Sorry, you need to enable JavaScript to visit this website.

സർക്കാർ വകുപ്പുകളിൽ വിദേശികളെ ജോലിക്ക് വെക്കുന്നതിന് വിലക്ക് 

റിയാദ് - മന്ത്രാലയങ്ങളിലും സർക്കാർ വകുപ്പുകളിലും പൊതുമേഖലാ കമ്പനികളിലും ഏതാനും തസ്തികകളിൽ വിദേശികളെ ജോലിക്കു വെക്കുന്നത് തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് വിലക്കി. സെക്രട്ടറി, മുതിർന്ന ഉദ്യോഗസ്ഥരുടെ ഓഫീസ് മാനേജർമാർ, ഫോട്ടോകോപ്പിയിംഗ് വിഭാഗം, ഇൻഫർമേഷൻ സ്റ്റോറിംഗ് സെന്ററുകൾ, ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട തന്ത്രപ്രധാന ജോലികൾ എന്നീ തസ്തികകളിലും വിഭാഗങ്ങളിലും വിദേശികളെ ജോലിക്കു വെക്കുന്നതാണ് വിലക്കിയിരിക്കുന്നത്. നിലവിൽ ഇത്തരം തസ്തികകളിലും വിഭാഗങ്ങളിലും ജോലി ചെയ്യുന്ന വിദേശികൾക്കു പകരം യോഗ്യരായ സൗദികളെ നിയമിക്കണം. സൗദികളെ ലഭ്യമല്ലാത്ത, അത്യപൂർവവും വിരളവുമായ സ്‌പെഷ്യലിസ്റ്റ് തസ്തികകളിൽ മാത്രമേ വിദേശികളെ നിയമിക്കാൻ പാടുള്ളൂ. മന്ത്രാലയങ്ങളിലും സർക്കാർ വകുപ്പുകളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും സൗദിവൽക്കരണം നടപ്പാക്കുന്നതിനും സാധ്യമായത്ര വിദേശികളുടെ എണ്ണം കുറക്കുന്നതിനും നേരത്തെ പുറപ്പെടുവിച്ച ഉത്തരവുകൾ കർശനമായി പാലിക്കണമെന്ന് രാജാവ് ആവശ്യപ്പെട്ടു. 
സർക്കാർ വകുപ്പുകളിലെയും സ്ഥാപനങ്ങളിലെയും പൊതുമേഖലാ കമ്പനികളിലെയും ഓപറേഷൻസ്, മെയിന്റനൻസ്, താൽക്കാലിക കരാർ വകുപ്പുകൾ പ്രകാരം സർക്കാർ വകുപ്പുകളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും വിദേശികളെ നിയമിക്കുന്നതിന് കർശന നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്. ഇത്തരം തൊഴിലവസരങ്ങളെ കുറിച്ച് പരസ്യപ്പെടുത്തുകയും ഈ തസ്തികകളിൽ നിയമിക്കുന്നതിന് യോഗ്യരായ സൗദികൾ മുന്നോട്ടു വരാതിരിക്കുകയും ചെയ്താൽ മാത്രമാണ് വിദേശികളെ നിയമിക്കുന്നതിന് അനുമതിയുള്ളത്. 
സർക്കാർ പദ്ധതികളുടെ കരാറുകളേറ്റെടുക്കുന്ന കമ്പനികൾ ഓരോ പദ്ധതിയുമായും ബന്ധപ്പെട്ട തൊഴിലവസരങ്ങൾ പ്രത്യേകം നിർണയിക്കണമെന്നും നിർദേശമുണ്ട്. ഏതാനും തസ്തികകളിലും വിഭാഗങ്ങളിലും വിദേശികൾക്കുള്ള നിയമന വിലക്ക് നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുന്നതിന് ബന്ധപ്പെട്ട വകുപ്പുകൾ നിരീക്ഷണം ശക്തമാക്കണമെന്നും രാജാവ് ആവശ്യപ്പെട്ടു. 
ചില സർക്കാർ വകുപ്പുകളിലെയും സ്ഥാപനങ്ങളിലെയും പൊതുമേഖലാ കമ്പനികളിലെയും ഗവൺമെന്റുമായി കരാറുകൾ ഒപ്പുവെച്ച കമ്പനികളിലെയും അഡ്മിനിസ്‌ട്രേഷൻ വിഭാഗങ്ങളിൽ നിരവധി വിദേശികൾ ജോലി ചെയ്യുന്നതായി ശ്രദ്ധയിൽ പെട്ട പശ്ചാത്തലത്തിലാണ് വിദേശികൾക്ക് നിയമന വിലക്ക് ഏർപ്പെടുത്തുന്നതിനും നിലവിൽ ജോലി ചെയ്യുന്ന വിദേശികൾക്കു പകരം സൗദികളെ നിയമിക്കുന്നതിനും രാജാവ് നിർദേശം നൽകിയത്. 
സർക്കാർ വകുപ്പുകൾക്കും സ്ഥാപനങ്ങൾക്കും തൊഴിലാളികളെ ലഭ്യമാക്കുന്നതിനു വേണ്ടി മാത്രം മാൻപവർ സപ്ലൈ കമ്പനികളെ പോലെ പ്രവർത്തിക്കുന്ന സ്വകാര്യ കമ്പനികളുമായി കരാറുകൾ ഒപ്പുവെക്കുന്നത് വിലക്കിയിട്ടുണ്ട്. സർക്കാർ വകുപ്പുകളിലും സ്ഥാപനങ്ങളിലും ജീവനക്കാരെ നിയമിക്കുകയെന്ന ലക്ഷ്യത്തോടെ പഠന, ഗവേഷണ കേന്ദ്രങ്ങളുമായും ഇൻസ്റ്റിറ്റിയൂട്ടുകളുമായും കരാറുകൾ ഒപ്പുവെക്കുന്നതും വിലക്കിയിട്ടുണ്ട്. 
കൺസൾട്ടൻസി, ഓപറേഷൻസ് കമ്പനികളുമായി കരാറുകൾ ഒപ്പുവെക്കുന്നതിന് ആഗ്രഹിക്കുന്ന സർക്കാർ വകുപ്പുകൾ സ്വദേശികളെ നിയമിക്കുന്നത് നിർബന്ധമാക്കുന്ന വകുപ്പുകൾ കരാറുകളിൽ ഉൾപ്പെടുത്തിയിരിക്കണം. ഓരോ പദ്ധതിയിലും ലഭ്യമാകുന്ന തൊഴിലവസരങ്ങളുടെ എണ്ണം, തസ്തികകളുടെ പേരുകൾ, ഈ തൊഴിലവസരങ്ങളിൽ ജീവനക്കാരെ നിയമിക്കുന്നതിന് നീക്കിവെക്കുന്ന ബജറ്റ് എന്നിവ പ്രത്യേകം നിർണയിക്കുകയും പദ്ധതികൾക്ക് കരാറുകൾ ഒപ്പുവെക്കുന്നതിനു മുമ്പായി തൊഴിലവസരങ്ങളെ കുറിച്ച് മാധ്യമങ്ങളിൽ പരസ്യം ചെയ്യുന്നതിന് കമ്പനികളെ നിർബന്ധിക്കണമെന്നും നിർദേശമുണ്ട്. 
 

Latest News