Sorry, you need to enable JavaScript to visit this website.

സൗദിയില്‍ ഓൺലൈൻ സ്റ്റോറുകളിൽ പകുതിയും വനിതകളുടെ ഉടമസ്ഥതയിൽ

റിയാദ് - വാണിജ്യ, നിക്ഷേപ മന്ത്രാലയത്തിൽ രജിസ്റ്റർ ചെയ്ത ഓൺലൈൻ സ്റ്റോറുകളിൽ പകുതിയോളം വനിതകളുടെ ഉടമസ്ഥതയിലാണെന്ന് മന്ത്രാലയം വെളിപ്പെടുത്തി. ഓൺലൈൻ സ്റ്റോറുകളുടെ രജിസ്‌ട്രേഷനുള്ള മഅ്‌റൂഫ് പ്ലാറ്റ്‌ഫോമിൽ രജിസ്റ്റർ ചെയ്ത് സ്റ്റോറുകളിൽ 49.52 ശതമാനത്തിന്റെയും ഉടമകൾ വനിതകളാണ്. ആകെ 27,000 ഓൺലൈൻ സ്റ്റോറുകളാണ് ഇതിനകം മഅ്‌റൂഫ് പ്ലാറ്റ്‌ഫോമിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്. 


ഓൺലൈൻ സ്റ്റോറുകളെ കുറിച്ച് ഇതുവരെ 19,720 പരാതികൾ മന്ത്രാലയത്തിന് ലഭിച്ചിട്ടുണ്ട്. ഇതിൽ 56 ശതമാനവും ഇലക്‌ട്രോണിക് ഉൽപന്നങ്ങളുടെയും 14 ശതമാനം ഇലക്ട്രിക്കൽ ഉപകരണങ്ങളുടെയും 13 ശതമാനം വസ്ത്രങ്ങളുടെയും ഒമ്പതു ശതമാനം ആക്‌സസറീസുകളുടെയും എട്ടു ശതമാനം കോസ്‌മെറ്റിക്‌സുകളുടെയും ഓഫറുകളുമായി ബന്ധപ്പെട്ടവയാണ്. 99 ശതമാനം പരാതികളും മന്ത്രാലയം പരിഹരിച്ചു. ഒരു ശതമാനം പരാതികളിൽ നടപടികൾ പൂർത്തിയാക്കിവരികയാണ്. പണം പിൻവലിച്ചിട്ടും ഓർഡർ പ്രകാരമുള്ള സാധനം ലഭിക്കാതിരിക്കൽ, ഓർഡർ പ്രകാരമുള്ളതിൽ കൂടുതൽ പണം പിൻവലിക്കൽ, വ്യാജ ഓഫറുകൾ എന്നിവയുമായി ബന്ധപ്പെട്ടവയാണ് പരാതികളിൽ കൂടുതലും. 
വ്യാജ ഉൽപന്നങ്ങൾ വിപണനം നടത്തിയതിന് സാമൂഹികമാധ്യമങ്ങളിലെ 26 അക്കൗണ്ടുകൾ ഈ വർഷം ആദ്യ പാദത്തിൽ വാണിജ്യ, നിക്ഷേപ മന്ത്രാലയം അടപ്പിച്ചിട്ടുണ്ട്. അത്തറുകൾ, സൗന്ദര്യവർധക വസ്തുക്കൾ, തടി കുറക്കുന്നതിനുള്ള ഉൽപന്നങ്ങൾ എന്നിവയാണ് ഈ അക്കൗണ്ടുകൾ വഴി വിപണനം നടത്തിയിരുന്നത്. കഴിഞ്ഞ വർഷാദ്യം മുതൽ ഈ കൊല്ലം ആദ്യപാദാവസാനം വരെയുള്ള കാലത്ത് വ്യാജ ഉൽപന്നങ്ങൾ വിപണനം നടത്തിയതിന് 80 സാമൂഹികമാധ്യമ അക്കൗണ്ടുകൾ മന്ത്രാലയം അടപ്പിച്ചിട്ടുണ്ട്. ഈ അക്കൗണ്ടുകൾക്ക് പത്തു ലക്ഷത്തിലേറെ ഫോളോവേഴ്‌സുണ്ട്. സാമൂഹികമാധ്യമങ്ങളും വെബ്‌സൈറ്റുകളും വഴി വ്യാജ ഉൽപന്നങ്ങൾ വിൽക്കുന്നവർക്കെതിരെ നിയമാനുസൃത ശിക്ഷാ നടപടികൾ സ്വീകരിക്കുന്നതിന് അറച്ചുനിൽക്കില്ല. 
ഇത്തരം നിയമ ലംഘനങ്ങളെ കുറിച്ച് 1900 എന്ന നമ്പറിൽ കംപ്ലയിന്റ്‌സ് സെന്ററിൽ ബന്ധപ്പെട്ടോ വാണിജ്യ, നിക്ഷേപ മന്ത്രാലയം പുറത്തിറക്കിയ ആപ്പ് വഴിയോ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വഴിയോ അറിയിക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു. ഓൺലൈൻ വ്യാപാര മേഖലയിൽ പ്രവർത്തിക്കുന്നവരുടെ വിശ്വാസ്യത ഉറപ്പുവരുത്തുന്നതിനാണ് മഅ്‌റൂഫ് പ്ലാറ്റ്‌ഫോം രജിസ്‌ട്രേഷൻ വാണിജ്യ, നിക്ഷേപ മന്ത്രാലയം ബാധകമാക്കിയിരിക്കുന്നത്.
 

Latest News