ട്രെയിനില്‍ ഭീകരാക്രമണ ഭീഷണി; കേരളത്തിലടക്കം അതീവ ജാഗ്രത

ബംഗളൂരു- ട്രെയിനില്‍ ഭീകരാക്രമണമുണ്ടാകുമെന്ന സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് കേരളം ഉള്‍പ്പെടെ ഏഴ് സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശമായ പോണ്ടിച്ചേരിയിലും സുരക്ഷാ നടപടികള്‍ ശക്തമാക്കി. തമിഴ്‌നാട്, കര്‍ണാടക, കേരള, ആന്ധ്രപ്രദേശ്, തെലങ്കാന, ഗോവ, മഹാരാഷ്ട്ര, പോണ്ടിച്ചേരി എന്നിവിടങ്ങളില്‍ ഭീകരാക്രമണം ഉണ്ടാകുമെന്ന് ബംഗളൂരു സിറ്റി പോലീസിനാണ്  സന്ദേശം ലഭിച്ചത്. തുടര്‍ന്ന് കര്‍ണാടക ഡി.ജി.പി ഇതര സംസ്ഥാങ്ങളിലെ ഡി.ജി.പിമാര്‍ക്കും റെയില്‍വേക്കും മുന്നറിയിപ്പ് നല്‍കുകയായിരുന്നു.

സ്വാമി സുന്ദര്‍ മൂര്‍ത്തിയെന്ന ലോറി ഡ്രൈവര്‍ തമിഴ്‌നാട്ടിലെ ഹൊസൂറില്‍നിന്ന് ബംഗളൂരു സിറ്റി പോലീസ് കണ്‍ട്രോള്‍ റൂമിലേക്ക് വിളിച്ചാണ് ഭീഷണി സന്ദേശം കൈമാറിയതെന്ന് കര്‍ണാടക ഡി.ജി.പി അയച്ച ഫാക്‌സ് മെസേജില്‍ പറയുന്നു. തമിഴിലും ഹിന്ദിയിലും സംസാരിക്കുന്നയാള്‍ തനിക്ക് സുപ്രധാനമായ വിവരം പങ്കുവെക്കാനുണ്ടെന്നാണ് അറിയിച്ചത്. ട്രെയിനുകള്‍ കേന്ദ്രീകരിച്ചായിരിക്കും ആക്രമണമെന്നും അയാള്‍ പറഞ്ഞു. തമിഴ്‌നാട്ടിലെ രാമനാഥപുരത്ത് 19 ഭീകരര്‍ തമ്പടിച്ചിട്ടുണ്ടെന്നും ഫോണ്‍ ചെയ്തയാള്‍ പറഞ്ഞു.
കര്‍ണാടക ഡി.ജി.പിയുടെ സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് കേരളത്തിലടക്കം ആവശ്യമായ സുരക്ഷാ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.

 

Latest News