Sorry, you need to enable JavaScript to visit this website.

വിശുദ്ധ ഹറമിലെ റമദാന്‍ ഒരുക്കങ്ങള്‍ വിലയിരുത്തി

മക്ക പ്രവിശ്യ ഡെപ്യൂട്ടി ഗവർണർ ബദ്ർ ബിൻ സുൽത്താൻ രാജകുമാരൻ വിശുദ്ധ ഹറമിൽ സന്ദർശനം നടത്തുന്നു.

മക്ക - വിശുദ്ധ റമദാനു മുന്നോടിയായി ബന്ധപ്പെട്ട വകുപ്പുകൾ നടത്തിയ ഒരുക്കങ്ങളും തീർഥാടക ലക്ഷങ്ങളെ സ്വീകരിക്കുന്നതിന് പൂർത്തിയാക്കിയ തയാറെടുപ്പുകളും വിലയിരുത്തുന്നതിന് മക്ക പ്രവിശ്യ ഡെപ്യൂട്ടി ഗവർണർ ബദ്ർ ബിൻ സുൽത്താൻ രാജകുമാരൻ ഹറമിൽ സന്ദർശനം നടത്തി.

വിശുദ്ധ ഹറമിന്റെ വടക്കു മുറ്റത്തെ വികസന പദ്ധതികളും ജർവൽ ടണലും കിംഗ് അബ്ദുൽ അസീസ് കവാടത്തിന്റെ നിർമാണ ജോലികളുടെ പുരോഗതിയും ഡെപ്യൂട്ടി ഗവർണർ വീക്ഷിച്ചു. അഞ്ചു നിലകളിലാണ് കിംഗ് അബ്ദുൽ അസീസ് ഗെയ്റ്റ് നിർമിക്കുന്നത്. ആൾക്കൂട്ടത്തെ നിയന്ത്രിക്കുന്നതിന് ബന്ധപ്പെട്ട വകുപ്പുകളെ സഹായിക്കുന്ന സാങ്കേതിക സംവിധാനങ്ങളും 137 മീറ്റർ വീതം ഉയരമുള്ള രണ്ടു മിനാരങ്ങളും തീർഥാടകർക്കും സന്ദർശകർക്കും മാർഗനിർദേശങ്ങൾ നൽകുന്നതിനുള്ള സ്‌ക്രീനുകളും അടങ്ങിയതാണ് കിംഗ് അബ്ദുൽ അസീസ് ഗെയ്റ്റ്. 


ഒരു കിലോമീറ്ററിലേറെ നീളമുള്ള ജർവൽ ടണലിൽ സുരക്ഷാ, അഗ്നിശമന, ശീതീകരണ സംവിധാനങ്ങളും വായു സഞ്ചാരത്തിനുള്ള കൂറ്റൻ ഫാനുകളുമുണ്ട്. ജർവൽ ഭാഗത്തു നിന്ന് ഹറമിലേക്കും തിരിച്ചുമുള്ള തീർഥാടകരുടെ നീക്കം സുഗമമാക്കുന്നതിന് പുതിയ ടണൽ സഹായിക്കും. ഹറമിൽ മൂന്നാം സൗദി വികസന പദ്ധതിയുടെ ഭാഗമായ എല്ലാ നിലകളും വിശുദ്ധ റമദാനിൽ വിശ്വാസികൾക്കു മുന്നിൽ തുറന്നിടും. ഇവിടെ ഒരേ സമയം 2,80,000 പേർക്ക് നമസ്‌കാരം നിർവഹിക്കുന്നതിനു മാത്രം വിശാലമാണ്. 


മക്കയിലെ ഏറ്റവും വലിയ രണ്ടാമത്തെ ബസ് സ്റ്റേഷനായ, കിംഗ് അബ്ദുൽ അസീസ് എൻഡോവ്‌മെന്റ് പദ്ധതിക്കു സമീപത്തെ ബസ് സ്റ്റേഷനും ഡെപ്യൂട്ടി ഗവർണർ സന്ദർശിച്ചു. കുദയ് പാർക്കിംഗിൽ നിന്ന് ഹറമിന്റെ തെക്കു ഭാഗത്തെ മുറ്റത്തേക്ക് ഷട്ടിൽ സർവീസുകൾ വഴി മണിക്കൂറിൽ അര ലക്ഷം പേരെ എത്തിക്കുന്നതിന് ഈ ബസ് സ്റ്റേഷൻ പ്രയോജനപ്പെടുത്തും. 130 ലേറെ ബസുകളാണ് ഇവിടെ നിന്ന് റമദാനിൽ ഷട്ടിൽ സർവീസുകൾ നടത്തുക. 

Latest News