തിരുവനന്തപരും- ചേര്‍ത്തലയിലും കോവളത്തും പോള്‍ ചെയ്ത മുഴുവന്‍ വോട്ടുകളും ബി.ജെ.പിയുടെ താമര ചിഹ്നത്തിലേക്ക് പോയതിനെ തുടര്‍ന്ന് വോട്ടിങ് യന്ത്രം മാറ്റി. എല്‍.ഡി.എഫ് പ്രവര്‍ത്തകരുടെ പരാതിയെ തുടര്‍ന്നാണ് വോട്ടിങ് യന്ത്രം മാറ്റിയത്. കിഴക്കേ നാല്പത് ബൂത്തിലാണ് സംഭവം. കോവളം ചൊവ്വര ബൂത്തില്‍ 76 പേര് വോട്ട് ചെയ്ത ശേഷമാണ് എല്ലാ വോട്ടുകളും ബി.ജെ.പിക്കാണ് പോയതെന്ന് കണ്ടെത്തിയത്.
കൈപ്പത്തിക്കാണ് വോട്ട് ചെയ്തതെങ്കിലും താമരക്കാണ് വീണതെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പരാതിപ്പെട്ടു. എല്ലാ ബുത്തുകളിലും വിവിപാറ്റ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
അതിനിടെ, വോട്ടിങ് യന്ത്രത്തിന്റെ കാര്യക്ഷമത ഉറപ്പാക്കുന്ന കാര്യം തെരഞ്ഞെടുപ്പ് കമ്മിഷന് വേണ്ടത്ര ഗൗരവത്തില്‍ എടുത്തില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന് ആരോപിച്ചു. വോട്ടിങ് യന്ത്രങ്ങള്‍ക്ക് തകരാറില്ലെന്ന് കമ്മിഷന് ഉറപ്പുവരുത്തേണ്ടതായിരുന്നു. വോട്ടിങ് യന്ത്രത്തെക്കുറിച്ച് നേരത്തേ ഉയര്‍ന്ന പരാതികള്‍ ഓര്‍ക്കേണ്ടതായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
പലയിടത്തും വോട്ടിങ് യന്ത്രം പണിമുടക്കിയതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രിയുടെ വിമര്‍ശം. എറണാകുളം മറൈന്‍ ഡ്രൈവ് സെന്റ് മേരീസ് സ്കൂള്‍ ബൂത്തില്‍ യന്ത്രത്തകരാറിനെ തുടര്‍ന്ന് രാവിലെ ജനങ്ങള്‍ വോട്ടു ചെയ്യാതെ മടങ്ങിയിരുന്നു. പകരം യന്ത്രമെത്തിച്ചെങ്കിലും അതും പ്രവര്‍ത്തനരഹിതമായതിനെ തുടര്‍ന്നാണ് ഒരു മണിക്കൂറായി കാത്തുനിന്നവര്‍ മടങ്ങിയത്. കര്‍ദിനാള്‍ മാര്‍ ആലഞ്ചേരിയും വോട്ടുചെയ്യാതെ മടങ്ങി.