നരേന്ദ്ര മോഡി വാരാണസിയില്‍ പത്രിക നല്‍കി; ഒപ്പം സഖ്യകക്ഷി നേതാക്കളുടെ നീണ്ട നിര

വാരാണസി- പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉത്തര്‍ പ്രദേശിലെ വാരണസി ലോക്‌സഭാ മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി നാമനിര്‍ദേശ പത്രിക നല്‍കി. തുടര്‍ച്ചയായി രണ്ടാം തവണയാണ് മോഡി ഇവിടെ നിന്നും ജനവിധി തേടുന്നത്. രണ്ടു ദിവസമായി നടന്ന എന്‍.ഡി.എയുടെ വലിയ ശക്തി പ്രകടനങ്ങള്‍ക്കു ശേഷമാണ് പത്രികമാ സമര്‍പ്പണം. ജെഡിയു അധ്യക്ഷനും ബിഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാര്‍, ശിരോമണി അകാലിദള്‍ നേതാവ് പ്രകാശ് സിങ് ബാദല്‍, ശിവ സേന അധ്യക്ഷന്‍ ഉദ്ദവ് താക്കറെ, അണ്ണാ ഡിഎംകെ നേതാക്കളായ ഒ. പനീര്‍ശെല്‍വം, എം തമ്പിദുരൈ, ബിജെപി നേതാക്കളായ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, കേന്ദ്ര മന്ത്രിമാരായ രാജ്‌നാഥ് സിങ്, സുഷമ സ്വരാജ്, നിതിന്‍ ഗഡ്കരി, ബിജെപി അധ്യക്ഷന്‍ അമിത് ഷാ എന്നിവരും പത്രികാ സമര്‍പ്പണത്തിന് മോഡിയെ അനുഗമിച്ച് ജില്ലാ മജിസ്‌ട്രേറ്റിന്റെ ഓഫീസിലെത്തി. അര മണക്കൂറോളം നീണ്ട സൂക്ഷ്മ പരിശോധനകള്‍ക്കു ശേഷമാണ് പത്രിക സ്വീകരിച്ചത്.

ഇവിടെ എത്തുന്നതിനു മുമ്പായി ആയിരക്കണക്കിന് പാര്‍ട്ടി അണികള്‍ പങ്കെടുത്ത റാലിയില്‍ മോഡി പങ്കെടുത്തു. കല്‍ ഭൈരവ് ക്ഷേത്രത്തില്‍ സന്ദര്‍ശനവും നടത്തിയ ശേഷമാണ് ജില്ലാ മജിസ്‌ട്രേറ്റിന്റെ ഓഫീസിലെത്തിയത്.

Latest News