നിഖാബ് ധരിക്കരുത്, പരസ്യമായി ജുമുഅ നമസ്‌കാരം വേണ്ട; ശ്രീലങ്കയില്‍ മുസ്ലിം നേതാക്കളുടെ ആഹ്വാനം

കൊളംബോ- ശ്രീലങ്കയില്‍ ഈസ്റ്റര്‍ ദിനത്തില്‍ നടന്ന ചാവേര്‍ ആക്രമണങ്ങളുമായി ബന്ധപ്പെട്ട് 140 പേരെ കൂടി പിടികൂടാനുള്ള ശ്രമം തുടരുന്നതിനിടെ, മുഖം കൂടി മറയ്ക്കുന്ന ശിരോവസ്ത്രമായ നിഖാബ് ധരിക്കരുതെന്ന് മുസ്ലിം സ്ത്രീകള്‍ക്ക് ഉപദേശം. മുസ്ലിം പണ്ഡിത സഭയായ ആള്‍ സിലോണ്‍ ജംഇയ്യത്തുല്‍ ഉലമയാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് സഹായകമായ നിലപാട് സ്വീകരിക്കണമെന്നും നിഖാബ് ധരിക്കരുതെന്നും സ്ത്രീകളോട് നിര്‍ദേശിച്ചത്. നിലവിലെ പ്രത്യേക സാഹചര്യത്തില്‍ ദേശീയ സുരക്ഷ നിലനിര്‍ത്താന്‍ ശ്രമിക്കുന്ന സുരക്ഷാ സേനകള്‍ക്ക് തടസ്സമുണ്ടാക്കും വിധം മുഖം മറക്കരുതെന്ന് ജംഇയ്യത്തുല്‍ ഉലമ പ്രസ്താവനയില്‍ പറഞ്ഞു.

തീവ്രവാദികളുടെ ആക്രമണ ഭീഷണിയുള്ളതിനാലും ക്രൈസ്തവ സഹോദരങ്ങളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും ജുമുഅ നമസ്‌കാരം പരസ്യമായി നിര്‍വഹിക്കേണ്ടെന്നും ശ്രീലങ്കയിലെ മുസ്ലിം നേതാക്കള്‍ ആഹ്വാനം ചെയ്തു. സുരക്ഷാ ഭീതി കാരണം ചര്‍ച്ചുകള്‍ അടച്ചിട്ടിരിക്കയാണ്. ഇക്കാര്യം കണക്കിലെടുത്ത് ജുമുഅ രഹസ്യമായി നടത്തിയാല്‍ മതിയെന്നാണ് നിര്‍ദേശം.

ഐ.സുമായി ബന്ധമുള്ള 140 പേരെയാണ് പോലീസ് അന്വേഷിക്കുന്നതെന്ന് ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേന പറഞ്ഞു. 2013 മുതല്‍ ചില യുവാക്കള്‍ക്ക് തീവ്രവാദി സംഘങ്ങളുമായി ബന്ധമുണ്ടെന്നും പ്രതിരോധ മന്ത്രിയും ഉന്നത പോലീസ് ഉദ്യോഗസ്ഥരും ലഭ്യമായ വിവരങ്ങള്‍ തനിക്ക് കൈമാറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
തമിഴ് വിഘടനവാദികളുമായുള്ള പോരാട്ടത്തിനിടെ യുദ്ധക്കുറ്റം ചെയ്തുവെന്ന ആരോപണം നേരിടുന്ന സൈനിക ഉദ്യോഗസ്ഥരെ വിചാരണ ചെയ്യുന്നതിലാണ് പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെയുടെ സര്‍ക്കാര്‍ ശ്രദ്ധിച്ചതെന്നും രാജ്യത്തെ ഇന്റലിജന്‍സ് സംവിധാനത്തെ ദുര്‍ബലമാക്കിയെന്നും പ്രസിഡന്റ് ആരോപിച്ചു.

 

 

Latest News