Sorry, you need to enable JavaScript to visit this website.

രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ബിജെപി മെട്രോമാനെ ഇറക്കുമോ ?

തിരുവനന്തപുരം-  പ്രതിപക്ഷ കക്ഷികളെ സമ്മര്‍ദത്തിലാക്കുകയെന്ന ലക്ഷ്യത്തോടെ ബിജെപി മെട്രോമാന്‍ ഇ ശ്രീധരനെയും രാഷ്ട്രപതി സ്ഥാനത്തേക്കു പരിഗണിക്കുന്നു. രാഷ്ട്രീയത്തിനതീതമായി വികസന നായകനായ ഇ ശ്രീധരനെ അവതരിപ്പിക്കുന്നതിലൂടെ എതിര്‍ത്തു നില്‍ക്കുന്ന പ്രതിപക്ഷ കക്ഷികളെ വരുതിയിലാക്കാമെന്ന   ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ പ്രതീക്ഷയാണ് ശ്രീധരന്റെ പേരും രാഷ്ട്രപതി സ്ഥാനാര്‍ഥിയായി പരിഗണിക്കുന്നതിനു പിന്നിലെന്നാണ് സൂചന. മലയാളിയായ ശ്രീധരന്‍ രാഷ്ട്രപതി സ്ഥാനാഥിയായി എത്തുന്നതിനോടു കേരളത്തിലെ ബിജെപി നേതൃത്വവും പച്ചക്കൊടി കാട്ടിയതായാണ് വിവരം. കേരളത്തില്‍ സര്‍വ സമ്മതനായ ശ്രീധരനെ സ്ഥാനാര്‍ഥിയായി എത്തിക്കുന്നതിലൂടെ ബിജെപിക്കു കേരളത്തില്‍ കൂടുതല്‍ സ്വീകാര്യത നേടിയെടുക്കാനാവുമെന്നും കേന്ദ്ര നേതൃത്വത്തിനും സംസ്ഥാന നോതാക്കള്‍ക്കും പ്രതീക്ഷയുണ്ട്.

അടുത്ത ദിവസം കൊച്ചി മെട്രോ ഉദ്ഘാടന ചടങ്ങിലെ പട്ടികയില്‍ നിന്നു ശ്രീധരന്റെ പേരുവെട്ടിയത് ഏറെ വിമര്‍ശനങ്ങള്‍ ക്ഷണിച്ചു വരുത്തിയിരുന്നു. കേരളത്തിലെ ബിജെപിയെ സംബന്ധിച്ചിടത്തോളം കിട്ടിയ വലിയ അടികളിലൊന്നായിരുന്നു ഇത്. പിന്നീട് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ അഭ്യര്‍ഥന പ്രകാരമാണ് ഇ ശ്രീധരനെയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെയും ഉദ്ഘാടന ചടങ്ങിനുള്ള പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ കേന്ദ്രം തയാറായത്. അതേസമയം രാഷ്ട്രപതി സ്ഥാനാര്‍ഥിത്വം സംബന്ധിച്ച ഊഹാപോഹങ്ങള്‍ പ്രചരിക്കുമ്പോഴും ഇ ശ്രീധരന്‍ ഇതിനോടു മനസു തുറക്കാത്തത് ബിജെപിയെ വിഷമിപ്പിക്കുന്നുമുണ്ട്. രാഷ്ട്രപതിയാകാന്‍ മോഹമില്ലെന്നും തനിക്കതിനുള്ള യോഗ്യതയില്ലെന്നുമാണ് രാഷ്ട്രപതി സ്ഥാാര്‍ഥി ചര്‍ച്ചകളെക്കുറിച്ചുള്ള ശ്രീധരന്റെ പ്രതികരണം.

Latest News