തിരുവനന്തപുരം- ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പോളിംഗ് ശതമാനത്തിലുണ്ടായ വർധന മുന്നണികളുടെ ഉറക്കം കെടുത്തുന്നു. കഴിഞ്ഞ തവണത്തെ പോളിംഗ് ശതമാനമായ 74.04 ശതമാനത്തിൽനിന്ന് നല്ല വർധനയാണ് ഇത്തവണ. 80 ശതമാനം കടന്നേക്കുമെന്നാണ് സൂചന. പോളിംഗ് ശതമാനം കൂടുമ്പോൾ അതിന്റെ ആനുകൂല്യം തങ്ങൾക്കായിരിക്കുമെന്ന് ഓരോ മുന്നണിയും പ്രതീക്ഷിക്കുന്നു. എന്നാൽ ഇത്തവണ സംസ്ഥാനത്ത് പരക്കെയുണ്ടായ വർധിച്ച പോളിംഗ് ശതമാനം ചില സൂചനകൾ നൽകുന്നുണ്ട്. വയനാട്ടിലുണ്ടായ കനത്ത പോളിംഗ് രാഹുൽ ഗാന്ധിയുടെ സാന്നിധ്യം കൊണ്ട് തന്നെയാണ്. രാഹുലിന്റെ കേരളത്തിലേക്കുള്ള വരവ് യു.ഡി.എഫിനെ പൊതുവെ ഊർജസ്വലരാക്കിയിരുന്നു. ഇതിനെ മറികടക്കാൻ എൽ.ഡി.എഫും ശക്തമായി പ്രവർത്തിച്ചു. ഇതാവാം പോളിംഗ് ശതമാനത്തിലുണ്ടായ വർധനക്ക് കാരണമെന്ന് കണക്കാക്കുന്നു. ഒപ്പം ബി.ജെ.പിയുടെ ശക്തമായ സന്നിധ്യവും ചില മണ്ഡലങ്ങളിൽ ത്രികോണ മത്സരം സൃഷ്ടിച്ചു. ബി.ജെ.പിക്ക് വിജയ പ്രതീക്ഷയുള്ള തിരുവനന്തപുരം, പത്തനംതിട്ട മണ്ഡലങ്ങളിൽ കനത്ത പോളിംഗ് ആയിരുന്നു.
സാധാരണ പോളിംഗ് ശതമാനം കൂടുമ്പോൾ അതിന്റെ ഗുണം യു.ഡി.എഫിനാണ് ലഭിക്കാറുള്ളത്. എൽ.ഡി.എഫിന്റെ വോട്ടുകൾ എല്ലാ കാലത്തും പോൾ ചെയ്യിക്കാറുണ്ട്. ചെയ്യാതെ പോകുന്ന വോട്ടുകൾ അധികവും യു.ഡി.എഫിന്റേതായിക്കും. ഇത്തവണ ഉണ്ടായ പോളിംഗ് വർധന ഇടതുപക്ഷത്തെ അസ്വസ്ഥരാക്കുന്നു. വോട്ടിംഗ് ശതമാനം നോക്കുമ്പോൾ തിരുവനന്തപുരം മണ്ഡലം 70 ശതമാനത്തിൽ താഴെയാണ് പൊതുവെ രേഖപ്പെടുത്തുന്നത്. 2009 ൽ 65.73 ആയിരുന്നു പോളിംഗ് ശതമാനം. 2014 ൽ 68.69 ശതമാനവും. ഇത്തവണ 70 ശതമാനത്തിന് മുകളിലേക്ക് പോയെന്നത് തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കും. മൂന്ന് മുന്നണികളും ഒരുപോലെ പ്രതീക്ഷ പ്രകടിപ്പിച്ച മണ്ഡലമാണ് തിരുവനന്തപുരം. ഇവിടുത്തെ പോളിംഗ് വർധനയുടെ ഫലം എന്താകുമെന്ന കാര്യത്തിൽ ആർക്കും ധാരണയില്ല. പുതിയ വോട്ടർമാരുടെ കടന്നുവരവ് ആർക്ക് അനുകൂലമാകുമെന്ന് മുന്നണികൾക്ക് പ്രവചിക്കാനാവുന്നില്ല. ഈ വോട്ടുകളിൽ ഏറെ പ്രതീക്ഷ വെയ്ക്കുന്നത് ബി.ജെ.പിയാണ്.
വോട്ടിംഗ് ശതമാനത്തിൽ പത്തനംതിട്ട മണ്ഡലത്തിലാണ് അത്ഭുതകരമായ വർധന രേഖപ്പെടുത്തിയത്. കഴിഞ്ഞ തവണത്തേതിൽ നിന്ന് 10 ശതമാനത്തോളം വർധനയാണുണ്ടായിരിക്കുന്നത്. സംസ്ഥാനം ഏറെ ശ്രദ്ധിക്കുന്ന മണ്ഡലത്തിലെ പോളിംഗ് ശതമാനത്തിലെ വർധന ശബരിമല വിഷയത്തിൽ ജനങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തലായി വിലയിരുത്തുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 66.61 ആയിരുന്നു പോളിംഗ് ശതമാനം. അതിന് മുമ്പ് 65.81 മാത്രം. ഇത്തവണ എൺപതിനോട് അടുത്തു. വിജയം നേരിയ വ്യത്യാസത്തിലായിരുന്നാലും അത്ഭുതങ്ങൾ സംഭവിക്കുമെന്ന് പ്രതീക്ഷിക്കുന്ന മണ്ഡലമാണ് പത്തനംതിട്ട.
വാശിയേറിയ മത്സരം നടന്ന കണ്ണൂർ, വടകര, ആറ്റിങ്ങൽ, ആലത്തൂർ, തൃശൂർ മണ്ഡലങ്ങളിലും വലിയ വോട്ട് വർധനയാണ് വന്നിട്ടുള്ളത്. ഇത് മൂന്ന് മുന്നണികൾക്കും പ്രതീക്ഷ നൽകുന്നു. ഇത്തവണ വോട്ടർമാർക്ക് ചിലത് പറയാനുണ്ടെന്ന വാശിയിലായിരുന്നു പോളിംഗ് ബൂത്തിലേക്ക് ജനം സ്വമേധയാ ഒഴുകിയത്. കേന്ദ്ര സർക്കാരിനോടുള്ള പ്രതിഷേധമാണോ ശബരിമല വിഷയത്തിൽ സംസ്ഥാന സർക്കാർ സ്വീകരിച്ച നിലപാടിനോടുള്ള പ്രതികാരമാണോ എന്ന് കണ്ടറിയണം. അതറിയാനാണ് ഒരു മാസം നീളുന്ന കാത്തിരിപ്പ്.