മോഡി ധരിക്കുന്ന കുര്‍ത്തയുടെ അളവ് മമതക്ക് എങ്ങനെ അറിയാമെന്ന് രാജ് ബബ്ബാര്‍

കൊല്‍ക്കത്ത- പ്രധാനമന്ത്രി നരേന്ദ്ര മോഡി ധരിക്കുന്ന കുര്‍ത്തയുടെ അളവ് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക് എങ്ങനെ അറിയാമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രാജ് ബബ്ബാര്‍.
മമതാ ബാനര്‍ജി നേരിട്ട് കുര്‍ത്ത തെരഞ്ഞെടുത്ത് തനിക്ക് സമ്മാനമായി അയച്ചു തരാറുണ്ടെന്ന്  രണ്ടു ദിവസം മുമ്പ് പ്രധാനമന്ത്രി മോഡിനല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

മോഡിയുടെ നെഞ്ചളവ് 56 ഇഞ്ച് ഉണ്ടോ എന്നായിരുന്നു നേരത്തെ ഉന്നയിച്ച സംശയം. എന്നാല്‍ മമതാജിക്ക് മോഡി ധരിക്കുന്ന കുര്‍ത്തയുടെ അളവ് കൃത്യമായി അറിയാം.
 പശ്ചിമ ബംഗാളിലെ രണ്ട് ഉല്‍പന്നങ്ങളാണ് ലോകത്താകെ പ്രശസ്തമായത്. ഒന്ന് വീടുകളില്‍ ഉണ്ടാക്കുന്ന മിഠായിയും രണ്ടാമത്തേത് കുര്‍ത്തയുമാണ്. ഇന്നുവരെ മമതാജി ഇതില്‍നിന്ന് ഏതെങ്കിലുമൊന്ന് നമുക്കാര്‍ക്കും അയച്ചു തന്നിട്ടില്ല. സമ്മാനം നല്‍കുന്നുണ്ടെങ്കില്‍ അത് ഒരാള്‍ക്ക് മാത്രമാണ്- രാജ് ബബ്ബാര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

നടന്‍ അക്ഷയ് കുമാറിനു നല്‍കിയ രാഷ്ട്രീയമില്ലാത്ത അഭിമുഖത്തിലാണ് പ്രധാനമന്ത്രി മോഡി മമത തനിക്ക് കുര്‍ത്ത അയക്കാറുള്ള കാര്യം വെളിപ്പെടുത്തിയത്. മമതാ ബാനര്‍ജിയടക്കം പ്രതിപക്ഷത്ത് മോഡിക്ക് നിരവധി സുഹൃത്തുക്കളുണ്ടെന്ന അക്ഷയ് കുമാറിന്റെ പരാമര്‍ശത്തിനായിരുന്ന മോഡിയുടെ മറുപടി.

മമതയുടെ ബി.ജെ.പി വിരുദ്ധ നിലപാടിനെ കുറിച്ച് ചോദിച്ചപ്പോള്‍ ബംഗാളില്‍ ബി.ജെ.പിയുടെ വളര്‍ച്ചക്ക് അവര്‍ സഹായിക്കുകയാണെന്നായിരുന്നു രാജ് ബബ്ബാറിന്റെ പ്രതികരണം. തെരഞ്ഞെടുപ്പില്‍ പരാജയം ഉറപ്പായ ഭരണകക്ഷി അക്രമം പുറത്തെടുക്കുകയാണെന്നും കോണ്‍ഗ്രസ് നേതാവ് ആരോപിച്ചു. തൃണമൂല്‍ കോണ്‍ഗ്രസ് ജനാധിപത്യത്തെ മാനിക്കാത്തത് ലജ്ജാകരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Latest News