികുതി അതോറിറ്റി തീരുമാനം. സക്കാത്ത്, നികുതി അതോറിറിറ്റി ജീവനക്കാരല്ലാത്തവർക്കാണ് പാരിതോഷികം നൽകുക. ഉപയോക്താക്കൾക്ക് വിൽക്കുന്ന അന്തിമ വിലയുടെ അടിസ്ഥാനത്തിൽ സിഗരറ്റിനും പുകയില ഉൽപന്നങ്ങൾക്കും എനർജി ഡ്രിങ്കുകൾക്കും 100 ശതമാനവും ശീതളപാനീയങ്ങൾക്ക് 50 ശതമാനവും നികുതി ഏർപ്പെടുത്തുന്ന സെലക്ടീവ് ടാക്‌സ് നിയമം 2017 ജൂൺ 10 നാണ് നിലവിൽവന്നത്.

നിയമലംഘകരുടെ മേൽ ചുമത്തുന്ന പിഴയുടെ 2.5 ശതമാനമോ അല്ലെങ്കിൽ 10 ലക്ഷം റിയാലോ (ഇതിൽ ഏറ്റവും ചുരുങ്ങിയ സംഖ്യ) പാരിതോഷികം നൽകുന്നതിനാണ് തീരുമാനം.  സെലക്ടീവ് ടാക്‌സുമായി ബന്ധപ്പെട്ട ഉൽപന്നങ്ങളിൽ സീൽ ചെയ്തതിന് ശേഷം മാത്രമേ രാജ്യത്ത് വിൽപന നടത്തുന്നതിന് അനുവാദമുള്ളൂ. നിയമ ലംഘനങ്ങൾ നിരീക്ഷിക്കാൻ രാജ്യവ്യാപകമായി വാണിജ്യ, നിക്ഷേപ മന്ത്രാലയത്തിന്റെ സഹകരണത്തോടെ 18 സംഘങ്ങളെ സകാത്, നികുതി അതോറിറ്റി നിയോഗിച്ചിട്ടുണ്ട്. 


സെലക്ടീവ് ടാക്‌സിനെ കുറിച്ചുള്ള മുഴുവൻ വിശദാംശങ്ങളും അതോറിറ്റിയുടെ വെബ്‌സൈറ്റിൽ ലഭ്യമാക്കിയിട്ടുണ്ട്. കൂടാതെ ഉപയോക്താക്കൾക്ക് 199099 എന്ന ടോൾ ഫ്രീ നമ്പറിലൂടെയും സെലക്ടീവ് ടാക്‌സ് സംബന്ധിച്ച് കൂടുതൽ അറിയാനും സംവിധാനമുണ്ട്. മാർജൻ ഫ്രീ മാർക്കറ്റിൽ നിയമവിധേയമായ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന ഷോപ്പുകളിൽനിന്ന് വാങ്ങുന്ന ഉൽപന്നങ്ങളെ സെലക്ടീവ് ടാക്‌സിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. അതുപോലെ, നയതന്ത്ര സമിതികൾ, എംബസികൾ, കോൺസുലേറ്റുകൾ, അന്താരാഷ്ട്ര സംഘടനകൾ എന്നിവക്കും ഈ നിയമം ബാധകമായിരിക്കില്ല.


സെലക്ടീവ് ടാക്‌സ് ബാധകമായ ഉൽപന്നങ്ങളുടെ ക്രയവിക്രയവുമായി ബന്ധപ്പെട്ട രേഖകളും ബില്ലുകളും ചുരുങ്ങിയത് അഞ്ചു വർഷമെങ്കിലും സൂക്ഷിക്കാത്തവർ അര ലക്ഷം റിയാൽ പിഴ ഒടുക്കേണ്ടി വരുമെന്ന് സകാത്ത്, നികുതി അതോറിറ്റി മുന്നറിയിപ്പ് നൽകുന്നു. അതോറിറ്റി ആവശ്യപ്പെടുന്ന രേഖകൾ സമർപ്പിക്കാത്തവർക്കും ഉദ്യോഗസ്ഥരെ കൃത്യനിർവഹണത്തിൽ നിന്ന് തടയുന്നവർക്കും നിയമത്തിലെ മറ്റു വകുപ്പുകൾ ലംഘിക്കുന്നവർക്കും പിഴ ലഭിക്കും. നിയമ ലംഘനം ആവർത്തിക്കുന്നവർക്ക് ഇരട്ടി തുക പിഴ ചുമത്തുകയോ ആറു മാസത്തേക്ക് ലൈസൻസ് മരവിപ്പിക്കുകയോ ചെയ്യും. 


നികുതി വെട്ടിപ്പ് നടത്തുന്നവർക്ക് നിയമാനുസൃതം അടയ്‌ക്കേണ്ട നികുതിയുടെ മൂന്നിരട്ടിക്ക് തുല്യമായ തുക പിഴ ചുമത്തും. 
വ്യാജ വിവരങ്ങൾ സമർപ്പിക്കുന്നത് നികുതി വെട്ടിപ്പായി കണക്കാക്കും. സെലക്ടീവ് ടാക്‌സ് ബാധകമായ ഉൽപന്നങ്ങൾ നികുതി അടയ്ക്കാതെ നിയമ വിരുദ്ധമായി സൗദിയിൽ പ്രവേശിപ്പിക്കുന്നതും സൗദിയിൽ നിന്ന് പുറത്തേക്ക് കൊണ്ടുപോകുന്നതും നികുതി അടയ്ക്കാതെ ഉൽപന്നങ്ങൾ നിർമിക്കുന്നതും കൈകാര്യം ചെയ്യുന്നതും വാങ്ങുന്നതുമെല്ലാം നികുതി വെട്ടിപ്പായി കണക്കാക്കും. എന്നാൽ കച്ചവട താൽപര്യമില്ലാതെ സൗദിയിലേക്ക് വരുന്ന യാത്രക്കാർക്ക് കുറഞ്ഞ അളവിൽ സെലക്ടീവ് ടാക്‌സ് ബാധകമായ ഉൽപന്നങ്ങൾ കൊണ്ടുവരുന്നത് കുറ്റകരമല്ല.  
 

Latest News