മുംബൈ- 2016-ലെ നോട്ടു നിരോധനത്തിനു ശേഷം റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ എല്ലാ നോട്ടുകള്‍ക്കും പുതിയ രൂപവും ഭാവവും നല്‍കിയപ്പോള്‍ ഡിസൈന്‍ മാറാതെ തുടര്‍ന്ന 20 രൂപയും ഒടുവില്‍ മുഖംമിനുക്കി എത്തുന്നു. പുതിയ 2000, 500, 100, 50 രൂപാ നോട്ടുകളുടെ മാതൃകയില്‍ പച്ച കലര്‍ന്ന മഞ്ഞ നിറത്തിലാണ് പുതിയ മഹാത്മാ ഗാന്ധി സീരിസിലുള്ള 20 രൂപ റിസര്‍വ് ബാങ്ക് അവതരിപ്പിക്കുന്നത്. രാജ്യത്തിന്റെ സാംസ്‌കാരിക പൈതൃകം വിളിച്ചോതുന്ന എല്ലോറ ഗുഹകളുടെ ചിത്രവും അലങ്കാരമായി എതിര്‍ വശത്ത് ചേര്‍ത്തിട്ടുണ്ട്. റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസിന്റെ ഒപ്പോടു കൂടിയ പുതിയ 20 രൂപാ നോട്ടുകളുടെ വലിപ്പം 63 മില്ലിമീറ്റര്‍ വീതിയും 129 മില്ലിമീറ്റര്‍ നീളവുമാണ്. മറ്റു പുതിയ നോട്ടുകളിലെ സ്വച്ഛ് ഭാരത് ലോഗോയും ഈ നോട്ടില്‍ ഇടംപിടിച്ചിട്ടുണ്ട്. നിലവില്‍ വിപണിയിലുള്ള മുന്‍ സീരീസുകളിലുള്ള എല്ലാ 20 രൂപാ നോട്ടുകളും പ്രാബല്യത്തില്‍ തുടരുമെന്നും റിസര്‍വ് ബാങ്ക് വ്യക്തമാക്കി.