പ്രിയങ്കയ്ക്കു വിനയായ വാരാണസിയിലെ കണക്കുകള്‍ ഇങ്ങനെ

ലഖ്‌നൗ- വാരാണസി ലോക്‌സഭാ മണ്ഡലത്തിലെ വോട്ടു കണക്കുകളും ഓഹരികളും പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് വെല്ലുവിളിയാകാന്‍ പ്രിയങ്കാ ഗാന്ധിയെ സഹായിക്കുന്നതല്ല എന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ കണ്ടെത്തല്‍. കോണ്‍ഗ്രസിന്റേയും മറ്റു പ്രതിപക്ഷ പാര്‍ട്ടികളുടേയും സാധ്യതകള്‍ മുസ്ലിം, ദളിത് വോട്ടുകളെ ആശ്രയിച്ചാണിരിക്കുന്നത്. 15 ശതമാനം മുസ്ലിംകളും 13 ശതമാനം ദളിതരുമാണ് ഇവിടെയുള്ളത്. 2014-ല്‍ രണ്ടാം സ്ഥാനത്തെത്തിയ ആംആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥി അരവിന്ദ് കേജ്‌രിവാളിനു 20 ശതമാനം വോട്ടാണ് ലഭിച്ചത്. മുസ്ലിംകളുടെ പിന്തുണയായിരുന്നു ഇതില്‍ പ്രധാനമായും. പ്രിയങ്ക മത്സരിക്കുകയാണെങ്കില്‍ മുസ്ലിം ദളിത് വോട്ടുകള്‍ ഉറപ്പിക്കാനാകും. എസ്.പിയുടെ ശക്തി കേന്ദ്രമായതിനാല്‍ ബിഎസ്പി ഇവിടെ ശക്തരല്ല. ഇതിനു പുറമെ പരമ്പരാഗതമായി കോണ്‍ഗ്രസിനു വോട്ടു ചെയ്യുന്ന മേല്‍ ജാതിക്കാരും പ്രിയങ്കയെ പിന്തുണച്ചേക്കാം. കുര്‍മി വിഭാഗവും ഇത്തവണ കോണ്‍ഗ്രസിനെ പിന്തുണയ്ക്കുന്നുണ്ട്. ഇവയെല്ലാം ചേര്‍ത്താല്‍ പോലും 35 ശതമാനം വോട്ടു മാത്രമാണ് കോണ്‍ഗ്രസിന് പ്രതീക്ഷിക്കാവുന്നതെന്ന് ഒരു നേതാവ് പറയുന്നു. 

2014-ല്‍ മോഡിക്ക് ഇവിടെ ലഭിച്ചത് 56.4 ശതമാനമാണ്. രണ്ടാമതെത്തിയ് കേജ് രിവാളിന് 20.3 ശതമാനവും. ഇത്തവണയും കോണ്‍ഗ്രസ് രംഗത്തിറക്കിയ അജയ് റായിക്ക് കഴിഞ്ഞ തവണ ഇവിടെ വെറും 7.3 ശതമാനം വോട്ടു മാത്രമെ സ്വന്തമാക്കായിരുന്നുള്ളൂ. ബിഎസ്പിക്ക് 5.9 ശതമാനവും എസ്പിക്ക് 4.4 ശതമാനവും. മൊത്തം 43.6 ശതമാനമാണ് മോഡിയുടെ എതിരാളികള്‍ എല്ലാവരും ചേര്‍ന്ന് 2014ല്‍ സ്വന്തമാക്കിയത്. ഇത്തവണ മോഡിക്കെതിരെ ജയിക്കണമെങ്കില്‍ ഈ 43.6 ശതമാനത്തിനു പുറമെ 6.5 ശതമാനം വോട്ട് പ്രതിപക്ഷത്തിന് അനുകൂലമായി മറിയുകയും ഇത്ര തന്നെ വോട്ട് മോഡിക്കെതിരായി മറിയുകയും വേണം. ഇത് എളുപ്പമുള്ള ജോലിയല്ല.
 

Latest News