Sorry, you need to enable JavaScript to visit this website.

അമ്മയെ എന്തുകൊണ്ട് ദല്‍ഹിയില്‍ താമസിപ്പിക്കുന്നില്ല; മോഡിക്ക് മറുപടിയുണ്ട്

ന്യൂദല്‍ഹി- നന്നേ ചെറുപ്പത്തില്‍തന്നെ വീടുവിട്ടിറങ്ങിയ താന്‍ ഇപ്പോള്‍ കുടുംബവുമായും ഉറ്റവരുമായും ഏറെ അകന്നുപോയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. നടന്‍ അക്ഷയ് കുമാറുമായി നടത്തിയ തുറന്ന സംഭാഷണത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്.
വളരെ ചെറുപ്പത്തില്‍തന്നെ ഞാന്‍ ഇതൊക്കെ വിട്ടു. നന്നേ ചെറുപ്പത്തിലാണ് വീടുവിട്ടത്. അതിനുശേഷം ബന്ധുക്കളുമായി അകന്നു പോയി- ലോക് കല്യാണ്‍ മാര്‍ഗിലെ വസതിയില്‍ പോര്‍ച്ചിലിരുന്നു മോഡി പറഞ്ഞു.
ഔദ്യോഗിക വസതി വളരെ വലുതാണല്ലോ ഏകാന്തത അനുഭവപ്പെടുന്നില്ലേ എന്ന ആമുഖത്തോടെയാണ് അക്ഷയ് കുമാര്‍ ചോദ്യത്തിലേക്ക് കടന്നത്. കുടുംബവും അമ്മയും സഹോദരനുമൊക്കെ ചുറ്റും ഉണ്ടാകണമെന്ന് എപ്പോഴെങ്കിലും ആഗ്രഹിച്ചിട്ടുണ്ടോ?
ഇപ്പോള്‍ അങ്ങനെയൊന്നുമില്ലെന്നായിരുന്നു മോഡിയുടെ മറുപടി. ചെറിയ പ്രായത്തില്‍ വീടു വിട്ടപ്പോള്‍ കുടുംബത്തെ വിട്ടുപോകുന്നതില്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നു. പക്ഷേ, അതൊന്നും ഇപ്പോഴില്ല- അദ്ദേഹം പറഞ്ഞു.
ചൊവ്വാഴ്ച ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നതിനായി മോഡി ഗുജറാത്തില്‍ എത്തിയപ്പോള്‍ അമ്മ ഹീരാബയെ സന്ദര്‍ശിച്ചിരുന്നു. 2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ചപ്പോള്‍ സന്ദര്‍ശിച്ചതോടെയാണ് ഹീരബയെ കുറിച്ച് പുറംലോകം അറിഞ്ഞത്. പിന്നീട് ദല്‍ഹിയിലെത്തി അവര്‍ പ്രധാനമന്ത്രിയുടെ വസതി സന്ദര്‍ശിച്ചിരുന്നു.
ദല്‍ഹിയിലെത്തി എന്തു ചെയ്യാനാണെന്നും നിന്നോട് എന്തു സംസാരിക്കാനാണെന്നുമാണ് അമ്മ ചോദിക്കുന്നതെന്ന് എന്തു കൊണ്ട് അവരെ ദല്‍ഹിയിലെ ഔദ്യോഗിക വസതിയിലേക്ക് കൊണ്ടുവരുന്നില്ലെന്ന ആവര്‍ത്തിച്ചുള്ള ചോദ്യത്തിന് മോഡി മറുപടി നല്‍കി. താന്‍ രാത്രി വീട്ടിലെത്താന്‍ വൈകുമ്പോള്‍ അമ്മക്ക് പ്രയാസമാകുമെന്നും മോഡി കൂട്ടിച്ചേര്‍ത്തു.
മോഡിയുടെ മാങ്ങാക്കൊതിയും അക്ഷയ്കുമാര്‍ വിഷയമാക്കി. മാങ്ങ തിന്നാന്‍ ഇഷ്ടമാണെങ്കിലും ചെറുപ്പകാലത്ത് തനിക്ക് അത്രയൊന്നും മാങ്ങ തിന്നാന്‍ കിട്ടിയിരുന്നില്ലെന്നും താന്‍ കടുന്നുവന്ന ഇല്ലായ്മയുടെ കാലത്തെ കുറിച്ച് വിശദീകരിച്ചുകൊണ്ട് മോഡി പറഞ്ഞു.

 

Latest News