Sorry, you need to enable JavaScript to visit this website.

146 ജില്ലകളില്‍ ജനസംഖ്യാ നിയന്ത്രണത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

ഇന്ത്യയില്‍ ജനസംഖ്യാ വളര്‍ച്ച നിയന്ത്രിക്കാന്‍ പുതിയ നീക്കവുമായി കേന്ദ്രസര്‍ക്കാര്‍. രാജ്യത്തുടനീളം ഇതിനായി ജനന നിരക്ക് കൂടുതലുള്ള 146 ജില്ലകളെ തെരഞ്ഞെടുത്ത് അവിടങ്ങളില്‍ പ്രത്യേക കുടുംബാസൂത്രണ പദ്ധതി നടപ്പാക്കാനാണ് ആരോഗ്യ മന്ത്രാലയത്തിന്‍റെ നീക്കം. ജനസംഖ്യയുടെ 28 ശതമാനം ഉള്‍ക്കൊള്ളുന്നതും മൊത്ത ജനന നിരക്ക് (ഒരു സ്ത്രീക്ക് ജനിക്കുന്ന ശരാശരി കുട്ടികളുടെ എണ്ണം) മൂന്നില്‍ കുടുതലുള്ളതുമായി 146 ജില്ലകളെയാണ് ഇതിനായി തെരഞ്ഞെടുത്തിരിക്കുന്നത്. മിഷന്‍ പരിവാര്‍ വികാസ് എന്നു പേരിട്ടിരിക്കുന്ന പദ്ധതി വഴി ഈ ജില്ലകളില്‍ കുടുംബാസൂത്രണ പദ്ധതികള്‍ ത്വരിതപ്പെടുത്തുകയും ലഭ്യമായ കുടുംബാസൂത്രണ മാര്‍ഗങ്ങളെ കുറിച്ച് ബോധവല്‍ക്കരണം ശക്തിപ്പെടുത്തുകയും ചെയ്യും.

ഉത്തര്‍ പ്രദേശ്, ബിഹാര്‍, രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ് ഗഢ്, ജാര്‍ഖണ്ഡ്, അസം എന്നീ സംസ്ഥാനങ്ങളിലാണ് ഏറെ ശ്രദ്ധ കേന്ദ്രീകരിക്കപ്പെടുന്ന ഈ ജില്ലകള്‍. ഇന്ത്യയുടെ ജനസംഖ്യാ വളര്‍ച്ച നിരക്ക് കുറഞ്ഞിട്ടുണ്ടെങ്കിലും വിവിധ സംസ്ഥാനങ്ങളിലെ നിരക്കുകളില്‍ ഏറ്റക്കുറച്ചിലുകളുണ്ട്. തിരഞ്ഞെടുത്ത 146 ജില്ലകള്‍ ജനസംഖ്യാ സ്ഥിരപ്പെടുത്തലിന് വിഘാതമായി മാറിയിരിക്കുകയാണെന്ന് ആരോഗ്യ മന്ത്രി ജെ.പി നദ്ദ പറഞ്ഞു. ഉയര്‍ന്ന ജനന നിരക്ക് ഈ ജില്ലകളിലെ ഉയര്‍ന്ന മാതൃശിശു മരണ നിരക്കുകളിലേക്കും വിരല്‍ ചൂണ്ടുന്നുണ്ട്. 25 മുതല്‍ 30 ശതമാനം വരെ അമ്മമാരും 50 ശതമാനം വരെ നവജാത ശിശുക്കളും ഇവിടിങ്ങളില്‍ മരണപ്പെടുന്നതായാണ് കണക്കുകള്‍ പറയുന്നത്.

തിരഞ്ഞെടുത്ത ജില്ലകളില്‍ എന്തു കൊണ്ട് ജനന നിരക്ക് ഉയര്‍ന്നു നില്‍ക്കുന്നു എന്നറിയാന്‍ കൂടുതല്‍ പഠനങ്ങള്‍ നടത്തും. കൂടാതെ വ്യക്തി ശുചിത്വ, കുടുംബാസൂത്രണ ഉല്‍പന്നങ്ങള്‍ അടങ്ങിയ ഒരു കിറ്റ് പുതുതായി വിവാഹം ചെയ്യുന്ന എല്ലാവര്‍ക്കും പദ്ധതിയുടെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ വിതരണം ചെയ്യും. അതത് പ്രദേശങ്ങളിലെ ആശാ വര്‍ക്കര്‍മാര്‍ മുഖേനയായിരിക്കും വിതരണം.  

 2008-ലെ 2.6 ശതമാനമെന്ന ജനന നിരക്കിലെ വളര്‍ച്ച ഇപ്പോള്‍ 2.3 ആയി കുറഞ്ഞിട്ടുണ്ടെന്നാണ് കേന്ദ്ര സര്‍ക്കാര്‍ കണക്കുകള്‍ പറയുന്നത്. തലമുറ മാറ്റ ജനസംഖ്യാ വളര്‍ച്ചാ തോതിലെത്താന്‍ ജനന നിരക്കില്‍ 0.2 ശതമാനത്തിന്‍റെ കൂടി കുറവ് ഇന്ത്യയ്ക്ക് കൈവരിക്കേണ്ടതുണ്ട്. 24 സംസ്ഥാനങ്ങള്‍ ഈ നേട്ടം കൈവരിച്ചിട്ടുണ്ട്. മൊത്തം ജനസംഖ്യയുടെ 60 ശതമാനവും ജീവിക്കുന്നത് തലമുറമാറ്റ ജനസംഖ്യാ വളര്‍ച്ചാ തോത് കൈവരിച്ചതോ കൈവരിക്കാനിരിക്കുകയോ ചെയ്യുന്ന സംസ്ഥാനങ്ങളിലാണ്.  

 

 

Latest News