ന്യൂദല്‍ഹി- ഗുജറാത്തിലെ അഹമ്മദാബാദില്‍ വോട്ട് രേഖപ്പെടുത്താനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോഡി നടത്തിയ മിനി റോഡ് ഷോയും പ്രസംഗവും പരിശോധിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. മോഡിയുടെ നടപടി രാവിലെ തന്നെ വിവാദമായിരുന്നുവെങ്കിലും വൈകിട്ടാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രതികരണം. ഗുജറാത്ത് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറില്‍നിന്ന് വിശദീകരണം തേടിയതായി കമ്മീഷന്‍ അറിയിച്ചു.
വോട്ട് രേഖപ്പെടുത്തുന്നതിന് തൊട്ടുമുമ്പാണ് പ്രധാനമന്ത്രി തുറന്ന ജീപ്പില്‍ റോഡ് ഷോ നടത്തിയത്. ജീപ്പില്‍ നിന്നിറങ്ങിയ അദ്ദേഹം പ്രസംഗിക്കുകയും ചെയ്തു. പ്രധാനമന്ത്രി നടത്തിയത് രാഷ്ട്രീയ പ്രസംഗമാണെന്നും ഇത് തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടത്തിന്റെ ലംഘനമാണെന്നും പ്രതിപക്ഷ നേതാക്കള്‍ ആരോപിച്ചു.
ഭീകരതയുടെ ആയുധം ഐ.ഇ.ഡിയും ജനാധിപത്യത്തിന്റെ ശക്തി വോട്ടര്‍ ഐ.ഡിയുമാണ്. ഐ.ഇ.ഡിയേക്കാള്‍ വളരേയറെ ശക്തമാണ് വോട്ടര്‍ ഐ.ഡി. അതുകൊണ്ട് നാം നമ്മുടെ കൈയിലുള്ള വോട്ടര്‍ ഐ.ഡിയുടെ ശക്തി തിരിച്ചറിയണം- മോഡി പറഞ്ഞു. ഇത് മോഡി ദേശസുരക്ഷ രാഷ്ട്രീയ വിഷയമാക്കിയതിന്റെ തുടര്‍ച്ചയാണെന്നാണ് വിമര്‍ശകരുടെ ആരോപണം. ഇതിനു മുമ്പ് രണ്ടു തവണ മോഡി തെരഞ്ഞെടുപ്പ് ചട്ടങ്ങള്‍ ലംഘിച്ചുവെന്ന ആരോപണം ഉയര്‍ന്നിരുന്നു.
പ്രധാനമന്ത്രി ഉള്‍പ്പെട്ട ആരോപണങ്ങള്‍ മൊത്തത്തില്‍ പരിശോധിക്കുന്നുണ്ടെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആവര്‍ത്തിക്കുന്നത്. വോട്ട് നേടുന്നതിന് സായുധ സേനകളെ ഉപയോഗിച്ചുവെന്നാണ് കോണ്‍ഗ്രസും സി.പി.എമ്മും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മുമ്പാകെ നേരത്തെ പരാതി നല്‍കിയത്.
പ്രധാനമന്ത്രിയുടെ നീണ്ട ജീപ്പ് യാത്രയും പ്രസംഗവും തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ നഗ്നമായ ലംഘനമാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അഭിഷേക് മനു സിംഗ് വി ആരോപിച്ചു. 48 മണിക്കൂര്‍ മുതല്‍ 72 മണിക്കൂര്‍വരെ അദ്ദേഹത്തെ പ്രചാരണത്തില്‍നിന്ന് തടയണമെന്നാണ് കമ്മീഷന്‍ മുമ്പാകെ ആവശ്യപ്പെട്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.