കേരളത്തില്‍ മൂന്ന് പതിറ്റാണ്ടിനിടെ ഏറ്റവും ഉയര്‍ന്ന പോളിങ്; 77.68 ശതമാനം

കുമിളി ട്രൈബല്‍ സ്‌കൂളില്‍ വോട്ടുചെയ്യാനെത്തിയ ഇടുക്കിയിലെ ഗോത്രവര്‍ഗ രാജാവ് രാമന്‍ രാജമന്നന്‍

തിരുവനന്തപുരം- പതിനേഴാം ലോക്‌സഭയിലേക്കു നടന്ന തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ 77.68 ശതമാനം വോട്ടര്‍മാരും വോട്ടു രേഖപ്പെടുത്തി. മൂന്ന് പതിറ്റാണ്ടിനിടെ ഇത്രയധികം പേര്‍ വോട്ടു ചെയ്തത് ഇതാദ്യമാണ്. 2014-ലെ തെരഞ്ഞെടുപ്പില്‍ 74.02 ആയിരുന്നു പോളിങ്. ചൊവ്വാഴ്ച രാത്രി വൈകിയും പലയിടത്തും വോട്ടര്‍മാരുടെ തിരക്കായിരുന്നു. കണ്ണൂരിലാണ് ഇത്തവണ ഏറ്റവും ഉയര്‍ന്ന പോളിങ് രേഖപ്പെടുത്തിയത്. 83.05 ശതമാനം. ഇവിടെ കോണ്‍ഗ്രസിന്റെ കെ സുധാകരനും സിപിഎമ്മിന്റെ പി.കെ ശ്രീമതിയും തമ്മിലാണ് മത്സരം. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സ്ഥാനാര്‍ത്ഥിയായ വയനാട്ടില്‍ 80.31 ശതമാനം പോളിങ് രേഖപ്പെടുത്തി. ശക്തമായ ത്രികോണ മത്സരം നടന്ന തിരുവനന്തപുരത്താണ് ഏറ്റവും കുറവ്. 73.45 ശതമാനമാണിവിടെ പോളിങ് രേഖപ്പെടുത്തിയത്. എട്ടു മണ്ഡലങ്ങളില്‍ പോളിങ് 80 ശതമാനത്തിനു മുകളില്‍ കടന്നു. ബാക്കി എല്ലാ മണ്ഡലങ്ങളിലും 70 ശതമാനത്തിനു മുകളിലാണ് പോളിങ്.

Latest News