Sorry, you need to enable JavaScript to visit this website.

എന്തുകൊണ്ട് പ്രിയങ്ക വരാണസിയിൽ മത്സരിക്കുന്നില്ല

പ്രിയങ്ക ഗാന്ധി വയനാട്ടിൽ ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയപ്പോൾ. ചിത്രം മാണി റോസ്

പ്രധാനമന്ത്രി നരേന്ദ്രമോഡിക്കെതിരെ കോൺഗ്രസിന്റെ വജ്രാസ്ത്രമായി പ്രിയങ്ക ഗാന്ധി വരാണസിയിൽ മത്സരിക്കുമെന്ന അഭ്യൂഹങ്ങൾക്കാണ് വിരാമമായത്. മോഡിക്കെതിരെ കോൺഗ്രസ് പ്രിയങ്കയെ രംഗത്തിറക്കുമെന്ന് പരക്കെ പ്രചാരണമുണ്ടായിരുന്നു. പാർട്ടി ആവശ്യപ്പെട്ടാൽ മത്സരിക്കാൻ തയ്യാറാണെന്ന് പ്രിയങ്ക ഗാന്ധിയും പരസ്യമായി പ്രഖ്യാപിച്ചതാണ്. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ആവശ്യപ്പെട്ടാൽ മോഡിയെ നേരിടാൻ തയ്യാറാണെന്നായിരുന്നു പ്രിയങ്ക വയനാട്ടിൽ പ്രഖ്യാപിച്ചത്. എന്നാൽ ഇക്കാര്യത്തിൽ ഏറെ ചർച്ച നടത്തിയ കോൺഗ്രസ് നേതൃത്വം പ്രിയങ്കയെ രംഗത്തിറക്കേണ്ടതില്ലെന്നാണ് അന്തിമതീരുമാനത്തിൽ എത്തിയത്. മോഡിക്കെതിരെ പ്രിയങ്ക മത്സരിച്ചതുകൊണ്ട് മത്സരം കനക്കുമെന്നല്ലാതെ വിജയിക്കാനാകില്ലെന്ന് പാർട്ടി നടത്തിയ സർവേയിൽ കണ്ടെത്തി. സംയുക്ത സ്ഥാനാർത്ഥിയായി പ്രിയങ്കയെ അംഗീകരിക്കാൻ സമാജ് വാദി പാർട്ടിയും ബി.എസ്.പിയും തയ്യാറായതുമില്ല. ഇതോടെയാണ് പ്രിയങ്ക രംഗത്തിറക്കേണ്ടതില്ലെന്ന് കോൺഗ്രസ് തീരുമാനിച്ചത്.  കോൺഗ്രസിന്റെ നക്ഷത്രപ്രചാരക എന്ന പദവി കൂടിയുള്ള പ്രിയങ്കയെ വരാണസിയിൽ ഒതുക്കി നിർത്തുന്നത് യു.പിയിലടക്കം മറ്റു മണ്ഡലങ്ങളിൽ കോൺഗ്രസിന്റെ ജയസാധ്യതയെ പിറകോട്ട് വലിക്കുമെന്നും കണ്ടെത്തി. യു.പിയിൽ പതിനെട്ട് സ്ഥലത്താണ് കോൺഗ്രസ് വിജയസാധ്യത പ്രതീക്ഷിക്കുന്നത്. ഇതിൽ വരാണസിയുമുണ്ട് എന്നത് വേറെ കാര്യം. 2014-ൽ മോഡിക്കെതിരെ മത്സരിച്ച അജയ് റായിയെ തന്നയാണ് കോൺഗ്രസ് ഇക്കുറിയും രംഗത്തിറക്കിയിരിക്കുന്നത്. 2014-ൽ 7.2 ശതമാനം വോട്ടുകളായിരുന്നു അജയ് റായ് നേടിയത്. അതേസമയം, മോഡി 3.7 ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തിന് വിജയിക്കുകയും ചെയ്തു. ബ്രാഹ്മണ വിഭാഗവും വരാണസിയിലെ തൊഴിലാളികളും മോഡിയുടെ ഭരണത്തിലും നടപടികളിലും അസംതൃപ്തരാണ്. ഇവരുടെ വോട്ട് ഇക്കുറി മോഡിക്ക് ലഭിക്കാനുള്ള സാധ്യത കുറവാണ്. ഈ സഹചര്യത്തിൽ ശക്തയായ സ്ഥാനാർത്ഥിയെ നിർത്തിയാൽ മോഡിയെ വിറപ്പിക്കാനാകുമെന്ന് കോൺഗ്രസ് കണക്കുക്കൂട്ടിയിരുന്നു. എന്നാൽ, മോഡിയോട് പരാജയപ്പെട്ടാൽ അത് പ്രിയങ്കയുടെ രാഷ്ട്രീയഭാവിക്ക് തന്നെ വിനയാകുമെന്ന് വിലയിരുത്തിലിലേക്കാണ് പാർട്ടി എത്തിയത്. ഇതിന് പുറമെ, രാഹുൽ ഗാന്ധി അമേത്തി, വയനാട് എന്നീ മണ്ഡലങ്ങളിൽ  മത്സരിക്കുന്നുണ്ട്. രണ്ടിടത്തും ജയിച്ചാൽ ഏതെങ്കിലും ഒരിടത്ത്‌നിന്ന് രാജിവെക്കും. അവിടെ പ്രിയങ്കയെ മത്സരിപ്പിക്കാനാണ് പാർട്ടി ആലോചിക്കുന്നത്. 
ഇതിനൊക്കെ പുറമെ, പ്രിയങ്കയെ ഉപയോഗിച്ച് യു.പി പിടിച്ചെടുക്കാനുള്ള ദീർഘകാല പദ്ധതി കോൺഗ്രസ് ആലോചിക്കുകയും ചെയ്യുന്നു. അടുത്ത നിയമസഭ തെരഞ്ഞെടുപ്പിൽ പ്രിയങ്കയെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാക്കി അവതരിപ്പിച്ച് യു.പിയിൽ ശക്തമായ തിരിച്ചുവരവാണ് കോൺഗ്രസ് ലക്ഷ്യം. രാജസ്ഥാനിൽ സച്ചിൻ പൈലറ്റിനെ മുന്നിൽനിർത്തി സംസ്ഥാനം പിടിച്ചെടുത്ത പോലെ പ്രിയങ്കയെ ഉപയോഗിക്കാനാണ് കോൺഗ്രസ് നീക്കം. മോഡിക്കെതിരായ മത്സരത്തിൽ പ്രിയങ്ക തോറ്റാൽ ഈ ലക്ഷ്യവും പാതിവഴിയിൽ അവസാനിക്കും. ഇതോടെയാണ് പ്രിയങ്കക്ക് പകരം പഴയ സ്ഥാനാർത്ഥിയെ തന്നെ രംഗത്തിറക്കാൻ കോൺഗ്രസ് ആലോചിച്ചത്. ഇവിടെ ബി.എസ്.പി-എസ്.പി സംയുക്ത സ്ഥാനാർത്ഥിയായി ശാലിനി യാദവ് മത്സരിക്കുന്നുണ്ട്. സമാജ് വാദി പാർട്ടി നേതാവ് ശ്യാം ലാൽ യാദവിന്റെ മരുമകളാണ് ശാലിനി യാദവ്. 1984-ൽ വരാണസിയെ ലോക്‌സഭയിൽ പ്രതിനിധീകരിച്ചത് ശ്യാം ലാൽ യാദവായിരുന്നു. ബി.ജെ.പി വിരുദ്ധ വോട്ടുകൾ ഭിന്നിക്കാതിരിക്കാൻ പ്രതിപക്ഷം ശ്രമിക്കുന്നുണ്ടെങ്കിലും യു.പിയിലെ മറ്റു മണ്ഡലങ്ങളിലെ പോലെ വരാണസയിലും പ്രതിപക്ഷം വെവ്വേറെയാണ് മത്സരിക്കുന്നത്. 

 

Latest News