ശ്രീലങ്കയില്‍ മന്ത്രിക്ക് പിന്നാലെ പോലീസ് മേധാവിയും രാജിവെച്ചു

കൊളംബോ- ശ്രീലങ്കന്‍ പ്രതിരോധ മന്ത്രി ഹെമസിരി ഫെര്‍ണാണ്ടോക്കു പിന്നാലെ  പോലീസ് മേധാവി  പൂജിത് ജയസുന്ദരയും രാജി വെച്ചു. പോലീസ് ഇന്‍സ്‌പെക്ടര്‍ ജനറല്‍(ഐ.ജി.പി) രാജി വെച്ചതായി പ്രസിഡന്റ് മൈത്രിപാല സിരിസേനയാണ് അറിയിച്ചത്. ഈസ്്റ്റര്‍ ദിനത്തിലുണ്ടായ ചാവേര്‍ ആക്രമണം തടയുന്നതില്‍ വീഴ്ച സംഭവിച്ചതിനെത്തുടര്‍ന്നാണ് രാജി. ആക്ടിങ് പ്രതിരോധ മന്ത്രിക്ക് രാജി കൈമാറിയതായും പുതിയ ഐജിപിയെ ഉടന്‍ നിര്‍ദേശിക്കുമെന്നും പ്രസിഡന്റ് അറിയിച്ചു. സുരക്ഷാ വീഴ്ചയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവെക്കാന്‍ ഇരുവരോടും പ്രസിഡന്റ് ആവശ്യപ്പെട്ടിരുന്നു.

ശ്രീലങ്കന്‍ സ്‌ഫോടനങ്ങളുടെ സൂത്രധാരനെന്ന് കരുതുന്ന സഹ്്‌റാന്‍ ഹാഷിം കൊല്ലപ്പെട്ടതായി ശ്രീലങ്കന്‍ പ്രസിഡന്റ് നേരത്തെ വെളിപ്പെടുത്തിയിരുന്നു.  നാഷണല്‍ തൗഹീദ് ജമാഅത്ത് എന്ന സംഘടനയുടെ നേതാവായിരുന്നു സഹ്‌റാന്‍ ഹാഷിം.

 

Latest News