സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ ചരിത്രത്തിൽ എല്ലാ ലോക്‌സഭകളിലും മുസ്‌ലിം ലീഗിന്റെ പ്രതിനിധികൾ ഉണ്ടായിട്ടുണ്ട്. അതിൽ ഏറ്റവും വലിയ പങ്ക് വഹിച്ചിട്ടുള്ളത് കേരളമാണ്. ഇന്നും അതിൽ മാറ്റമൊന്നുമില്ല. അത് കൊണ്ട് തന്നെ കേരളത്തിൽനിന്നുള്ള ഈ രണ്ട് എം. പിമാരെ ഇല്ലാതാക്കുക എന്നതാണ് സി. പി. എം അടക്കമുള്ള എതിരാളികളുടെ മുഖ്യ അജണ്ട.
പതിനേഴാം ലോക്‌സഭയിലേക്കുള്ള കേരളത്തിലെ 20 എം പിമാരെ തെരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പിന് ഇനി കേവലം മണിക്കൂറുകളേ ബാക്കിയുള്ളൂ. പത്രിക സമർപ്പിച്ചവരെല്ലാം വിജയപ്രതീക്ഷയിലാണെങ്കിലും പ്രബലമായ ഇരുമുന്നണികളും ഇപ്പോഴേ കൂട്ടലും കിഴിക്കലും നടത്തുന്ന കാഴ്ച എവിടെയും കാണാവുന്നതാണ്. അതോടൊപ്പം തന്നെ പല സർവേ ഫലങ്ങളും പുറത്തു വന്നിട്ടുണ്ട്. തങ്ങൾക്കനുകൂലമല്ലാത്ത സർവേകളെ പുച്ഛിച്ചു തള്ളുകയാണ് ഇരു മുന്നണികളും. ബി. ജെ. പി ഇക്കുറിയും കേരളത്തിൽ അക്കൗണ്ട് തുറക്കില്ല എന്നാണ് ഭൂരിഭാഗവും വിശ്വസിക്കുന്നതെങ്കിലും പല മണ്ഡലങ്ങളിലും വിജയക്കൊടി പാറിക്കാൻ കഴിയും എന്ന ശുഭാപ്തി വിശ്വാസത്തിലാണവർ.
ഇതിൽ നിന്നെല്ലാം വേറിട്ട് നിൽക്കുന്നത് മുസ്‌ലിം ലീഗിന്റെ സ്ഥാനാർത്ഥികളാണ്. എല്ലാ സർവെ ഫലങ്ങളും ലീഗ് സ്ഥാനാർത്ഥികളായ ഇ. ടി മുഹമ്മദ് ബഷീറും പി. കെ കുഞ്ഞാലിക്കുട്ടിയും ബഹുദൂരം മുന്നിലാണെന്നാണ് പ്രവചിച്ചിട്ടുള്ളത്. ഇത് പ്രവർത്തകരിൽ ആത്മവിശ്വാസം വർധിപ്പിക്കുമെങ്കിലും ഇതിൽ ഒരു ചതി ഒളിഞ്ഞ് കിടപ്പുണ്ടെന്നത് കാണാതിരിക്കരുത്. ആമയും മുയലും ഓട്ടപ്പന്തയം നടത്തിയ കഥ എല്ലാവർക്കും ഓർമയുണ്ടാവും. ഈയൊരവസ്ഥ മലപ്പുറത്തും പൊന്നാനിയിലും സംഭവിക്കാതിരിക്കാൻ പ്രവർത്തകർ അതീവശ്രദ്ധ പുലർത്തേണ്ടതാണ്. കാരണം നമ്മെ മയക്കിക്കിടത്താനാണ് എതിരാളികൾ ശ്രമിച്ച് കൊണ്ടിരിക്കുന്നത്. അവരുടെ മധുവൂറും വാക്ക് കേട്ട് പ്രവർത്തനം മന്ദീഭവിപ്പിച്ചാൽ നഷ്ടം മുസ്‌ലിം ലീഗിന് മാത്രമാവില്ല. ഇന്ത്യയിലെ മുസ്‌ലിം സമുദായത്തിന് മൊത്തത്തിലാവും.
സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ ചരിത്രത്തിൽ എല്ലാ ലോക്‌സഭകളിലും മുസ്‌ലിം ലീഗിന്റെ പ്രതിനിധികൾ ഉണ്ടായിട്ടുണ്ട്. അതിൽ ഏറ്റവും വലിയ പങ്ക് വഹിച്ചിട്ടുള്ളത് കേരളമാണ്. ഇന്നും അതിൽ മാറ്റമൊന്നുമില്ല. അത് കൊണ്ട് തന്നെ കേരളത്തിൽ നിന്നുള്ള ഈ രണ്ട് എം. പിമാരെ ഇല്ലാതാക്കുക എന്നതാണ് സി. പി. എം അടക്കമുള്ള എതിരാളികളുടെ മുഖ്യ അജണ്ട. അതിനായി അവർ പല അടവുകളും പയറ്റുന്നുണ്ട്. പക്ഷെ ദൈവനിശ്ചയം മറിച്ചാവുന്ന കാഴ്ചയാണ് ഓരോ തെരഞ്ഞെടുപ്പിലും കാണാൻ കഴിഞ്ഞിട്ടുള്ളത്. ഈ പ്രാവശ്യവും അങ്ങിനെ തന്നെയാവും എന്ന് നമുക്ക് പ്രത്യാശിക്കാം.
അന്യരുടെ അവകാശങ്ങൾ കവർന്നെടുക്കാതെ തന്നെ ന്യൂനപക്ഷത്തിന്റെ വിശിഷ്യാ മുസ്‌ലിം സമുദായത്തിന്റെ അവകാശങ്ങൾ നേടിയെടുക്കാനായി പോരാടുക എന്നത് തന്നെയാണ് ലീഗിന്റെ നയം. എന്നിട്ടും മുസ്‌ലിം ലീഗിനെതിരെ ശത്രുക്കളാണ് കൂടുതൽ. മുസ്‌ലിം സമുദായത്തിൽ നിന്ന് തന്നെ മുസ്‌ലിം ലീഗിനെതിരായി വിവിധ കാലഘട്ടങ്ങളിലായി പല പാർട്ടികളും രൂപീകൃതമായിട്ടുണ്ട് എന്നതാണ് വസ്തുത.
കേവലം ശാഖാപരമായ തർക്കങ്ങളുടെ പേരിൽ വാദപ്രതിവാദങ്ങളിൽ ഏർപ്പെട്ടുകൊണ്ടിരിക്കുന്ന മുസ്‌ലിം സമുദായത്തെ വിഘടിപ്പിക്കുന്ന തരത്തിൽ പക്ഷം ചേർക്കാനാണ് ബി. ജെ. പിയും സി. പി. എമ്മുമെല്ലാം ശ്രമിച്ചു കൊണ്ടിരിക്കുന്നത്. മതപരമായ ഭിന്നിപ്പിന്റെ പേരിലും രാഷ്ട്രീയാഭിപ്രായങ്ങളുടെ പേരിലും മുസ്‌ലിം ലീഗിൽ നിന്നും പുറത്തു പോകുന്നവരെ ചേർത്ത് പിടിക്കാൻ സി. പി. എം എന്നും ഉത്സാഹം കാണിച്ചിട്ടുണ്ട്. ഇത് എന്തിന് വേണ്ടിയാണെന്ന് ആലോചിക്കുമ്പോഴാണ് മുസ്‌ലിം സമുദായത്തിന്റെ ശൈഥില്യമാണ് അവരുടെ ലക്ഷ്യം എന്ന് മനസ്സിലാവുക. സമുദായ സ്‌നേഹം വാതോരാതെ പറയുന്ന സി. പി. എം, അവർ 35 വർഷം ഭരിച്ച ബംഗാളിന്റെ അവസ്ഥ നാം എപ്പോഴും ഓർക്കണം. മലപ്പുറത്തും പൊന്നാനിയിലും മുസ്‌ലിം ലീഗിനെതിരെ മുസ്‌ലിം സമുദായത്തിൽപെട്ടവരെ തന്നെയാണ് സി പി എം സ്ഥാനാർത്ഥികളാക്കിയിട്ടുള്ളത്. ഇവർ ജയിച്ച് പോയാൽ മുസ്‌ലിംകളുടെ സംരക്ഷണത്തിനായി പാർലിമെന്റിൽ ഇവർ ശബ്ദമുയർത്തും എന്ന് ആർക്കെങ്കിലും ഉറപ്പിച്ച് പറയാൻ കഴിയുമോ ? മതേതര കക്ഷിയായ കോൺഗ്രസിലെ എം പിമാർക്ക് പോലും കഴിയില്ല എന്ന് ആദ്യ ലോക്‌സഭയിലെ മൗലാനാ അബുൽ കലാം ആസാദിന്റെ വാക്കുകൾ തന്നെ തെളിവായി മുന്നിലുണ്ട്. കോൺഗ്രസിനായാലും സി പി എമ്മിനായാലും മറ്റേത് ലീഗിതര പാർട്ടികൾക്കായാലും അവർക്കെല്ലാം പാർട്ടി ചട്ടക്കൂടിനപ്പുറം സംസാരിക്കാൻ കഴിയില്ല. പൊതുവായ കാര്യങ്ങൾക്കായി ഇവർ ശബ്ദമുയർത്തുമ്പോൾ അവശതയനുഭവിക്കുന്ന ഭരണഘടനയുടെ പ്രത്യേക പരിഗണന അർഹിക്കുന്ന മുസ്‌ലിം സമുദായമുൾപ്പെടുന്ന ന്യൂനപക്ഷങ്ങൾക്ക് വേണ്ടി ശബ്ദമുയർത്താൻ ഇവർക്ക് കഴിയാതെ പോവുന്നു. ഇവിടെയാണ് മുസ്‌ലിം ലീഗിന്റെ പ്രസക്തി വർധിക്കുന്നത്. ലോക്‌സഭയുടെ ചരിത്രം പരിശോധിച്ചാൽ മുസ്‌ലിം സമുദായത്തിനെതിരെ കൊണ്ടുവന്ന നിയമങ്ങളെയെല്ലാം ശക്തിയുക്തം എതിർത്ത് തോൽപ്പിക്കാൻ മുന്നിൽ നിന്നത് ലീഗിന്റെ എം പി മാർ ആണെന്ന് കാണാൻ കഴിയും. കേവലം രണ്ടോ മൂന്നോ എം പിമാരുടെ പ്രവർത്തനത്തിന്റെ ഗുണഫലം അനുഭവിക്കുന്നത് കേരളത്തിലെ മുസ്‌ലിംകൾ മാത്രമല്ല , മറിച്ച് ഇന്ത്യയിലെ മൊത്തം മുസ്‌ലിംകളാണ്.
അത് കൊണ്ട് തന്നെ സുന്നി - മുജാഹിദ് - ജമാഅത്ത് തുടങ്ങിയ ആശയപരമായ തർക്കങ്ങൾ മാറ്റി വെച്ച് എല്ലാവരും ഒന്നിക്കേണ്ട കാലമാണിത്. വിശ്വാസപരമായ കാര്യങ്ങൾ അതുപോലെ നിലനിർത്തി കൊണ്ട് തന്നെ രാഷ്ട്രീയമായ കാര്യങ്ങളിൽ ഒന്നിച്ച് നിൽക്കാൻ തയ്യാറാവുകയാണ് വേണ്ടത്. കാലഘട്ടം അതാണ് ആവശ്യപ്പെടുന്നത്.