ലണ്ടന്‍- പതിനേഴ് പേരുടെ മരണത്തിനിടയാക്കിയ ഗ്രെന്‍ഫെല്‍ ടവര്‍ തീപ്പിടുത്തമുണ്ടായപ്പോള്‍ സുരക്ഷാ സംവിധാനങ്ങള്‍ പ്രവര്‍ത്തിച്ചു തുടങ്ങുംമുമ്പ് നിരവധി പേർക്ക് രക്ഷയായത് പ്രദേശത്തെ മുസ് ലിം കുടുംബങ്ങള്‍. റമദാനില്‍ പുലര്‍ച്ചെ ഉണര്‍ന്നിരിക്കുന്നവരും പള്ളിയില്‍ പോയി തിരിച്ചു വരുന്നവരുമായ മുസ് ലിം അയല്‍ക്കാരാണ് ആദ്യമായി അപകട മുന്നറിയിപ്പ് നല്‍കിയതും നിരവധി പേരുടെ ജീവന്‍ രക്ഷിക്കാനായി രക്ഷാപ്രവര്‍ത്തനങ്ങളുമായി രംഗത്തെത്തിയതുമെന്ന് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടവരെ ഉദ്ധരിച്ച് ബ്രിട്ടീഷ് പത്രമായ ദ് ഇന്‍ഡിപെന്‍ഡന്‍റ് റിപ്പോര്‍ട്ട് ചെയ്യുന്നു. നിരവധി പേരാണ് വെള്ളവും ഭക്ഷണവും വസ്ത്രങ്ങളുമായി അപകടത്തിനിരയായവരുടെ രക്ഷക്കെത്തിയതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞതായും പത്രം പറയുന്നു.
അപകടത്തില്‍പ്പെട്ടവരെ ടവറില്‍ നിന്ന് പുറത്തെത്തിക്കുന്നതില്‍ പ്രദേശത്തെ മുസ് ലിംകള്‍ വലിയ പങ്കാണ് വഹിച്ചത്. ഞാന്‍ കണ്ടവരില്‍ ഏറെ പേരും മുസ് ലിംകളായിരുന്നു. അവര്‍ ഭക്ഷണവും വസ്ത്രങ്ങളും വിതരണം ചെയ്യുന്നുണ്ടായിരുന്നു- 33കാരനായ ആന്ദ്രെ ബറോസോ പത്രത്തോട് പറഞ്ഞു.
അപകടത്തിനിരയായവരെ സമീപത്തെ പള്ളികളില്‍ പുനരധിവസിപ്പിച്ച് അവര്‍ക്കു ഭക്ഷണം നല്‍കുന്ന വീഡിയോകള്‍ സാമൂഹിക മാധ്യമങ്ങളിലും പ്രചരിക്കുന്നുണ്ട്. ഇവിടുത്തെ സഹായങ്ങളും ഭക്ഷണ വിതരണവും ഫേസ്ബുക്ക് ലൈവായി ഇന്‍ഡിപെന്‍ഡന്റ് സംപ്രേഷണം ചെയ്തിരുന്നു. അപകടത്തില്‍ രക്ഷപ്പെട്ട ഒരു സ്ത്രീ രക്ഷാ പ്രവർത്തനത്തില്‍ മുസ്ലിം യുവാക്കളുടെ പങ്ക് അവിടെ കൂടിയിരുന്നവര്‍ക്കു മുമ്പാകെ വിശദീകരിച്ചു കൊടുക്കുന്ന വീഡിയോയും പത്രം പുറത്തു വിട്ടു.