Sorry, you need to enable JavaScript to visit this website.

വോട്ടിങ് യന്ത്രത്തില്‍ ചിഹ്നത്തിനൊപ്പം 'ബിജെപി'യും; നീക്കണമെന്ന് പ്രതിപക്ഷം

ന്യൂദല്‍ഹി- വോട്ടിങ് യന്ത്രങ്ങളില്‍ തെരഞ്ഞെടുപ്പു ചിഹ്നത്തിനൊപ്പം ബിജെപിയുടെ പേരും ചേര്‍ത്തെന്നാരോപിച്ച് പ്രതിപക്ഷ നേതാക്കള്‍ തെരഞ്ഞെടുപ്പു കമ്മീഷനു പരാതി നല്‍കി. ഈ പിഴവി തിരുത്താന്‍ കമ്മീഷന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണര്‍ സുനില്‍ അറോറയെ സന്ദര്‍ശിച്ച് പ്രതിപക്ഷ നേതാക്കള്‍ ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് നേതാവ് അഭിഷേക് മനു സിങ്‌വി, തൃണമൂല്‍ നേതാവ് ഡെരക് ഓബ്രെയ്ന്‍, ദിനേശ് ത്രിവേദി എന്നിവരാണ് കമ്മീഷണറെ നേരിട്ടു കണ്ട് പരാതി നല്‍കിയത്. ഒന്നുകില്‍ ബിജെപിയുടെ പേര് വോട്ടിങ് യന്ത്രത്തില്‍ നിന്ന് നീക്കം ചെയ്യുക അല്ലെങ്കില്‍ മറ്റു പാര്‍ട്ടികളുടെ പേരകളും ചേര്‍ക്കുക എന്നാണ് ഇവര്‍ ഉന്നയിച്ച ആവശ്യം. വോട്ടിങ് യന്ത്രങ്ങളില്‍ ബിജെപിയുടെ പേര് ചിഹ്നത്തിനൊപ്പം വ്യക്തമായി കാണുന്നുണ്ട്. ഒരു പാര്‍ട്ടിക്കും ചിഹ്നത്തിനൊപ്പം പേര് ചേര്‍ക്കാനാവില്ല- സിങ്‌വി പറഞ്ഞു.

2013-ല്‍ പരിഷ്‌ക്കരിച്ച ബിജെപിയുടെ താമര ചിഹ്നത്തില്‍ താമരയുടെ തണ്ടിനടിയിലെ വെള്ളത്തെ സൂചിപ്പിക്കുന്ന വരകളാണ് ബിജെപി എന്ന അനായാസം വായിച്ചെടുക്കാവുന്ന രീതിയില്‍ നല്‍കിയിരിക്കുന്നത്. ഇതിനെതിരെ തൃണമൂല്‍ നേതാവ് മമത ബാനര്‍ജി വെള്ളിയാഴ്ച രംഗത്തെത്തിയിരുന്നു. ഈ ആരോപണമുയര്‍ന്നതിനെ തുടര്‍ന്ന് താമര ചിഹ്നത്തോടൊപ്പമുള്ള വരകള്‍ പാര്‍ട്ടിയുടെ പേരിനെ സൂചിപ്പിക്കുന്നതല്ലെന്ന് തെരഞ്ഞെടുപ്പു കമ്മീഷന്‍ ബംഗാളിലെ മുഖ്യ തെരഞ്ഞെടുപ്പു ഓഫീസറെ അറിയിച്ചിരുന്നു.
 

Latest News