വരാണസിയില്‍ ഇന്ന് മോഡിയുടെ റോഡ് ഷോ; നാളെ പത്രിക നല്‍കും

ന്യൂദല്‍ഹി- ഉത്തര്‍പ്രദേശിലെ വരാണസിയില്‍ വീണ്ടും ജനവിധിതേടുന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡി നാളെ നാമനിര്‍ദേശ പത്രിക നല്‍കും. ഇന്ന് വരാണസിയിലെത്തുന്ന മോഡി വൈകിട്ട് നഗരത്തില്‍ ഏഴു കിലോമീറ്റര്‍ ദൂരം റോഡ് ഷോ നടത്തും.

റോഡ്‌ഷോയ്ക്ക് മുമ്പ് ബി.ജെ.പി. അധ്യക്ഷന്‍ അമിത്ഷാ, നേതാക്കളായ ജെ.പി. നദ്ദ, ലക്ഷ്മണ്‍ ആചാര്യ, സുനില്‍ ഓജ  തുടങ്ങിയവരുമായി അദ്ദേഹം മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണം വിലയിരുത്തും. രാത്രി നഗരത്തിലെ സ്വകാര്യഹോട്ടലില്‍ പ്രധാന വ്യക്തികളുമായി കൂടിക്കാഴ്ച നടത്തും.

ബനാറസ് ഹിന്ദു സര്‍വകലാശാലയുടെ സമീപം ലങ്കാ ഗേറ്റിലെ മദന്‍ മോഹന്‍ മാളവ്യയുടെ പ്രതിമക്കരികില്‍നിന്നാണ് റോഡ് ഷോ തുടങ്ങുക. ദശാശ്വമേധ് ഘട്ടില്‍ അവസാനിക്കും. ഏഴുകിലോമീറ്ററിനിടെ 150 കേന്ദ്രങ്ങളില്‍ മോഡിക്ക് സ്വീകരണം നല്‍കും. മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളായ മദന്‍പുര, സോനാര്‍പുര എന്നിവിടങ്ങളിലും സ്വീകരണം ഏര്‍പ്പെടുത്തിയതായി നേതാക്കള്‍ പറഞ്ഞു.

റോഡ്‌ഷോയ്ക്കുശേഷം ദശാശ്വമേധ് ഘട്ടില്‍ പ്രധാനമന്ത്രി പൂജയും ഗംഗാസ്‌നാനവും നടത്തും. പ്രധാനമന്ത്രിയായ ശേഷം മൂന്നാം തവണയാണ് മോഡി ഇവിടെ ഗംഗാസ്‌നാനം നടത്തുന്നത്.

വെള്ളിയാഴ്ച രാവിലെ ബൂത്തുതല പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യും. 10 മണിക്ക് കാലഭൈരവ ക്ഷേത്രം സന്ദര്‍ശിക്കും. തുടര്‍ന്ന് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനായി കലക്ടറേറ്റിലേക്കു പുറപ്പെടും. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍, കേന്ദ്ര മന്ത്രി രാം വിലാസ് പസ്വാന്‍, ശിവസേന നേതാവ് ഉദ്ധവ് താക്കറെ, അകാലി ദള്‍ നേതാവ് സുഖ്ബീര്‍ സിങ് ബാദല്‍ തുടങ്ങിയ ഘടകകക്ഷി നേതാക്കള്‍ അനുഗമിക്കും.

മെയ് 19-നാണ് വരാണസിയില്‍ തെരഞ്ഞെടുപ്പ്. കഴിഞ്ഞതവണ 3.37 ലക്ഷം വോട്ടുകള്‍ക്കാണ് മോഡി ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്രിവാളിനെ പരാജയപ്പെടുത്തിയത്.

 

Latest News