പി.വി. അന്‍വര്‍ നിലപാട് മാറ്റി; എം.എല്‍.എ സ്ഥാനം രാജിവെക്കില്ല

മലപ്പുറം- ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തോറ്റാല്‍ എം.എല്‍.എ സ്ഥാനം രാജിവെക്കുമെന്ന നിലപാട് നിലമ്പൂര്‍ എ.എല്‍.എയും പൊന്നാനി സ്ഥാനാര്‍ഥിയുമായ പി.വി അന്‍വര്‍ മാറ്റി. എം.എല്‍.എ സ്ഥാനം രാജിവെക്കുമെന്ന് ആരും പ്രതീക്ഷിക്കേണ്ടെന്ന് സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് അന്‍വര്‍ വ്യക്തമാക്കിയത്.
പൊന്നാനിയില്‍ തോറ്റാല്‍ ജനങ്ങള്‍ക്ക് തന്നെ വേണ്ടെന്നാണ് അതിന്റെ അര്‍ഥമെന്നും അതുകൊണ്ട് എം.എല്‍.എ സ്ഥാനം രാജിവെക്കുമെന്നുമാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ അന്‍വര്‍ ആവര്‍ത്തിച്ചു വ്യക്തമാക്കിയിരുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ അന്‍വര്‍ തൃപ്തനല്ലെന്നും സി.പി.എമ്മുമായി അകലുകയാണെന്നുമായിരുന്നു പ്രചരിച്ച വാര്‍ത്തകള്‍.  

സി.പി.എമ്മുമായി അകല്‍ച്ചയിലാണന്നും മുന്നണി വിടാന്‍ സാധ്യതയുണ്ടെന്നുമുള്ള അഭ്യൂഹങ്ങള്‍ അസംബന്ധമാണെന്നാണ് അന്‍വര്‍ ചാനലിനോട് പറഞ്ഞത്. തന്നെ മല്‍സരിപ്പിച്ച് എംഎല്‍എ ആക്കിയത് സിപിഎം ആണെന്നം എക്കാലവും പാര്‍ട്ടി സഹയാത്രികനായിരിക്കുമെന്നും അന്‍വര്‍ വ്യക്തമാക്കി. നിലമ്പൂരിലെ വോട്ടര്‍മാരോട് തനിക്ക് കടപ്പാടുണ്ടെന്നും രാജിവെക്കുമെന്ന് ആരും കരുതേണ്ടെന്നും അന്‍വര്‍ പറഞ്ഞു.

 

 

Latest News