Sorry, you need to enable JavaScript to visit this website.

ദൗത്യം വിജയം; റിയാദില്‍ അനാഥരായ എട്ട് കുട്ടികളെ കാനഡയിലെത്തിച്ചു

റിയാദ്- മാതാപിതാക്കളുടെ അകാല നിര്യാണം മൂലം അനാഥരായ എട്ട് കുട്ടികൾക്ക് സാമൂഹിക പ്രവർത്തകരുടെ ഇടപെടലിൽ ആശ്വാസം. തെലങ്കാന ഹൈദരാബാദ് സ്വദേശികളായ മുഹമ്മദലിയുടെയും ആയിശ സിദ്ദീഖിയുടെയും എട്ട് മക്കൾക്കാണ് സാമൂഹിക പ്രവർത്തകനായ ശിഹാബ് കൊട്ടുകാടിന്റെ ഇടപെടലിൽ ഫൈനൽ എക്‌സിറ്റ് ലഭിച്ച് കാനഡയിലെ ബന്ധുക്കളുടെ അടുത്തേക്ക് എത്താനായത്.
റിയാദ് ശിഫയിലായിരുന്നു ഇവരുടെ താമസം. വർക്‌ഷോപ്പിൽ ജോലി ചെയ്തായിരുന്നു മുഹമ്മദലി കുടുംബം പുലർത്തിയിരുന്നത്. അതിനിടെ മുഹമ്മദലിയും ആയിശയും രോഗികളാവുകയും 2018 മാർച്ചിൽ ആയിശ രോഗബാധിതയായി മരിക്കുകയും ചെയ്തു. മൂത്ത കുട്ടികൾ വർക്‌ഷോപ്പിൽ ജോലി ചെയ്തായിരുന്നു രോഗിയായ പിതാവിനെയും ഇളയ സഹോദരങ്ങളെയും നോക്കിയിരുന്നത്. കഴിഞ്ഞ മാസം മുഹമ്മദലിയും മരിച്ചതോടെ കുട്ടികൾ വീട്ടിൽ തനിച്ചായി.
കുട്ടികളുടെ ദയനീയാവസ്ഥ അറിഞ്ഞ ഹൈദരാബാദ് പ്രവാസി അസോസിയേഷൻ അംഗങ്ങളായ അബ്ദുൽ ഖയ്യൂം, ഷാനവാസ് എന്നിവർ കുട്ടികളെ അവരുടെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോവുകയും നിയമപരമായ പരിഹാരത്തിന് സഹായം തേടി ശിഹാബ് കൊട്ടുകാടിനെ സമീപിക്കുകയും ചെയ്തു. 


ഇതിനിടെ കാനഡയിലുള്ള കുട്ടികളുടെ പിതൃസഹോദരി ഹാജറാ ഖാൻ വിവരമറിയുകയും അവരെ അവിടേക്ക് കൊണ്ടുപോയി സംരക്ഷിക്കാൻ താത്പര്യം പ്രകടിപ്പിക്കുകയും ചെയ്തു. നടപടികളുടെ ഭാഗമായി കനേഡിയൻ എംബസിക്ക് അപേക്ഷ നൽകുകയും തന്റെ രണ്ട് മക്കളെ റിയാദിലേക്ക് അയക്കുകയും ചെയ്തു. മൂത്ത മക്കളായ മുഹ്‌യുദ്ദീൻ അലി ബാഷ (18), ഹിദായത്തലി (16) എന്നിവർ നാട്ടിൽ നിന്ന് ഇവരോടൊപ്പം 2009 ൽ റിയാദിലെത്തിയതായിരുന്നു. ഇവർ രണ്ടുപേരും നാലാം ക്ലാസ് വരെ സ്‌കൂളിൽ പോയിട്ടുണ്ട്. എന്നാൽ റിയാദിൽ ജനിച്ച മറ്റു കുട്ടികളൊന്നും സ്‌കൂൾ വിദ്യാഭ്യാസം നേടിയിട്ടുണ്ടായിരുന്നില്ല. തുടർന്ന് ശിഹാബ് കൊട്ടുകാട് വിഷയം ഇന്ത്യൻ എംബസിയെ അറിയിക്കുകയും ഫൈനൽ എക്‌സിറ്റ് നടപടികൾക്കായി ജവാസാത്തുമായി ബന്ധപ്പെടുകയും ചെയ്തു. 
അപ്പോഴാണ് പിതാവ് ഹുറൂബാണെന്നും രണ്ടു കുട്ടികളെ ഇഖാമയിൽ ചേർത്തിട്ടില്ലെന്നും അറിഞ്ഞത്. ലേബർ ഓഫീസുമായി ബന്ധപ്പെട്ട് ഹുറൂബ് ഒഴിവാക്കിയെങ്കിലും പ്രശ്‌നം തീർന്നില്ല. വീണ്ടും ജവാസാത്തിലെത്തിയപ്പോഴാണ് സ്‌പോൺസറുടെ സ്ഥാപനത്തിന്റെ സിസ്റ്റം ബ്ലോക്കാണെന്നറിഞ്ഞത്. തുടർന്ന് തർഹീലിലേക്ക് പോകുകയും നടപടികൾ പൂർത്തിയാക്കി ഫൈനൽ എക്‌സിറ്റ് നേടുകയും ചെയ്തു.  കനേഡിയൻ എംബസി വിഷയം ഗൗരവമായി പരിഗണിക്കുകയും കുട്ടികൾക്ക് ഒരു വർഷത്തെ വിസ അനുവദിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം കാനഡയിലേക്ക് പറന്ന അവർ ബന്ധുക്കളോടൊപ്പം ചേരുകയായിരുന്നു. 

Latest News