Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മൂന്നു മുന്നണികൾക്കും ജീവന്മരണ പ്രശ്‌നം

എന്തായാലും കാത്തിരിക്കുകയല്ലാതെ ഇനിയൊന്നും ചെയ്യാനില്ല. തെരഞ്ഞെടുപ്പു ഫലം എന്തായാലും മൂന്നു കൂട്ടർക്കും ന്യായീകരിക്കാനായി ഒരുപാട് സാധ്യതകൾ ബാക്കിവെച്ചിട്ടുണ്ട്. അവയിൽ പിടിച്ചുതൂങ്ങിയുള്ള അഭ്യാസമായിരിക്കും അപ്പോൾ കാണുക എന്നു മാത്രം. 

അടിയന്തരാവസ്ഥക്കു ശേഷം നടന്ന തെരഞ്ഞെടുപ്പ് മാറ്റി നിർത്തിയാൽ സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും നിർണായകമായ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിന്റെ റോൾ അവസാനിച്ചു. ഇനി ഒരു മാസത്തെ കാത്തിരിപ്പാണ്. അതുവരെ അവകാശവാദങ്ങൾ തുടർന്നുകൊണ്ടിരിക്കും. മിക്കവാറും സംസ്ഥാനങ്ങളിലെ രാഷ്ട്രീയ കാലാവസ്ഥയിൽ നിന്ന് വ്യത്യസ്തമായ അവസ്ഥ നിലനിൽക്കുന്ന സംസ്ഥാനമായതിനാൽ അതങ്ങനെ തുടരുന്നത് സ്വഭാവികം മാത്രം.
വോട്ടുകളെല്ലാം മെഷീനിലായ സാഹചര്യത്തിൽ വലിയ വിശകലനത്തിനൊന്നും ഇനി പ്രസക്തിയില്ല. എങ്കിലും ഈ തെരഞ്ഞെടുപ്പിൽ നടന്ന പ്രചാരണ ശൈലിയും ഉയർന്ന പോളിംഗുമൊക്കെ സ്വാഭാവികമായും ചർച്ച ചെയ്യപ്പെടാതിരിക്കുകയില്ലല്ലോ. 
സംസ്ഥാനത്തെ സംബന്ധിച്ചിടത്തോളം മൂന്നു മുന്നണികൾക്കും ഇതുപോലെ ജീവന്മരണ പ്രശ്‌നമായ തെരഞ്ഞെടുപ്പ് ഒരിക്കലും ഉണ്ടായിട്ടില്ല എന്നുറപ്പ്. ഇടതുമുന്നണിയേയും അതിന്റെ ഭാഗമായി മത്സരിച്ച സിപിഎം, സിപിഐ സംഘടനകളേയും സംബന്ധിച്ച് ഇതു അവരുടെ പ്രസ്ഥാനങ്ങളുടെ നിലനിൽപിന്റെ പ്രശ്‌നമാണ്. ഈ പാർട്ടികൾക്ക് ഇനി ഇന്ത്യയിൽ എന്തെങ്കിലും പ്രസക്തി വേണമെങ്കിൽ കേരളത്തിൽ നിന്ന് ഏതാനും സീറ്റുകൾ ലഭിക്കണം. ലഭിച്ചേ പറ്റൂ. അതിനാൽ തന്നെ അടുത്ത കാലത്തൊന്നും കാണാത്ത രീതിയിലുള്ള പ്രചാരണമാണ് അവർ നടത്തിയത്. രാഷ്ട്രീയമായി ശരിയല്ലെന്നുറപ്പായിട്ടും ആറു എംഎൽഎമാരെയാണവർ രംഗത്തിറക്കിയത്. 
ജയരാജൻ, അൻവർ, ഇന്നസെന്റ്, ജോയ്‌സ് ജോർജ് എന്നിവരെ മാറ്റി നിർത്തിയാൽ മിക്കവാറും സ്ഥാനാർത്ഥികൾ വ്യക്തിപരമായി കാര്യമായ വിമർശനങ്ങളുള്ളവരല്ല. നേരത്തെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതിന്റെ മെച്ചങ്ങൾ സ്വാഭാവികമായും അവർക്കുണ്ടായി. ആറു തവണയെങ്കിലും ഓരോ വീടും കയറിയിറങ്ങി വോട്ടുറപ്പിക്കണമെന്ന തീരുമാനം മിക്കവാറും മേഖലകളിലൊക്കെ യാഥാർത്ഥ്യമായി. പണം വാരിവിതറുന്നതിൽ മുന്നിലും ഇടതുപക്ഷം തന്നെയായിരുന്നു. എല്ലാ പത്രങ്ങളിലും ആദ്യ പേജിലെ പരസ്യം തന്നെ ഉദാഹരണം. സോഷ്യൽ മീഡിയയിലാകട്ടെ ഏതു നുണയേയും സത്യമാക്കി മാറ്റുന്ന രീതിയിൽ കൃത്യമായ ആസൂത്രണത്തോടെയാണ് പ്രചാരണം നടന്നത്. കേരള സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ കാര്യമായ ആരോപണങ്ങളില്ല എന്നതും അവർക്ക് ശക്തിയായി. ഇതെല്ലാം കൂടിയായപ്പോൾ തെരഞ്ഞെടുപ്പു പ്രചാരണത്തിൽ വളരെ മുന്നിലെത്താൻ ഇടതുപക്ഷത്തിനായി എന്നതിൽ സംശയമില്ല.
യുഡിഎഫിലേക്കു വന്നാലും ഈ തെരഞ്ഞെടുപ്പ് ജീവന്മരണ പ്രശ്‌നം തന്നെയായിരുന്നു. ഏറ്റവും കൂടുതൽ സീറ്റ് ലഭിക്കുന്ന പാർട്ടിയെയാകും രാഷ്ട്രപതി മന്ത്രിസഭാ രൂപീകരണത്തിനു ക്ഷണിക്കുക എന്നതിനാൽ ഓരോ സീറ്റും കോൺഗ്രസിനു പ്രധാനമാണ്. അതിനേക്കാളുപരി രാഹുൽ ഗാന്ധി വയനാട്ടിൽ നിന്നു മത്സരിക്കാൻ തീരുമാനിച്ചതോടെ യുഡിഎഫ് നേതൃത്വത്തിന്റെ ഉത്തരവാദിത്തം പതിന്മടങ്ങായി. ഈ അനുകൂല സാഹചര്യം ഗുണകരമായി ഉപയോഗിക്കാൻ സാധിക്കാതിരുന്നാൽ ഇപ്പോൾ ഹൈക്കമാന്റിനെ ധിക്കരിക്കാൻ പോലും ധൈര്യം കാണിക്കുന്ന കേരള നേതാക്കളുടെ രാഷ്ട്രീയ ഭാവി സുരക്ഷിതമാകില്ല. ശബരിമല വിഷയത്തിൽ രാഹുൽ ഗാന്ധിയെ പോലും മാറ്റി ചിന്തിപ്പിക്കാൻ കേരള നേതാക്കൾക്കായി. എന്നാൽ തെരഞ്ഞെടുപ്പിൽ അതിന്റെ മെച്ചമില്ലാതായാൽ അതുണ്ടാക്കുന്ന പ്രത്യാഘാതം ചെറുതായിരിക്കില്ല. അതിനാൽ തന്നെ വൈകിയാണെങ്കിലും ജീവന്മരണ പോരാട്ടമാണ് അവർ നടത്തിയത്. പക്ഷേ എല്ലാം ശരിപ്പെടുത്തി ഗോദയിലിറങ്ങാൻ  വൈകിയതു മൂലമുണ്ടായ ക്ഷീണം മറികടക്കാൻ അവസാന നിമിഷം വരെ അവർക്കു സാധിച്ചിട്ടില്ല. അതുകൊണ്ടു മാത്രം വടകരയടക്കം ഏതാനും സീറ്റുകളെങ്കിലും നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്ന് നേതാക്കൾ പോലും അംഗീകരിക്കുന്നു.
ബിജെപിക്കും ഈ തെരഞ്ഞെടുപ്പ് നിസ്സാര വിഷയമല്ല. തിരുവനന്തപുരവും പത്തനംതിട്ടയും ജയിക്കുകയും തൃശൂരിൽ രണ്ടാം സ്ഥാനമെങ്കിലും നേടുകയും മിക്കവാറും മണ്ഡലങ്ങളിൽ വോട്ട് വർധിപ്പിക്കുകയും ചെയ്തില്ലെങ്കിൽ ശബരിമലയുടെ പേരിൽ ചെയ്തുകൂട്ടിയതെല്ലാം വൃഥാവിലാകും. അമിത് ഷായോട് പറയാൻ മറുപടിയുമുണ്ടാകില്ല. ശബരിമല വിഷയവുമായി ബന്ധപ്പെട്ടുണ്ടായിട്ടുള്ള ധ്രുവീകരണം എന്താണെന്ന് പറയാൻ ആർക്കും സാധിക്കാത്ത അവസ്ഥയാണ് സത്യത്തിൽ നിലനിൽക്കുന്നത്. പോളിഗ് ശതമാനത്തിന്റെ വർധനയും കൂടിയ സ്ത്രീപങ്കാളിത്തവും നൽകുന്ന സൂചന എന്താണെന്നു മനസ്സിലാകാതെ ഇരുട്ടിൽ തപ്പുകയാണ് എല്ലാവരും. മറുവശത്ത് മുസ്‌ലിം ന്യൂനപക്ഷ വിഭാഗങ്ങൾ എങ്ങനെ സമ്മതിദാനാവകാശം ഉപയോഗിച്ചിരിക്കാമെന്നതും ഇവരുടെ ആശങ്ക വർധിപ്പിക്കുന്നു. നിയമസഭാ തെരഞ്ഞെടുപ്പിനെ പോലെ അതു കൂടുതൽ തങ്ങൾക്കാണെന്ന് ഇടതുമുന്നണി അവകാശപ്പെടുന്നു. ആ ലക്ഷ്യത്തോടെയായിരുന്നു കോൺഗ്രസിനു വോട്ട് ചെയ്താലും അവർ ബിജെപിയിലേക്കു പോകുമെന്ന രീതിയിൽ വൻ പ്രചാരണം എൽഡിഎഫ് നടത്തിയത്. എന്നാൽ ഇതു നിയമസഭാ തെരഞ്ഞെടുപ്പല്ല, ലോക്‌സഭാ തെരഞ്ഞെടുപ്പാണെന്നും ഹിന്ദുത്വ തീവ്രവാദികളെ ചെറുക്കാൻ കോൺഗ്രസിനേ സാധിക്കൂ എന്ന് ന്യൂനപക്ഷങ്ങൾക്കറിയാമെന്നും കോൺഗ്രസ് നേതാക്കൾ പറയുന്നു. രാഹുൽ ഗാന്ധിയുടെ സാന്നിധ്യം ഇതിനെ അരക്കിട്ടുറപ്പിക്കുന്നു. മാത്രമല്ല, ഇടതുമുന്നണിക്കു വോട്ട് ചെയ്താലും അവസാനമത് രാഹുലിനെത്തുമെന്നതും ചൂണ്ടിക്കാട്ടിയായിരുന്നു യുഡിഎഫിന്റെ പ്രധാന പ്രചാരണം.  
എന്തായാലും കാത്തിരിക്കുകയല്ലാതെ ഇനിയൊന്നും ചെയ്യാനില്ല. തെരഞ്ഞെടുപ്പു ഫലം എന്തായാലും മൂന്നു കൂട്ടർക്കും ന്യായീകരിക്കാനായി ഒരുപാട് സാധ്യതകൾ ബാക്കിവെച്ചിട്ടുണ്ട്. അവയിൽ പിടിച്ചുതൂങ്ങിയുള്ള അഭ്യാസമായിരിക്കും അപ്പോൾ കാണുക എന്നു മാത്രം. 

Latest News