റിയാദ്- ദേശീയ ജല കമ്പനിക്ക് സർക്കാർ വകുപ്പുകളിൽ നിന്നും പാർപ്പിട, വാണിജ്യ മേഖലകളിൽ നിന്നും 450 കോടി റിയാൽ ബിൽ കുടിശ്ശിക ലഭിക്കാനുള്ളതായി കമ്പനി സി.ഇ.ഒയും പരിസ്ഥിതി, ജല, കൃഷി മന്ത്രാലയ അണ്ടർ സെക്രട്ടറിയുമായ എൻജിനീയർ മുഹമ്മദ് അൽ മൂകിലി പറഞ്ഞു. കുടിശ്ശിക പിരിച്ചെടുക്കുന്നതിന് ദേശീയ ജല കമ്പനിയും മന്ത്രാലയവും പുതിയ ക്രമീകരണം ഏർപ്പെടുത്തും. പാർപ്പിട മേഖലയിൽ നിന്നു മാത്രം 150 കോടി റിയാൽ കമ്പനിക്ക് കുടിശ്ശികയുണ്ട്. ഇത് ഈടാക്കുന്നതിന് ദേശീയ ജല കമ്പനിയെയും പരിസ്ഥിതി, ജല, കൃഷി മന്ത്രാലയത്തെയും സൗദി ക്രെഡിറ്റ് ബ്യൂറോയുമായി (സിമ) ബന്ധിപ്പിക്കും.
സർക്കാർ വകുപ്പുകളിൽ നിന്ന് 140 കോടി റിയാൽ കുടിശ്ശികയാണ് കിട്ടാനുള്ളത്. ഇത് ഈടാക്കുന്നതിന് ധനമന്ത്രാലയവുമായി ഏകോപനം നടത്തും. വാണിജ്യ മേഖലയിൽ നിന്ന് ലഭിക്കാനുള്ള 160 കോടി റിയാൽ കുടിശ്ശിക വസൂലാക്കുന്നതിന് വാണിജ്യ, നിക്ഷേപ മന്ത്രാലയവുമായി സഹകരിക്കും. കുടിശ്ശിക അടക്കാൻ നിർബന്ധിക്കുന്നതിന് ബന്ധപ്പെട്ട സ്ഥാപനങ്ങൾക്ക് വാണിജ്യ, നിക്ഷേപ മന്ത്രാലയത്തിൽ നിന്നുള്ള മുഴുവൻ സേവനങ്ങളും നിർത്തിവെക്കും. കുടിശ്ശികയുടെ 80 ശതമാനമെങ്കിലും പിരിഞ്ഞു കിട്ടിയിരുന്നെങ്കിൽ കൂടുതൽ മികച്ച സേവനങ്ങൾ ഉപയോക്താക്കൾക്ക് നൽകാൻ കമ്പനിക്ക് സാധിക്കും.
ആറു മാസം മുമ്പ് കൃത്യമായി ജല ബിൽ അടച്ചിരുന്നവർ 20 ശതമാനം മാത്രമായിരുന്നു. ഇപ്പോൾ ബിൽ അടക്കുന്നവർ 40 ശതമാനമായി ഉയർന്നിട്ടുണ്ട്. ഈ വർഷാവസാനത്തിനു മുമ്പായി ഇത് 75 ശതമാനമായി ഉയർത്തുന്നതിനാണ് കമ്പനി ലക്ഷ്യമിടുന്നത്. സുസ്ഥിര സേവനത്തിനും ഗുണമേന്മക്കും സേവന നിരക്കുകൾ മുടക്കം കൂടാതെ ലഭിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ജല, മലിനജല സേവന ഉപയോക്താക്കൾ വിവരങ്ങൾ പുതുക്കണമെന്ന് ദേശീയ ജല കമ്പനി ആവശ്യപ്പെട്ടിട്ടുണ്ട്.
ഓൺലൈൻ ശാഖ വഴിയോ ഏകീകൃത കോൾ സെന്ററിൽ ബന്ധപ്പെട്ടോ കസ്റ്റമർ സർവീസ് ശാഖകളെ സമീപിച്ചോ ആണ് വിവരങ്ങൾ പുതുക്കേണ്ടത്. വിവരങ്ങൾ പുതുക്കാത്തതു മൂലം ചില ഉപയോക്താക്കൾക്ക് ബില്ലുകൾ ലഭിക്കുന്നില്ല. ജല കണക്ഷൻ വിച്ഛേദിക്കപ്പെടാതിരിക്കുന്നതിന് വിവരങ്ങൾ പുതുക്കൽ നിർബന്ധമാണെന്നും ദേശീയ ജല കമ്പനി പറഞ്ഞു.






