റിയാദ് - യെമനില്‍ സ്ത്രീകളും കുട്ടികളും അടക്കമുള്ള സാധാരണക്കാരുടെ ജീവന് ഭീഷണിയായി ഹൂത്തി മിലീഷ്യകള്‍ ജനവാസ കേന്ദ്രങ്ങളിലും മറ്റും കുഴിച്ചിട്ട മൈനുകള്‍ നീക്കം ചെയ്യുന്നതിനിടെ ആറ് സാങ്കേതിക വിദഗ്ധര്‍ കൊല്ലപ്പെട്ടു.
കിംഗ് സല്‍മാന്‍ ഹ്യുമാനിറ്റേറിയന്‍ എയിഡ് ആന്റ് റിലീഫ് സെന്റര്‍ പദ്ധതിക്കു കീഴില്‍ സേവനമനുഷ്ഠിച്ചുവന്ന ആറു വിദഗ്ധരാണ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടത്. തെക്കുപടിഞ്ഞാറന്‍ യെമനിലെ തഇസില്‍ പെട്ട മൊഖാ നഗരത്തില്‍ നീക്കം ചെയ്ത മൈനുകള്‍ സൂക്ഷിച്ച ഗോഡൗണിലുണ്ടായ സ്‌ഫോടനത്തിലാണ് യെമനി വിദഗ്ധര്‍ കൊല്ലപ്പെട്ടത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ഡ്രൈവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. സ്‌ഫോടനത്തില്‍ ഗോഡൗണ്‍ പൂര്‍ണമായും തകര്‍ന്നു.
ഹൂത്തികള്‍ കുഴിച്ചിട്ട മൈനുകള്‍ നിരവധി സാധാരണക്കാരുടെ ജീവന്‍ അപഹരിച്ചിട്ടുണ്ട്. ജനവാസ കേന്ദ്രങ്ങളിലും മറ്റും മൈനുകള്‍ കുഴിച്ചിടുന്നത് തുടരുന്ന ഹൂത്തികളെ ചെറുക്കാന്‍ ഐക്യരാഷ്ട്ര സഭയും മനുഷ്യാവകാശ സംഘടനകളും ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് കിംഗ് സല്‍മാന്‍ ഹ്യുമാനിറ്റേറിയന്‍ എയിഡ് ആന്റ് റിലീഫ് സെന്റര്‍ ആവശ്യപ്പെട്ടു.