തമിഴ്‌നാട്ടില്‍ കുട്ടികളെ വില്‍ക്കുന്ന വന്‍ റാക്കറ്റ്; മുന്‍ നഴ്‌സും ഭര്‍ത്താവും പിടിയില്‍

ചെന്നൈ- തമിഴ്‌നാട്ടിലെ നാമക്കല്‍ ജില്ലയിലെ രാശിപുരത്ത്  30 വര്‍ഷമായി കുട്ടികളെ വില്‍ക്കുകയും വാങ്ങുകയും ചെയ്യുന്ന സംഘത്തെ കണ്ടെത്തി. പ്രദേശത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍  നഴ്‌സായി ജോലി ചെയ്തിരുന്ന അമുദയെയും ഭര്‍ത്താവ് രവിചന്ദ്രനെയും  പോലീസ് അറസ്റ്റ് ചെയ്തു.
അമുദ നടത്തിയ ഫോണ്‍ സംഭാഷണത്തിലൂടെയാണു ഞെട്ടിക്കുന്ന വിവരങ്ങള്‍ പോലീസിനു ലഭിച്ചത്. അമുദയും കുട്ടികളെ വാങ്ങാന്‍ ആഗ്രഹിക്കുന്നയാളും തമ്മിലുള്ള സംഭാഷണമാണു സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചത്.

30 വര്‍ഷമായി കുട്ടികളെ വില്‍ക്കുകയും  വാങ്ങുകയും ചെയ്യുന്നുണ്ടെന്ന് അമുദ പറയുന്നു. മൂന്നു കുട്ടികളെ വിറ്റതായി ദമ്പതികള്‍ പൊലീസിനോടു സമ്മതിച്ചു. സംസ്ഥാനത്താകെ കണ്ണികളുള്ള വന്‍ റാക്കറ്റാണ് ഇതിനു പിന്നിലെന്നു പോലീസ് സംശയിക്കുന്നു. സംസ്ഥാന ആരോഗ്യ സെക്രട്ടറിയുടെ നിര്‍ദേശത്തെത്തുടര്‍ന്നു  ജില്ലാ കലക്ടര്‍ പ്രത്യേക അന്വേഷണം പ്രഖ്യാപിച്ചു.  

നഴ്‌സായി ജോലി ചെയ്തിരുന്ന താന്‍ ബിസിനസ് നടത്താനായി സ്വയം വിരമിക്കുകയായിരുന്നുവെന്നു അമുദ ടെലിഫോണ്‍ സംഭാഷണത്തില്‍ പറയുന്നുണ്ട്. കുട്ടികളുടെ ലിംഗം, നിറം, തൂക്കം എന്നിവയെല്ലാം നോക്കിയാണു വില നിര്‍ണയിക്കുന്നത്. കോര്‍പറേഷനില്‍ നിന്നു  ജനന സര്‍ട്ടിഫിക്കറ്റ് ശരിയാക്കി നല്‍കുന്നതിനു 75,000 രൂപ വേറെ നല്‍കണമെന്നും പറയുന്നു.

ഒന്നിലേറെ കുട്ടികളുള്ള പാവപ്പെട്ട കുടുംബങ്ങള്‍,  ഭര്‍ത്താവ്  ഉപേക്ഷിച്ചു പോയ സ്ത്രീകള്‍,ഗര്‍ഭിണികളായ അവിവാഹിതര്‍ എന്നിവരെയാണു  അമുദയും സംഘവും നോട്ടമിട്ടിരുന്നതെന്ന് പോലീസ് പറഞ്ഞു.

സര്‍ക്കാരിന്റെ ദത്തെടുക്കല്‍ നിയമങ്ങള്‍ കര്‍ശനമായതിനാല്‍ കുട്ടികളെ ആവശ്യമുള്ള ദമ്പതികളെ കണ്ടെത്തി ഏജന്റുമാര്‍ വഴി സമീപിക്കുകയാണ് പതിവ്.
നിയമപരമായി ദത്തെടുക്കല്‍ അതി സങ്കീര്‍ണമായ നടപടിയാണെന്നു പറഞ്ഞാണു അമുദ കുഞ്ഞിനെ വാങ്ങാന്‍ ഫോണ്‍ വിളിച്ചയാളെ പ്രലോഭിക്കുന്നത്. അപേക്ഷ നല്‍കി ആറു മാസമെങ്കിലും കാത്തിരിക്കണമെന്നും നല്ല കളറുള്ള കുട്ടിക്ക് വില കൂടുമെന്നും സംഭാഷണത്തില്‍ പറയുന്നു. ധര്‍മപുരി സ്വദേശി   വിവാഹം കഴിഞ്ഞ് ഏഴു വര്‍ഷമായിട്ടും കുഞ്ഞുങ്ങളില്ലെന്നു പറഞ്ഞാണു സംഭാഷണം തുടങ്ങുന്നത്.

 

Latest News