Sorry, you need to enable JavaScript to visit this website.

ശ്രീലങ്കന്‍ സേനാ റെയ്ഡിനിടെ മൂന്ന് ഭീകരർ പൊട്ടിത്തെറിച്ചെന്ന് ഐഎസ്; തൗഹീദ് ജമാഅത്തിന് നിരോധനം

നാഷണല്‍ തൗഹീദ് ജമാഅത്ത്, ജമാഅത്തെ മില്ലത്തു ഇബ്രാഹിം എന്നീ സംഘടനകള്‍ നിരോധിച്ചു

കൊളംബോ- കിഴക്കന്‍ ശ്രീലങ്കയിലെ മുസ്ലിംകള്‍ തിങ്ങിപ്പാര്‍ക്കുന്ന മേഖലയില്‍ കഴിഞ്ഞ ദിവസം ശ്രീലങ്കന്‍ സൈന്യവും പോലീസും നടത്തിയ സംയുക്ത റെയ്ഡിനിടെ തങ്ങളുടെ ഭീകരരായ മൂന്ന് ചാവേറുകള്‍ പൊട്ടിത്തെറിച്ചെന്ന് അവകാശപ്പെട്ട്  ഐഎസ് രംഗത്തെത്തി. ആറു കുട്ടികളുള്‍പ്പെടെ 15 പേര്‍ സൈനിക നടപടിയില്‍ കൊല്ലപ്പെട്ടിരുന്നു. 

ഐഎസ് ഭീകരരായ അബു ഹമ്മാദ്, അബു സുഫ് യാന്‍, അബു അല്‍ ഖഅദ എന്നിവരാണ് ആത്മഹത്യ ചെയ്തതെന്ന് ഐഎസ് വാര്‍ത്താ ഏജന്‍സിയായ ആമാഖ് ഞായറാഴ്ച പുറത്തുവിട്ട റിപോര്‍ട്ടില്‍ പറയുന്നു. ഇവരുടെ പക്കലുണ്ടായിരുന്ന യന്ത്രത്തോക്കില്‍ നിന്ന് നിറയൊഴിക്കുകയും ഇതു തീര്‍ന്നപ്പോള്‍ ശരീരത്തില്‍ ഘടിപ്പിച്ച സ്‌ഫോടക ബെല്‍റ്റ് പൊട്ടിച്ച് മരിക്കുകയായിരുന്നെന്നുമാണ് ഐഎസ് അവകാശപ്പെടുന്നത്. ഈ ആക്രമണത്തില്‍ 'അവിശ്വാസികളായ' 17 പേര്‍ കൊല്ലപ്പെട്ടെന്ന തെറ്റായ അവകാശവാദവും ഭീകരര്‍ ഉന്നയിച്ചു. ആംപാറ ജില്ലയിലുണ്ടായ ഏറ്റുമുട്ടലില്‍ 15 പേരാണ് കൊല്ലപ്പെട്ടതെന്ന് ശ്രീലങ്കന്‍ സൈന്യം നേരത്തെ സ്ഥിരീകരിച്ചതാണ്.

അതിനിടെ ഭീകരാക്രമണത്തില്‍ പങ്കുണ്ടെന്ന് ആരോപിക്കപ്പെടുന്ന നാഷണല്‍ തൗഹീദ് ജമാഅത്ത്, ജമാഅത്തെ മില്ലത്തു ഇബ്രാഹിം എന്നീ സംഘടനകളെ ശ്രീലങ്കയില്‍ നിരോധിച്ചതായി പ്രസിഡന്റ് മൈത്രിപാല സിരിസേന ഉത്തരവിട്ടു. പ്രത്യേക അധികാരമുപയോഗിച്ചാണ് ഈ സംഘടനകളെ പ്രസിഡന്റ് നിരോധിച്ചത്. ഇവരുടെ സ്വത്തുകള്‍ മരവിപ്പിക്കാനും പ്രവര്‍ത്തനം തടയാനും മറ്റു തീവ്രവാദ സംഘടനകള്‍ നിരോധിക്കാനും നടപടികള്‍ സ്വീകരിക്കുമെന്നും പ്രസിഡന്റിന്റെ മാധ്യമ ഓഫീസ് അറിയിച്ചു.
 

Latest News