കേരളത്തിലെ ഇരുപത് ലോക്‌സഭാ മണ്ഡലത്തിലേക്കുമുള്ള വോട്ടെടുപ്പ് പതിവിൽ കവിഞ്ഞ വാശിയോടെയാണ് ചൊവ്വാഴ്ച നടന്നത്. കാസർകോട്ടും വയനാട്ടിലും മഴയും കാറ്റും ഗൗനിക്കാതെയാണ് ബൂത്തുകളിലേക്ക് ജനം പ്രവഹിച്ചത്. 2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കണ്ണൂർ, വടകര ലോക്‌സഭാ മണ്ഡലങ്ങൾക്കായിരുന്നു ആദ്യ സ്ഥാനങ്ങൾ. ഇത്തവണ വടകരയുടെ സ്ഥാനം വയനാട് ഏറ്റെടുത്തു. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി മത്സരിക്കാനിറങ്ങിയതോടെ ചുരത്തിന് മുകളിലുള്ള ശാന്തമായ പ്രദേശം ദേശീയ ശ്രദ്ധ പിടിച്ചുപറ്റി. സംസ്ഥാനത്തെ ഏറ്റവും രാഷ്ട്രീയ പ്രബുദ്ധതയുള്ള കണ്ണൂരിന്റെ കാര്യം അവിടെ നിൽക്കട്ടെ. കണ്ണൂരും കണ്ണൂരിന്റെ അനുജനായ വടകരയും പലപ്പോഴും അങ്ങനെയാണ്. വയനാട് ജില്ലയിലെ റെക്കോർഡ് പോളിംഗ് വ്യക്തമായ സൂചന നൽകുന്നു. രാഹുൽ ഗാന്ധി പ്രധാനമന്ത്രി പദത്തിലെത്തണമെന്ന് വോട്ടർമാർ അതിയായി ആഗ്രഹിക്കുന്നു. നെഹ്‌റു കുടുംബത്തിലെ കുട്ടി ആദ്യമായി കേരളത്തിൽ മത്സരിക്കാനെത്തിയപ്പോൾ റെക്കോർഡ് ഭൂരിപക്ഷത്തോടെ തിരിച്ചയക്കണമെന്നും ജനം കൊതിച്ചു. എന്നാൽ മറ്റു മണ്ഡലങ്ങളിലെ കാര്യമോ? മൂന്ന് ദശകങ്ങൾക്ക് ശേഷം ഇതാദ്യമായാണ് എല്ലാ ജില്ലകളിലേയും വോട്ടിംഗ് ശരാശരി എൺപതിന്റെ ഡിസ്റ്റിംഗ്ഷനിൽ എത്തിനിൽക്കുന്നത്.
ദേശീയ രാഷ്ട്രീയത്തിൽ ബിഹാറിലെ ഹാജിപ്പുർ ലോക്‌സഭാ മണ്ഡലത്തിൽ നിന്ന് അഞ്ചര ലക്ഷം വോട്ടുകൾക്ക് രാം വിലാസ് പസ്വാൻ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. വയനാട്ടിൽ മൂന്ന് ലക്ഷം എന്നതിൽ കൂടിയ അവകാശ വാദങ്ങൾ എവിടെയും കേട്ടതുമില്ല. വയനാട്ടിൽ ഉൾപ്പെടുന്ന മലപ്പുറം ജില്ലയിലെ നിലമ്പൂർ, വണ്ടൂർ, ഏറനാട് അസംബ്ലി സെഗ്‌മെന്റുകളിൽ ഇതിലും കൂടിയ പോളിംഗ് വരേണ്ടതായിരുന്നു. നോമ്പുകാലത്തിന് മുമ്പ് ഉംറ നിർവഹിക്കാൻ പുറപ്പെട്ടവരും കുടുംബനാഥനൊപ്പം അവധിക്കാലം ഗൾഫിൽ കഴിച്ചുകൂട്ടാൻ മലയാളി കുടുംബങ്ങൾ യാത്ര തിരിച്ചതും മലപ്പുറം ജില്ലയിലെ മണ്ഡലങ്ങളെ ബാധിച്ചിരിക്കാം.
വയനാട്ടിൽ രാഹുൽ ഗാന്ധി മത്സരിക്കാൻ തീരുമാനിക്കുന്നതിന് മുമ്പ് സംസ്ഥാനത്തെ ഏറ്റവും ശ്രദ്ധേയ പോരാട്ടം വടകരയിലായിരുന്നു. രണ്ട് തവണ തുടർച്ചയായി മുല്ലപ്പള്ളി രാമചന്ദ്രൻ ജയിച്ചതോടെയാണ് ചുവന്ന മണ്ഡലത്തിന്റെ സ്വഭാവം മാറിയത്. ഇത് തിരിച്ചു പിടിക്കാനാണ് കണ്ണൂർ ജില്ലാ സെക്രട്ടറി പി. ജയരാജനെ രംഗത്തിറക്കിയത്. നിയമസഭയിലെ കണക്കുകൾ എല്ലാം എൽ.ഡി.എഫിന് അനുകൂലം. വീരേന്ദ്രകുമാറിന്റെ ലോക താന്ത്രിക ജനതാദൾ പക്ഷം മാറി എൽ.ഡി.എഫിലെത്തിയിട്ടുണ്ട്. എന്നിട്ടും മുരളി എത്തിയതോടെ തീപ്പാറുന്ന പോരാട്ടത്തിനാണ് ഈ സീറ്റ് സാക്ഷ്യം വഹിച്ചത്. പോളിംഗ് കഴിഞ്ഞപ്പോഴും ഞങ്ങൾ ഉറപ്പായും ജയിക്കുമെന്ന് ആർക്കും പറയാനാവാത്ത സ്ഥിതി.
വോട്ടെടുപ്പ് പൂർത്തിയാവുമ്പോൾ ശക്തമായ അടിയൊഴുക്കാണ് മിക്ക മണ്ഡലങ്ങളിലും ദൃശ്യമായിരിക്കുന്നത്. പത്തനംതിട്ട, തിരുവനന്തപുരം, തൃശൂർ, പാലക്കാട് മണ്ഡലങ്ങളിലാണ് ശക്തമായ ത്രികോണ മത്സരം നടന്നത്. ഇവിടങ്ങളിലെ വോട്ടിംഗ് ശതമാനത്തിൽ മൂന്ന് മുന്നണികളും പ്രതീക്ഷ വെച്ചു പുലർത്തുന്നുണ്ട്.
ശബരിമല വിഷയം ഈ മണ്ഡലങ്ങളിൽ തങ്ങൾക്ക് അപ്രതീക്ഷിത നേട്ടം സമ്മാനിക്കുമെന്ന പ്രതീക്ഷയിലാണ് ബി.ജെ.പി. എന്നാൽ അവസാന റൗണ്ടിൽ കോൺഗ്രസിനെ പിന്തള്ളി ബി.ജെ.പി – ഇടതുപക്ഷ മത്സരമാക്കി പത്തനംതിട്ടയെയും തിരുവനന്തപുരത്തെയും മാറ്റിയതായാണ് സി.പി.എം നേതൃത്വം പറയുന്നത്. ന്യൂനപക്ഷ വോട്ടുകളുടെ കൂടി പിന്തുണയിൽ ഈ മണ്ഡലങ്ങളിൽ അട്ടിമറി വിജയം നേടാനാകുമെന്നാണ് എൽ.ഡി.എഫ് കരുതുന്നത്.
ഇത്തവണ എട്ട് മണ്ഡലങ്ങളിൽ പോളിംഗ് 80 ശതമാനം കടന്നു. എല്ലാ മണ്ഡലങ്ങളിലും തൊട്ടു മുൻ പ്രാവശ്യത്തേക്കാൾ പോളിംഗ് ഉയർന്നു.
വാശിയോടെ നടന്ന തെരഞ്ഞെടുപ്പിലെ കൂടിയ ശതമാനം ആർക്കാണ് ഗുണം ചെയ്യുക? എല്ലാ മുന്നണികളും കണക്കെടുപ്പ് ആരംഭിച്ചു. ഓരോരുത്തരും തങ്ങളുടെ അവകാശ വാദവുമായി രംഗത്ത് എത്തിയിട്ടുമുണ്ട്. പോളിംഗിനായി സ്ത്രീകളും ഗ്രാമീണരും ഏറെ നേരം ക്യൂ നിന്നത് ശക്തമായ നിലപാട് തെരഞ്ഞെടുപ്പിൽ പ്രതിഫലിപ്പിക്കണമെന്ന നിശ്ചയദാർഢ്യത്തെയാണ് സൂചിപ്പിക്കുന്നത്.
തിരുവനന്തപുരവും പത്തനംതിട്ടയും അടക്കമുള്ള അഞ്ചു മണ്ഡലങ്ങളിൽ ചിലതിൽ അക്കൗണ്ട് തുറക്കാമെന്ന വലിയ പ്രതീക്ഷയിലാണ് ബിജെപി. അതേസമയം ബി.ജെ.പിയുടെ സർക്കാർ വിരുദ്ധ പ്രചാരണം ഗുണം ചെയ്യുക കോൺഗ്രസ് നേതൃത്വത്തിലുള്ള യു.ഡി.എഫിനാണെന്ന് വിലയിരുത്തപ്പെടുന്നുണ്ട്.
ശബരിമലയിലെ സ്ത്രീപ്രവേശന വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സർക്കാറിനുമെതിരെ ബി.ജെ.പി ശക്തമായ പ്രചാരണം നടത്തിയിരുന്നു.
ആചാര ലംഘന വിഷയം സജീവ ചർച്ചാ വിഷയമാക്കി നിലനിർത്താൻ ബിജെപി പരിശ്രമിച്ചു.
ആചാര ലംഘന വിഷയത്തിൽ സംസ്ഥാന സർക്കാരിനോടും ഇടതുപക്ഷത്തോടും വിശ്വാസികൾക്കിടയിൽ ഉണ്ടായ എതിർ വികാരം ബിജെപിക്ക് ദുർബല സ്ഥാനാർത്ഥികൾ ഉള്ളിടത്ത് കോൺഗ്രസിന് വോട്ടായി മാറിയേക്കും. കേരളത്തിൽ ഇടതുമുന്നണിക്ക് പരാജയം സംഭവിക്കുമ്പോൾ വിജയിച്ചു കയറുന്ന യുഡിഎഫ് സ്ഥാനാർത്ഥികൾ കേന്ദ്രത്തിൽ ഭീഷണിയാവുക ബിജെപിക്കാണ്.
വാശിയേറിയ പോരാട്ടം നടന്ന കണ്ണൂർ, വടകര, കോഴിക്കോട്, കൊല്ലം, മാവേലിക്കര മണ്ഡലങ്ങളിലെല്ലാം വിശ്വാസി സമൂഹത്തിന്റെ വോട്ടുകൾ തങ്ങളുടെ സ്ഥാനാർത്ഥികൾക്ക് വന്നുചേരുമെന്നാണ് യുഡിഎഫും കണക്ക് കൂട്ടുന്നത്.
കാസർകോട്, കണ്ണൂർ, വടകര, വയനാട്, മലപ്പുറം, പൊന്നാനി, ആലത്തൂർ, തൃശൂർ, ചാലക്കുടി, എറണാകുളം, കോട്ടയം, പത്തനംതിട്ട, മാവേലിക്കര, ആലപ്പുഴ മണ്ഡലങ്ങളിൽ ഉറപ്പായും വിജയിക്കുമെന്നാണ് യു.ഡി.എഫ് കേന്ദ്രങ്ങൾ അവകാശപ്പെടുന്നത്. തിരുവനന്തപുരം, ആറ്റിങ്ങൽ, കൊല്ലം മണ്ഡലങ്ങളിൽ വിജയ സാധ്യത ഉണ്ടെന്നും അവർ പറയുന്നു. പതിനാല് സീറ്റിൽ വിജയം യു.ഡി.എഫ് അവകാശപ്പെടുമ്പോൾ ചരിത്ര മുന്നേറ്റമാണ് ഇടതുപക്ഷം ചൂണ്ടിക്കാട്ടുന്നത്. രണ്ട് മുന്നണികളെയും ഞെട്ടിച്ച് രണ്ട് സ്ഥലത്ത് താമര വിരിയുമെന്ന് ബി.ജെ.പിയും പറയുന്നു. വോട്ട് പെട്ടിയിലായിട്ടും ആത്മവിശ്വാസത്തിന് ഒരു മുന്നണിക്കും കുറവില്ല.
അവസാന ഘട്ട പ്രചാരണത്തിൽ മേൽക്കോയ്മ ലഭിച്ചതാണ് ഇടതുപക്ഷ പ്രതീക്ഷകൾക്ക് അടിസ്ഥാനം. പിണറായി സർക്കാറിന്റെ ഭരണവും സംഘപരിവാറിനെ ശക്തമായി നേരിടുന്ന കരുത്തിനുള്ള വോട്ടിലുമാണ് ഇടതുപക്ഷത്തിന്റെ പ്രതീക്ഷ.
ശബരിമല എന്ന ഒറ്റ വിഷയത്തിൽ ഉണ്ടാകുന്ന സാമുദായിക ഏകീകരണമാണ് ബി.ജെ.പിയുടെ പ്രതീക്ഷക്ക് അടിസ്ഥാനം. നവാഗത വോട്ടർമാരും സ്ത്രീകളുമാണ് ഓരോ മണ്ഡലത്തിലെയും വിധിയിൽ നിർണായകമാകുക. സ്ത്രീ വോട്ടർമാരെ ലഷ്യമിട്ട് പ്രത്യേക കുടുംബ യോഗങ്ങൾ മൂന്ന് മുന്നണികളും വ്യാപകമായി സംഘടിപ്പിച്ചിരുന്നു.
വിധി എന്തായാലും അത് കേരള രാഷ്ട്രീയത്തിന്റെ ഗതിയെ തന്നെ മാറ്റിമറിക്കും. 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പ് വിധിയെഴുത്തിന്റെ സൂചനയായും ലോക്‌സഭാ തെരഞ്ഞെടുപ്പ് വിലയിരുത്തപ്പെടും.
കേന്ദ്രത്തിലെ ഫാസിസ്റ്റ് ഭരണം അവസാനിപ്പിക്കുക, കേരള സർക്കാരിന്റെ ഭരണ നേട്ടങ്ങൾക്കുള്ള അംഗീകാരം, വിശ്വാസ സംരക്ഷണം എന്നീ വിഷയങ്ങളിൽ കേന്ദ്രീകരിച്ചായിരുന്നു സംസ്ഥാനത്തെ പ്രചാരണം. ഇതിനിടയ്ക്ക് മറ്റു കാര്യങ്ങളെല്ലാം വിസ്മൃതിയിലായി. ഇന്ത്യയെ വീണ്ടെടുക്കുക എന്ന മുദ്രാവാക്യവുമായെത്തിയ രാഹുൽ ഗാന്ധി കേരളത്തിൽ സ്ഥാനാർഥിയാവുന്നത് വരെ ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തിന്റെ സൈന്യത്തലവനായിരുന്നു കേരളത്തിലെ എൽ.ഡി.എഫിന്. കോഴിക്കോട്-കണ്ണൂർ ജില്ലകൾക്കിടയിൽ സ്ഥിതി ചെയ്യുന്ന മാഹിയിൽ കോൺഗ്രസിനെ എതിർക്കാതിരിക്കുക. വടകരയിലും കണ്ണൂരിലും പാലക്കാട്ടും കോൺഗ്രസിനെതിരെ പ്രവർത്തിക്കുക. കേരള-തമിഴുനാട് അതിർത്തി കഴിഞ്ഞാൽ കോയമ്പത്തൂരിൽ വീണ്ടും കോൺഗ്രസിനൊപ്പം. സി.പി.എമ്മിന്റെ സാധാരണ പ്രവർത്തകർ ഈ സീസൺ എങ്ങനെയെങ്കിലും ഒന്ന് കഴിഞ്ഞു കിട്ടിയാൽ മതിയെന്ന് ആത്മാർഥമായി ആഗ്രഹിച്ചു പോയത് സ്വാഭാവികം. മോഡി സർക്കാരിന്റെ നോട്ട് റദ്ദാക്കൽ തകർത്ത സമ്പദ്ഘടനയും അഞ്ച് ദശകങ്ങളിലെ ഏറ്റവും കൂടിയ നിരക്കിലെ തൊഴിലില്ലായ്മയും വിദ്യാസമ്പന്നരുടെ നാട്ടിൽ സജീവ ചർച്ചാ വിഷയമായതുമില്ല.
കേരളത്തിലെ പ്രധാന കക്ഷികളെല്ലാം വർഗീയ വിരുദ്ധ നിലപാടുള്ളവരാണ്. ഇത്തവണയാണ് വർഗീയ വിഷയങ്ങൾ കൂടിയ പ്രാധാന്യത്തോടെ ചർച്ച ചെയ്യപ്പെട്ടത്.
മുൻകാലങ്ങളിൽ നിന്നും വ്യത്യസ്തമായി സോഷ്യൽ മീഡിയ പ്രചാരണ രംഗത്ത് ഏ റ്റവും കൂടുതൽ മേധാവിത്വം പുലർത്തിയ തെരഞ്ഞെടുപ്പ് കൂടിയാണിത്. വിജയ പരാജയങ്ങൾ കോൺഗ്രസ്, സി.പി.എം, ബി.ജെ.പി പാർട്ടി നേതൃത്വങ്ങളിൽ സമൂലമായ അഴിച്ചുപണിക്കും വഴി ഒരുക്കും. വോട്ടെടുപ്പിന്റെ പിറ്റേ ദിവസം മുഖ്യമന്ത്രി മാധ്യമ പ്രവർത്തകരോട് പ്രതികരിച്ച രീതിയിൽ പലതിന്റെയും സൂചനയുണ്ട്.