കൊളംബോ- ശ്രീലങ്കയിലെ ചര്‍ച്ചുകളില്‍ ഒരു പ്രാദേശിക സംഘടന ചാവേര്‍ ആക്രമണത്തിനു പദ്ധതിയിടുന്നുവെന്ന ഇന്റലിജന്‍സ് വിവരം പത്ത് ദിവസം മുമ്പ് ലഭിച്ചിട്ടും സര്‍ക്കാരും പോലീസും അനങ്ങിയില്ല. ഏപ്രില്‍ 11 ന് പോലീസ് ഡി.ഐ.ജി പ്രിയലാല്‍ ദിസനായക നല്‍കിയ മുന്നറിയിപ്പ് വ്യക്തവും കൃത്യവുമായിരുന്നു. നാല്
ശ്രീലങ്കന്‍ സുരക്ഷാ ഏജന്‍സികളുടെ മേധാവികള്‍ക്കാണ് ഡി.ഐ.ജി കത്തയച്ചത്. രാജ്യത്ത് നാഷണല്‍ തൗഹിക് ജമാന്‍ എന്ന സംഘടന ആക്രമണത്തിന് പദ്ധതിയിടുന്നുവെന്നും ഇതിന്റ നേതാവ് മുഹമ്മദ് സഹറാന്‍ എന്നയാളാണെന്നും ഇന്റലിജന്‍സ് വിവരങ്ങള്‍ ഉദ്ധരിച്ച് കത്തില്‍ പറയുന്നുണ്ട്.
പ്രധാനസ്ഥലങ്ങളിലും വി.ഐ.പികളുടെ കാര്യത്തിലും അധിക ശ്രദ്ധ നല്‍കണമെന്നാണ് ദിസനായകെ സുരക്ഷാ മേധാവികളോട് ആവശ്യപ്പെട്ടിരുന്നത്. ഇന്റലിജന്‍സ് റിപ്പോര്‍ട്ട് സഹിതം നല്‍കിയ കത്ത് സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സിംഹള ഭാഷയിലും ഇംഗ്ലീഷിലും എഴുതിയതാണ് റിപ്പോര്‍ട്ട്.
നാഷണല്‍ തൗഹീദ് ജമാര്‍ എന്നും നേതാവ് സഹറാന്‍ ഹാഷ്മിയാണെന്നുമാണ് റിപ്പോര്‍ട്ടിലുള്ളത്. പ്രാധന ചര്‍ച്ചുകളില്‍ ചാവേര്‍ ആക്രമണം നടത്താനാണ് പദ്ധതിയന്നും ആറുപേരാണ് ഇതിന് തയാറെടുക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഡി.ഐ.ജി എഴുതിയ കത്തിലും റിപ്പോര്‍ട്ടിലുമുള്ള പേരുകളുടെ വ്യത്യാസം വിശദീകരിക്കപ്പെട്ടിട്ടില്ല.
ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ പകര്‍പ്പുമായി തിങ്കളാഴ്ച ലങ്കന്‍ ആരോഗ്യ മന്ത്രി വാര്‍ത്താ ലേഖകരെ കണ്ടപ്പോള്‍ പോലീസ് എന്തു ചെയ്തുവെന്ന് വ്യക്തമാക്കാന്‍ തയാറായിരുന്നില്ല.
പ്രസിഡന്റ് മൈത്രിപാല സിരിസേനയും പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെയും തമ്മിലുള്ള ശീതയുദ്ധം മൂലമാണു രഹസ്യാന്വേഷണ റിപ്പോര്‍ട്ടില്‍ തുടര്‍നടപടി ഉണ്ടാകാതിരുന്നതെന്നാണു സൂചന. കഴിഞ്ഞ വര്‍ഷം വിക്രമസിംഗെയെ സിരിസേന പുറത്താക്കിയെങ്കിലും സുപ്രീം കോടതി ഇടപെട്ടു തിരിച്ചെത്തിക്കുകയായിരുന്നു.
മുന്നറിയിപ്പു ലഭിച്ചിട്ടും ഫലപ്രദമായി പ്രവര്‍ത്തിക്കുന്നതില്‍ പരാജയപ്പെട്ട സര്‍ക്കാര്‍ ക്ഷമാപണം നടത്തി. കുടുംബങ്ങളോടും സ്ഥാപനങ്ങളോടും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ക്ഷമാപണം നടത്തുന്നതായി ആരോഗ്യമന്ത്രിയും സര്‍ക്കാര്‍ വക്താവുമായ രജിത സേനരത്‌നെ പറഞ്ഞു. ഭീകരാക്രമണം തടയുന്നതില്‍ പരാജയപ്പെട്ട പോലീസ്, സുരക്ഷാസേനകളുടെ തലവന്‍മാരെ നീക്കുമെന്ന് പ്രസിഡന്റ് മൈത്രിപാല സിരിസേന പ്രഖ്യാപിച്ചു. വിദേശരാജ്യത്തുനിന്നു ലഭിച്ച മുന്നറിയിപ്പു വിവരം തന്നെ അറിയിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.
ഭീകരാക്രമണം എന്‍.ടി.ജെ ഒറ്റയ്ക്കു നടത്തിയതാണെന്നു വിശ്വസിക്കുന്നില്ലെന്നും രാജ്യാന്തര ബന്ധങ്ങള്‍ അന്വേഷിക്കുന്നുണ്ടെന്നും ആരോഗ്യ മന്ത്രി പറഞ്ഞു. ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്നും ചര്‍ച്ചുകള്‍ പുനര്‍നിര്‍മിക്കുമെന്നും അദ്ദേഹം അറിയിച്ചു.