നൂറ് കോടി ഡോളര്‍ നഷ്ടപരിഹാരം തേടി കൗമാരക്കാരന്‍ ആപ്പിളിനെ കോടതി കയറ്റി

ന്യൂയോര്‍ക്ക്- വിദ്യാര്‍ത്ഥിയായ തന്നെ മോഷ്ടാവെന്നാരോപിച്ച് പോലീസിനെ കൊണ്ട് പിടിപ്പിച്ച ആപ്പിളില്‍ നിന്നും 100 കോടി ഡോളര്‍ നഷ്ടപരിഹാരം തേടി 18കാരന്‍ കോടതിയെ സമീപിച്ചു. പലയിടത്തായി ആപ്പിള്‍ സ്റ്റോറുകളില്‍ നടന്ന മോഷണങ്ങള്‍ക്ക് തന്നെ തെറ്റായി പോലീസ് അറസ്റ്റ് ചെയ്‌തെന്നു ചൂണ്ടിക്കാട്ടിയാണ് വിദ്യാര്‍ത്ഥിയായ ഉസ്മാനെ ബാഹ് നഷ്ടപരിഹാരം തേടിയിരിക്കുന്നത്. തനിക്കു വന്ന അറസ്റ്റ് വാറണ്ടുകളിലെ പ്രതിയുടെ ചിത്രം തന്റെ മുഖവുമായി സാമ്യമില്ലെന്നും തിങ്കളാഴ്ച ഫയല്‍ ചെയ്ത കേസില്‍ ഉസ്മാനെ ചൂണ്ടിക്കാട്ടി. 

നഷ്ടപ്പെടുകയോ മോഷ്ടിക്കപ്പെടുകയോ ചെയ്ത തന്റെ ഫോട്ടോ ഇല്ലാത്ത ലേണേഴ്‌സ് പെര്‍മിറ്റ് ഉപയോഗിച്ച് യഥാര്‍ത്ഥ മോഷ്ടാവ് ആപ്പ്ള്‍ സ്റ്റോറുകളില്‍ തിരിച്ചറിയല്‍ രേഖയായി നല്‍കിയതാകാം താന്‍ കുരുക്കിലാകാന്‍ കാരണമെന്ന് ഉസ്മാനെ പറയുന്നു. യഥാര്‍ത്ഥ മോഷ്ടാവിന്റെ മുഖം തന്റെ വിലാസത്തില്‍ ആപ്പിള്‍ സ്റ്റോറുകളിലെ മുഖം തിരിച്ചറിയല്‍ സാങ്കേതിക വിദ്യയില്‍ ഉള്‍പ്പെടുത്തിയതാകാം ഈ അബദ്ധത്തിന് കാരണമെന്നും ഉസ്മാനെ ചൂണ്ടിക്കാട്ടുന്നു.

നിരവധി മോഷണക്കേസുകളിലാണ് ഉസ്മാനെയെ ആപ്പിള്‍ കുടുക്കിയത്. ബോസ്റ്റണിലെ ഒരു സ്‌റ്റോറില്‍ മോഷണം നടന്നുവെന്ന് പരയുന്ന സമയത്ത് താന്‍ ക്ലാസിലായിരന്നുവെന്നും ഈ കൗമാരക്കാരന്‍ വ്യക്തമാക്കുന്നു. അമളി തെളിഞ്ഞതോടെ വിവിധ സ്റ്റേറ്റുകളിലായി ഉസ്മാനെക്കെതിരെ ചുമത്തിയ കുറ്റം പിന്‍വലിച്ചു. ഇപ്പോള്‍ ന്യൂ ജഴ്‌സിയിലെ കേസാണ് നിലവിലുള്ളത്. ആപ്പിളിന്റെ പിഴവ് മൂലം നിരവധി കേസുകളില്‍ താന്‍ തെറ്റായി ഉള്‍പ്പെട്ടതു മൂലും കടുത്ത മാനസിക സമ്മര്‍ദ്ദവും ദുരിതവും ഉണ്ടായി എന്നും പരാതിയില്‍ ഉസ്മാനെ പറയുന്നു. സംഭവത്തില്‍ ആപ്പിള്‍ പ്രതികരിച്ചിട്ടില്ല.
 

Latest News