സെര്‍വര്‍ കേടായി; എയര്‍ ഇന്ത്യ സര്‍വീസ് ലോകത്തൊട്ടാകെ നിലച്ചു, യാത്രക്കാര്‍ കുടുങ്ങി

ന്യൂദല്‍ഹി- എയര്‍ ഇന്ത്യയുടെ മുഖ്യ സെര്‍വറിലുണ്ടായ തകരാറിനെ തുടര്‍ന്ന് ലോകത്തൊട്ടാകെ എയര്‍ ഇന്ത്യയുടെ പ്രവര്‍ത്തനം അവതാളത്തിലായി. വിവിധ വിമാനത്താവളങ്ങളിലായി നൂറു കണക്കിന് യാത്രക്കാര്‍ കുടുങ്ങി. ശനിയാഴ്ച പുലര്‍ച്ചെ മുതലാണ് സെര്‍വര്‍ പണിമുടക്കിയത്. പാസഞ്ചര്‍ സിസ്റ്റത്തിലാണ് സാങ്കേതിക തകരാര്‍ ഉണ്ടായതെന്നും ഇത് ഉടന്‍ പരിഹരിക്കുമെന്നും എയര്‍ ഇന്ത്യ ചെയര്‍മാന്‍ അശ്വനി ലൊഹാനി അറിയിച്ചു. ശനിയാഴ്ച പുലര്‍ച്ചെ മൂന്നു മണി മുതലാണ് സെര്‍വര്‍ അവതാളത്തിലായത്്. ഇതുകാരണം വിമാനത്താവളത്തിലെത്തിയ എയര്‍ ഇന്ത്യ യാത്രക്കാര്‍ക്ക് ബോര്‍ഡിങ് പാസ് നല്‍കാന്‍ കഴിയുന്നില്ല. എയര്‍ ഇന്ത്യ സര്‍വീസ് നടത്തുന്ന എല്ലാ രാജ്യങ്ങളിലും ഇതു യാത്രക്കാരെ ബാധിച്ചു. യാത്രക്കാര്‍ക്കുണ്ടായ അസൗകര്യത്തില്‍ കമ്പനി ഖേദമറിയിക്കുകയും ചെയ്തു.

ആഗോള എയര്‍ലൈന്‍ ഐടി സര്‍വീസ് ദാതാക്കളായ എസ്.ഐ.ടി.എ ആണ് എയര്‍ ഇന്ത്യയുടെ പാസഞ്ചര്‍ സോഫ്റ്റ് വെയര്‍ കൈകാര്യം ചെയ്യുന്നത്. ഇവരുടെ സോഫ്റ്റ് വെയറിലുണ്ടായ തകരാണ് സര്‍വീസുകളെ അവതാളത്തിലാക്കിയത്. ബോര്‍ഡിങ് പാസ്, ചെക്ക് ഇന്‍, ബാഗേജ് ട്രാക്കിങ് എന്നിവയാണ് ഇവര്‍ നല്‍കുന്ന സേവനങ്ങള്‍. 

യാത്രകള്‍ വൈകിയ പരാതിയും വിമാനത്താവളങ്ങളിലുണ്ടായ തിരക്കും ദുരിതമായെന്ന് പരാതിപ്പെട്ട് നിരവധി യാത്രക്കാര്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രതികരിച്ചു. മുംബൈ, ദല്‍ഹി വിമാനത്താവളങ്ങളില്‍ കുടുങ്ങിയ എയര്‍ ഇന്ത്യാ യാത്രക്കാരുടെ വന്‍കൂട്ടത്തിന്റെ ചിത്രങ്ങളും വിഡിയോകളും പുറത്തു വന്നു.

മുംബൈ വിമാനത്താവളത്തില്‍ മാത്രം രണ്ടായിരത്തോളം യാത്രക്കാര്‍ ബോര്‍ഡിങ് പാസിനായി കാത്തിരിക്കുകയാണെന്ന് ഗായത്രി രഘുറാം എന്ന യാത്രക്കാരി ട്വീറ്റ് ചെയ്തു. എയര്‍ ഇന്ത്യയുടെ ചെക്ക് ഇന്‍ കൗണ്ടറുകള്‍ക്കു മുന്നില്‍ ജനക്കൂട്ടം തിങ്ങിനിറഞ്ഞ വിഡിയോയും അവര്‍ പുറത്തു വിട്ടു.

Latest News