Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

പ്രജ്ഞാ സിംഗിന്റെ സ്ഥാനാർഥിത്വം: ബി.ജെ.പി തീവ്ര ഹിന്ദുത്വ പാതയിലേക്കെന്ന് വിലയിരുത്തൽ 

ഭോപാൽ- 1984ലെ മഹാ ദുരന്തമാണ് മുമ്പ് മധ്യപ്രദേശ് തലസ്ഥാന നഗരിക്ക് വാർത്താ തല വാചകങ്ങളിൽ ഇടം നേടിക്കൊടുത്തത്. യൂനിയൻ കാർബൈഡ് ഫാക്ടറിയിലെ വിഷ വാതകം ശ്വസിച്ച് നിരവധി പേർ മരണമടഞ്ഞതാണ് ഭോപാൽ ദുരന്തമെന്ന് അറിയപ്പെട്ടിരുന്നത്. ഇന്ത്യ ഭരിക്കുന്ന ബി.ജെ.പി പ്രജ്ഞാ സിംഗ് ഠാക്കൂറിനെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാക്കിയത് പാർട്ടി നിലപാടുകൾ കൂടുതൽ തീവ്രമാകുന്നതിന്റെ സൂചനയാണെന്ന് വിലയിരുത്തപ്പെടുന്നു. 
മാലേഗാവ് സ്‌ഫോടനക്കേസിലെ പ്രതിയായ പ്രജ്ഞാ സിംഗ് ഠാക്കൂറാകട്ടെ മോഡിയേക്കാൾ കടുത്ത ഹിന്ദുത്വ വാദിയായാണ് അറിയപ്പെടുന്നത്. ഗുരുതരമായ ബോംബ് സ്‌ഫോടന കേസിൽ ജയിലിലടക്കപ്പെട്ടിരുന്ന പ്രജ്ഞാ സിംഗിനെ ഭോപാലിൽ മത്സരിപ്പിക്കാനുള്ള ബി.ജെ.പി തീരുമാനം രാഷ്ട്രീയ കേന്ദ്രങ്ങളെയാകെ ഞെട്ടിച്ച സംഭവമാണ്. ഈ തീരുമാനം കടുത്തതായി പോയി എന്ന അഭിപ്രായം ബി.ജെ.പി അനുകൂലികൾക്കിടയിൽ പോലും ഉയർന്നു എന്നതും ഒരു യാഥാർഥ്യമാണ്. സ്ഥാനാർഥിയായ ഉടനെ തന്നെ ബി.ജെ.പിയെ പ്രതിരോധത്തിലാക്കുന്ന അഭിപ്രായപ്രകടനമാണ് പ്രജ്ഞാ സിംഗ് നടത്തിയിരുന്നത്.
മുംബൈ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട ഐ.പി.എസ് ഉദ്യോഗസ്ഥൻ ഹേമന്ത് കർക്കര കൊല്ലപ്പെട്ടത് താൻ ശപിച്ചത് കൊണ്ടായിരുന്നു എന്നായിരുന്നു ആ വാക്കുകൾ. തനിക്കെതിരെ കർക്കറെ വ്യാജ തെളിവുകൾ ഉണ്ടാക്കി കുടുക്കുകയായിരുന്നുവെന്നും രണ്ട് മാസത്തിനുള്ളിൽ തീവ്രവാദികൾ ഹേമന്ദ് കർക്കറെയെ കൊല്ലുമെന്ന് ശപിച്ചിരുന്നുവെന്നുമാണ് പ്രജ്ഞാ സിംഗ് വാർത്താ സമ്മേളനത്തിൽ പൊട്ടിത്തെറിച്ചത്.
പാക്ക് ഭീകരരുടെ വെടിയേറ്റ് മരിച്ച പൊലിസ് ഓഫീസറുടെ ധീര രക്തസാക്ഷിത്വത്തെ അപമാനിച്ചതിനെതിരെ വ്യാപക പ്രതിഷേധമാണ് രാജ്യവ്യാപകമായി ഉയർന്നത്. മഹാരാഷ്ട്രയിലെ ബി.ജെ.പി നേതാക്കളും പ്രസ്താവനയിൽ തങ്ങൾക്കുള്ള എതിർപ്പ് ദേശീയ നേതൃത്വത്തെ അറിയിക്കുകയുണ്ടായി. ജനവികാരം എതിരാകുമെന്ന ഭയം ബി.ജെ.പി ദേശീയ നേതൃത്വത്തിലും ശക്തമായിരുന്നു.ഇതേ തുടർന്നാണ് ഒടുവിൽ ഗത്യന്തരമില്ലാതെ പറഞ്ഞ വാക്കുകൾ തന്നെ പ്രജ്ഞാ സിംഗിന്  പിൻവലിക്കേണ്ടി വന്നത്. എന്നാൽ ഈ തിരിച്ചടിയും പ്രതിഷേധവും ഒന്നും വിഷം തുപ്പുന്ന തന്റെ നാവുകളെ ബാധിക്കില്ലെന്ന് വ്യക്തമാക്കുന്നതാണ് പ്രജ്ഞാ സിംഗിന്റെ പുതിയ പ്രതികരണം.
ബാബറി മസ്ജിദ് പൊളിച്ചതിൽ താൻ അഭിമാനിക്കുന്നുവെന്നാണ് ഇപ്പോൾ അവർ അവകാശപ്പെടുന്നത്. മസ്ജിദ് പൊളിച്ചതിലൂടെ രാജ്യത്തെ കളങ്കമാണ് തുടച്ച് നീക്കിയതെന്നും അവിടെ തന്നെ രാമക്ഷേത്രം നിർമ്മിക്കുമെന്നും ഈ കാവി രാഷ്ട്രിയക്കാരി കലി തുള്ളുന്നു. 
രാജ്യത്തിന്റെ മതേതര മനസ്സുകളെ ഭയപ്പെടുത്തുന്ന നീക്കമാണിത്. ഈ കൊടും തീവ്രവാദിയെ മുഖ്യധാരയിലേക്ക് കൊണ്ടുവരിക വഴി ആർ.എസ്.എസും ബി.ജെ.പിയും ലക്ഷ്യമിടുന്നതും കാവി രാഷ്ട്രീയമാണ്. മോഡിയുടെ പിൻഗാമി ആര് എന്ന ചോദ്യത്തിന് യോഗി ആദിത്യനാഥല്ല പ്രജ്ഞാ സിംഗ് ഠാക്കൂറാണ് എന്ന സന്ദേശം കൂടി ഇതുവഴി സംഘ പരിവാർ നൽകുന്നുണ്ട്. പ്രതിപക്ഷ ചേരി ശക്തമായതോടെ തീവ്രഹിന്ദുത്വ നിലപാടിലേക്ക് മടങ്ങിപ്പോകാതെ കരകയറാൻ കഴിയില്ലെന്ന തിരിച്ചറിവാണ് ഈ അപകടകരമായ നീക്കത്തിന് പിന്നിൽ. വികസനവും രാഷ്ട്രീയവുമല്ല മനുഷ്യന്റെ വികാരങ്ങളെയും വിശ്വാസങ്ങളെയും വോട്ടാക്കി മാറ്റുക എന്നതാണ് ബി.ജെ.പി തന്ത്രം.ഏറ്റവും കൂടുതൽ എം.പിമാരെ തിരഞ്ഞെടുക്കുന്ന യു.പിയിലും, മധ്യപ്രദേശ്, രാജസ്ഥാൻ, മഹാരാഷ്ട്ര, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിലും കടുത്ത വെല്ലുവിളിയാണ് ബി.ജെ.പി ഇപ്പോൾ നേരിടുന്നത്. തീവ്ര ഹിന്ദുത്വത്തിലൂന്നിയ പ്രചാരണം നടത്തി ഈ സംസ്ഥാനങ്ങളിൽ നേട്ടം കൊയ്യാനാണ് കാവിപ്പടയുടെ ശ്രമം. മധ്യപ്രദേശ്, രാജസ്ഥാൻ സംസ്ഥാനങ്ങളിൽ ഭരണം പോയതും എസ്.പി, ബി.എസ്.പി സഖ്യം യു.പിയിൽ പിടിമുറുക്കിയതുമാണ് പ്രജ്ഞാ സിംഗിനെ രംഗത്തിറക്കാൻ ബിജെപിയെ പ്രേരിപ്പിച്ചത്. ആർ.എസ്.എസ് നിർദ്ദേശത്തെ തുടർന്നായിരുന്നു ഇത്.
മോഡിക്ക് രണ്ടാം ഊഴം ലഭിച്ചില്ലെങ്കിൽ അത് വലിയ തിരിച്ചടിയുണ്ടാക്കുമെന്ന് സംഘപരിവാർ നേതൃത്വം ഭയക്കുന്നുണ്ട്. മോഡി സർക്കാർ നടപ്പാക്കിയ പല പദ്ധതികളിലും റഫേൽ ഇടപാടിലും ഉന്നത അന്വേഷണം വരാനുള്ള സാധ്യതയും ഏറെയാണ്. ബി.ജെ.പി, ആർ.എസ്.എസ് നേതാക്കൾ ആരോപണ വിധേയരായ കേസുകളിൽ സി.ബി.ഐ അന്വേഷണത്തിനും സാധ്യതയുണ്ട്.ഗുജറാത്തിലെ വ്യാജ ഏറ്റുമുട്ടൽ കേസ് നല്ലതു പോലെ ഓർമ്മയുള്ള നരേന്ദ്ര മോഡിയും അമിത് ഷായും ഏത് വിധേയനയും ഭരണ തുടർച്ച ഉറപ്പാക്കാനുള്ള തീവ്ര ശ്രമം നടത്തുന്നതും ഈ പശ്ചാത്തലത്തിലാണ്. രാമക്ഷേത്രം വീണ്ടും മോഡി സർക്കാർ അധികാരത്തിൽ വന്നാൽ നിർമിക്കുമെന്ന് ഇതിനകം തന്നെ സംഘപരിവാർ പ്രഖ്യാപിച്ചു കഴിഞ്ഞു. യാദവ വോട്ട് ബാങ്കുകൾ തകർക്കാൻ തീവ്ര ഹിന്ദുത്വ പ്രചരണവും സാമുദായിക ഏകീകരണവും ലക്ഷ്യമിട്ടാണ് ഉത്തരേന്ത്യൻ മണ്ണ് കാവിപ്പട ഉഴുത് മറിക്കുന്നത്.
പ്രജ്ഞാ സിംഗിനെ പോലുള്ളവരുടെ വിഷം ചീറ്റുന്ന പ്രസംഗങ്ങളാണ് ഇവിടങ്ങളിലെ വളം. യോഗി ആദിത്യനാഥും ഇക്കാര്യം ഭംഗിയായി യുപിയിലും മറ്റും നിർവ്വഹിക്കുന്നുണ്ട്. ദക്ഷിണേന്ത്യയിലെ തെരഞ്ഞെടുപ്പ് പൂർത്തിയാകുന്നതോടെ കൂടുതൽ ശക്തമായ ഹിന്ദുത്വ പ്രചരണം നടത്താനാണ് സംഘപരിവാർ സംഘടനകളുടെ തീരുമാനം. ഒറ്റക്ക് ഭൂരിപക്ഷം കിട്ടിയില്ലെങ്കിൽ പ്രാദേശിക പാർട്ടികളെ പിളർത്തിയാണെങ്കിലും ഭരണം ഉറപ്പിക്കുക എന്നതും ബി.ജെ.പി നേതൃത്വത്തിന്റെ തന്ത്രമാണ്.അത്യന്തം അപകടകരമായ തീവ്രഹിന്ദുത്വ നിലപാടിലേക്ക് വീണ്ടും ബി.ജെ.പി പോകുന്നതിന്റെ സൂചനകുടിയാണിത്. വിഷവാതകം ശ്വസിച്ച് നിരവധി പേർ മരണമടഞ്ഞ ഭോപാലിൽ നിന്നുമാണ് വീണ്ടും പ്രജ്ഞാ സിംഗിലൂടെ 'വിഷവാതകം' വമിക്കുന്നത്. ഇത് രാജ്യവ്യാപകമായി പടർത്തി കലാപത്തിന് തിരികൊളുത്തിക്കാനുള്ള നീക്കമാണെന്നും വിലയിരുത്തപ്പെടുന്നുണ്ട്.  
 

Latest News