തിരുവനന്തപുരം- വിവിപാറ്റ് വന്നിട്ടും വോട്ടിംഗ് മെഷീനെ ചൊല്ലിയുള്ള ആശങ്ക വോട്ടർമാരിലും നോതാക്കളിലും ഇന്നലെയും ശക്തമായി നിലനിന്നു. 2014 മുതൽ തന്നെ വോട്ടിംഗ് മെഷീനെ ചൊല്ലിയുള്ള പരാതി വിവിധ രാഷ്ട്രീയ പാർട്ടികൾ ഉയർത്തുന്നുണ്ട്. ബാലറ്റ് സംവിധാനത്തിലേക്ക് മാറണമെന്നും പ്രതിപക്ഷ പാർട്ടികൾ തെരഞ്ഞെടുപ്പ് കമ്മീഷനെകണ്ട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ പരാതിക്കുള്ള മറുപടിയായാണ് വിവിപാറ്റ് സംവിധാനം ആദ്യമായി ഈ തെരഞ്ഞെടുപ്പിൽ ഏർപ്പെടുത്തിയത്. ചിലർ ആർക്ക് വോട്ട് രേഖപ്പെടുത്തിയാലും താമരക്കാണ് വോട്ട് പോകുന്നതെന്നായിന്നു പരാതി.
ആദ്യം പരാതി ഉയർന്നു വന്നത് കോവളത്തെ ഒരു ബൂത്തിൽ നിന്നുമാണ്. യു.ഡി.എഫ് ഏജൻറ് ആയിരുന്നു പരാതി ഉന്നയിച്ചത്. അതിനു പിന്നാലെ എൽ.ഡി.എഫ് യു.ഡി.എഫ് പ്രമുഖ നേതാക്കളും ഇതേറ്റുപിടിച്ചു.
ബാലറ്റ് പേപ്പറിലേക്ക് തിരിച്ചുപോണം എന്ന് ഉമ്മൻ ചാണ്ടിയും മോഡി യന്ത്രം കേരളത്തിൽ എത്തി എന്നുമായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെയും പ്രതികരണം. കൈപ്പത്തി ചിഹ്നത്തിൽ വോട്ട് രേഖപ്പെടുത്തുമ്പോൾ താമര ചിഹ്നം തെളിയുന്നുവെന്നായിരുന്നു ആക്ഷേപം.
തെരഞ്ഞെടുപ്പ് ഓഫീസർ വിശദീകരണവുമായി വന്നു. വ്യാജ പ്രചാരണം നടത്തുന്നവർക്കെതിരെ നടപടിയുണ്ടാകുമെന്ന് വ്യക്തമാക്കി. വോട്ടിംഗ് മെഷീൻ തെറ്റായാണ് വോട്ട് രേഖപ്പെടുത്തുന്നതെന്ന് ആരോപണം ഉന്നയിച്ച എബിനെതിരെ പോലീസ് കേസെടുത്തു. എങ്കിലും സംശയം ഇപ്പോഴും നിലനിൽക്കുന്നു. വോട്ടിംഗ് മെഷീൻ സംസ്ഥാനത്തിന്റെ പല ഭാഗത്തും വ്യാപകമായി കേടായതും ഇതിനെതിരെയുള്ള വികാരം വോട്ടർമാർക്കിടയിൽ ശക്തമാകാനാനിടയാക്കി. മുഖ്യമന്ത്രി വോട്ട് ചെയ്യാനെത്തിയ ബൂത്തിൽ പോലും മെഷീൻ കേടായി. ഇതിനെതിരെ അദ്ദേഹം പ്രതികരിക്കുകയും ചെയ്തു. എന്നാൽ സംസ്ഥാനത്ത് ഒരു ശതമാനം വോട്ടിംഗ് മെഷീൻ മാത്രമേ കേടായിട്ടുള്ളൂവെന്നാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ പറഞ്ഞത്. ഉച്ചയോടെ അത് പരിഹരിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.