ന്യൂദൽഹി- അനുമതിയില്ലാതെ തെരഞ്ഞെടുപ്പ് റാലി സംഘടിപ്പിച്ചതിന് മുൻ ക്രിക്കറ്ററും ബി.ജെ.പി സ്ഥാനാർത്ഥിയുമായ ഗൗതം ഗംഭീറിനെതിരെ പോലീസ് കേസെടുത്തു. ഏപ്രിൽ 25ന് ദൽഹിയിലെ ജംഗ്പുരയിൽ തെരഞ്ഞെടുപ്പു റാലി നടത്തി എന്നാണ് കേസ്. മാതൃകാ തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചുവെന്നാണ് കേസ്. കിഴക്കൻ ദൽഹിയിൽ ബി.ജെ.പിയുടെ ലോക്‌സഭാംഗം മഹേഷ് ഗിരിയെ മാറ്റിയാണ് ഗൗതം ഗംഭീറിനെ സ്ഥാനാർത്ഥിയാക്കിയത്. കോൺഗ്രസിന്റെ അർവീന്ദർ സിംഗ് ലവ്്‌ലി, ആം ആദ്മിയുടെ അതിഷി എന്നിവരാണ് ഇവിടെ മത്സരിക്കുന്ന മറ്റ് സ്ഥാനാർഥികൾ.
ആദ്യം നാമനിർദ്ദേശപത്രികയിലെ വൈരുധ്യങ്ങൾ, രണ്ടു വോട്ടർ തിരിച്ചറിയൽ കാർഡ് കൈവശം വെച്ചതിനുള്ള ക്രമിനൽ കേസ്, ഏറ്റവും ഒടുവിൽ നിയമവിരുദ്ധ റാലി നടത്തിയതിനുള്ള കേസും. താങ്കൾക്ക് ഇനിയും നിയമങ്ങളറിയില്ലേ എന്നായിരുന്നു ആം ആദ്മി സ്ഥാനാർത്ഥി അതിഷിയുടെ ട്വീറ്റ്.
ഗൗതം ഗംഭീർ നാമനിർദ്ദേശപത്രികയിൽ തെറ്റായ വിവരങ്ങൾ ഉൾപ്പെടുത്തിയെന്നാരോപിച്ച് അതിഷി നേരത്തെ ട്വീറ്റ് ചെയ്തിരുന്നു. ദൽഹിയിലെ കരോൾ ബാഗിലും രജിന്ദർ നഗറിലും ഗൗതം ഗംഭീറിന് വോട്ടുകളുണ്ട്. ഇതുമായി ബന്ധപ്പെട്ട കേസ് മെയ് ഒന്നിന് കോടതി പരിഗണിക്കും. 12 കോടി വാർഷിക വരുമാനമുള്ള ഗൗതം ഗംഭീർ ദൽഹിയിലെ ഏറ്റവും വലിയ സമ്പന്ന സ്ഥാനാർത്ഥിയാണ്.