Sorry, you need to enable JavaScript to visit this website.

ലോകത്തെ ഏറ്റവും വലിയ തെരഞ്ഞെടുപ്പു നടത്തി കുഴങ്ങി; ഇന്തോനേഷ്യയില്‍ മരിച്ചത് 270 ഉദ്യോഗസ്ഥര്‍

ജക്കാര്‍ത്ത- ഒറ്റ ദിവസം ലോകത്തെ ഏറ്റവും വലിയ തെരഞ്ഞെടുപ്പു  നടത്തി ഈയിടെ ഇന്തൊനേഷ്യ ലോക ശ്രദ്ധ നേടിയിരുന്നു. എന്നാല്‍ ഈ തെരഞ്ഞെടുപ്പു മാമാങ്കം അവസാനിച്ച് 10 ദിവസം പിന്നിടുമ്പോള്‍ ശനിയാഴ്ച രാത്രി വരെയുള്ള കണക്കുകള്‍ പ്രകാരം 272 തെരഞ്ഞെടുപ്പു ഉദ്യോഗസ്ഥര്‍ മരിച്ചെന്ന റിപോര്‍ട്ടാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. ഈ ഉദ്യോഗസ്ഥരില്‍ അധികപേരും മരിച്ചത് നീണ്ട മണിക്കൂറുകള്‍ തുടര്‍ച്ചയായി ജോലി ചെയ്ത്  ക്ഷീണം പിടിച്ചാണ്. ബാലറ്റ് പേപ്പറുകള്‍ കൈ കൊണ്ടാണ് എണ്ണിത്തിട്ടപ്പെടുത്തുന്നത്. മടുപ്പിക്കുന്ന ഈ വോട്ടെണ്ണലാണ് ഇത്രയും ഉദ്യോഗസ്ഥരെ മരണത്തിലേക്കു തള്ളിവിട്ടതെന്നും ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞതായി റോയിട്ടേഴ്സ് റിപോര്‍ട്ട് ചെയ്യുന്നു. ഇതിനു പുറമെ 1,878 ഉദ്യോഗസ്ഥര്‍ രോഗബാധിതരായിട്ടുണ്ടെന്നും ജനറല്‍ ഇലക്ഷന്‍ കമ്മീഷന്‍ വക്താവ് ആരിഫ് പ്രിയോ സുസാന്തോ പറയുന്നു.

ഊദ്യോഗസ്ഥരുടെ ഉയര്‍ന്ന മരണനിരക്കിനെ തുടര്‍ന്ന് തെരഞ്ഞെടുപ്പു ഉദ്യോഗസ്ഥര്‍ക്ക് ആരോഗ്യ പരിചരണവും സൗകര്യങ്ങളും ഒരുക്കണമെന്ന് ആരോഗ്യ മന്ത്രാലയം മൂന്നു ദിവസം മുമ്പ് പ്രത്യേക സര്‍ക്കുലര്‍ ഇറക്കിയിരുന്നു. മരിച്ച ഉദ്യോഗസ്ഥരുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കുന്ന കാര്യ ധനമന്ത്രാലയം പരിഗണിച്ചു വരികയാണെന്നും സുസാന്തോ അറിയിച്ചു. മരണനിരക്ക് ഉയര്‍ന്നതോടെ തെരഞ്ഞെടുപ്പു കമ്മീഷനെതിരെ വലിയ പ്രതിഷേധം ഉയരുന്നുണ്ട്.

ഏപ്രില്‍ 17-നാണ് ഇന്തൊനേഷ്യയില്‍ ഏക ദിന തെരഞ്ഞെടുപ്പു നടന്നത്. ചെലവ് ചുരുക്കാനായി പ്രസിഡന്റ് തെരഞ്ഞെടുപ്പും ദേശീയ പാര്‍ലമെന്റിലേക്കും പ്രാദേശിക നിയമനിര്‍മ്മാണ സഭകളിലേക്കുമുള്ള തെരഞ്ഞെടുപ്പും ഒറ്റ ദിവസം നടത്തുകയായിരുന്നു. 26 കോടി ജനങ്ങളുള്ള രാജ്യത്ത് 19.3 കോടി ജനങ്ങള്‍ക്കാണ് വോട്ടവകാശമുള്ളത്. പൊതുവെ സമാധാനപരമായി നടന്ന തെരഞ്ഞെടുപ്പില്‍ 80 ശതമാനത്തോളം പോളിങ് രേഖപ്പെടുത്തിയിരുന്നു. എല്ലാ തെരഞ്ഞെടുപ്പും ഒന്നിച്ചായിരുന്നതിനാല്‍ ഓരോ വോട്ടര്‍ക്കും അഞ്ചു ബാലറ്റ് പേപ്പറുകളിലാണ് വോട്ടു രേഖപ്പെടുത്തേണ്ടിയിരുന്നത്.  

പടിഞ്ഞാറു നിന്നും കിഴക്കു വരെ അയ്യായിരത്തിലേറെ കിലോമീറ്റര്‍ ദൂരം നീണ്ടു കിടക്കുന്ന രാജ്യത്ത് ഇത്ര വലിയ തെരഞ്ഞെടുപ്പു ഒറ്റ ദിവസം നടത്തുന്നത് ഏറ്റവും വലിയ വെല്ലുവിളിയായത് ഡ്യുട്ടിക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ക്കാണ്. ബാലറ്റ് പേപ്പറിലാണ് വോട്ടെടുപ്പു നടന്നത് എന്നതിനാല്‍ ഇത്രയും വോട്ടുകള്‍ കൈ കൊണ്ടാണ് ഉദ്യോഗസ്ഥര്‍ക്ക് എണ്ണിത്തീര്‍ക്കേണ്ടത്. ഇതിപ്പോഴും തുടരുകയാണ്. മേയ് 22-നാണ് ഫലം പ്രഖ്യാപിക്കുക.

Latest News