കാണാതായ ബാലികയെ ദിവസങ്ങള്‍ക്കു ശേഷം അയല്‍വീട്ടിലെ അടച്ചിട്ട ശുചിമുറിയില്‍ കണ്ടെത്തി; സംഭവിച്ചത് ഇങ്ങനെ

ഹൈദരാബാദ്- തെലങ്കാനയിലെ മഖ്തലില്‍ ഏപ്രില്‍ 20-ന് കാണാതായ ഏഴു വയസ്സുകാരി ബാലികയെ അയല്‍വീട്ടിലെ അടച്ചിട്ട ശുചിമുറിക്കുള്ളില്‍ കണ്ടെത്തി. വീട്ടിലെ ടെറസിനു മുകളില്‍ കളിച്ചു കൊണ്ടിരിക്കെ കാല്‍ തെന്നി താഴെ അയല്‍വീട്ടിലെ ശുചിമുറിയിലേക്ക് വീഴുകയായിരുന്നു. എന്നാല്‍ ഈ വിട് അടച്ചു പൂട്ടി ഉടമ പോയിരുന്നതിനാല്‍ ദിവസങ്ങളോളം കുട്ടിയെ കണ്ടെത്താനായില്ല. ബാത്ത് റൂമിലെ ബക്കറ്റിലുണ്ടായിരുന്ന വെള്ളം മാത്രം കുടിച്ചാണ് നാലു ദിവസം കഴിച്ചു കൂട്ടിയതെന്ന് കുട്ടി പറഞ്ഞു.  കുട്ടിക്ക് പരിക്കുകളൊന്നുമില്ല. അയല്‍വീടിന്റെ മേല്‍ക്കൂരയുടെ തുറന്ന പ്ലാസ്റ്റിക് നെറ്റിട്ട ഭാഗത്തു കൂടിയാണ് കുട്ടി അകത്തെ ശുചിമുറിയിലേക്കു വീണത്. ഇവിടെ കയര്‍ ഉപയോഗിച്ച് അയ കെട്ടിയിരുന്നതിനാല്‍ വീഴ്ചയ്ക്കിടെ കുട്ടി ഈ കയറുകളില്‍ പിടിച്ചു പിന്നീട് താഴേക്ക് ഇറങ്ങുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പെണ്‍കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് പോലീസ് വ്യാപക തിരച്ചില്‍ നടത്തി വരികയായിരുന്നു.

ഇതിനിടെയാണ് ഹൈദാരാബാദിലേക്ക് പോയിരുന്ന വീട്ടുടമ വെങ്കടേഷ് തിരിച്ചെത്തി വീട് തുറക്കുന്നത്. വെങ്കിടേഷാണ് ബാത്ത് റൂമിനുള്ളില്‍ പെണ്‍കുട്ടിയെ കണ്ടത്. ഉടന്‍ ബന്ധുക്കളേയും പോലീസിനേയും വിവരമറിയിച്ചു. കുട്ടിയെ ആശുപത്രിയിലേക്കു മാറ്റി.
 

Latest News